Breaking News

ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു ; സമരം തുടര്‍ന്നാല്‍ ഓണവിപണി സാധാരണക്കാരന്റെ കൈ പൊള്ളിക്കും

സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിത കാല സമരം ആരംഭിച്ചു. ഇന്ധന വില വര്‍ധനവ്, അശാസ്ത്രീയ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തും ഇന്നു മുതല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നത്.

ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിജന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്താകെ 80 ലക്ഷത്തോളം ലോറികള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കും. മൂന്ന് ലക്ഷത്തോളം ലോറികള്‍ സംസ്ഥാനത്തും പണി മുടക്കും.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരും. ചരക്ക് ഗതാഗതം സ്തംഭിക്കുന്നത് വിലക്കയറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഓണക്കാലം മുന്നിലെത്തി നില്‍ക്കുന്നതിനാല്‍ പൂഴ്ത്തിവയ്പ്പിനും അതുവഴിയുള്ള പകല്‍ക്കൊള്ളയ്ക്കും കാരണമാകും.

ഇതുവരേയും ലോറി ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top