Kerala

കനത്ത മഴയ്ക്ക് താല്‍കാലിക ശമനം; മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്കു താല്‍കാലിക ശമനമായെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

തൃശൂര്‍ വണ്ടൂരില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍, മകന്‍ ബാബു എന്നിവരാണ് മരിച്ചത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രിത അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top