Uncategorized

വര ജീവിതം !

അങ്ങിങ്ങായി അടുക്കി വച്ചിരിക്കുന്ന ക്യാന്‍വാസുകള്‍.,
മുറിയിലാകെ വരച്ചുപൂര്‍ത്തിയാക്കിയതും അല്ലാത്തതുമായി നിരവധി ചിത്രങ്ങള്‍.,
നിലത്തുവിരിച്ചൊരു ഷീറ്റില്‍ പലവിധ ചായങ്ങളും ബ്രഷുകളും പേപ്പറുകളും അലസമായി നിരത്തിയിരിക്കുന്നു….
വരകളുടേയും നിറങ്ങളുടേയും ആ ലോകത്തിലേക്കാണ് രാവിലെ മുതല്‍ തോര്‍ച്ചകളില്ലാതെ പെയ്യുന്ന മഴയില്‍ നിന്നും ഞങ്ങള്‍ നേരെ കയറിച്ചെല്ലുന്നത്…

രണ്ടു തവണ അക്കാദമി അവാര്‍ഡ് ജേതാവ് , സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും നടത്തിയ നിരവധി ചിത്ര രചനാ ക്യാമ്പുകളിലെ സജീവ സാന്നിധ്യം, പ്രശസ്തിയോ പണമോ ഗൗനിക്കാതെ തന്റെ കര്‍മത്തില്‍ മാത്രം വിശ്വസിക്കുന്ന, അതില്‍ മാത്രം ജീവിക്കുന്ന പച്ചയായ കലാകാരന്‍, പിവി നന്ദനെന്ന ചിത്രകാരന്റെ പണിപ്പുരയും കുടുംബവുമാണത്. എറണാകുളം ജില്ലയിലെ കാരയ്ക്കാമുറി മുല്ലശ്ശേരിക്കനാല്‍ റോഡിലെ വീട്ടിലിരുന്ന് പുറത്തെ മഴയ്‌ക്കൊപ്പം ഉള്ളില്‍ പെയ്യുന്ന നിറമുള്ള ഓര്‍മകള്‍ ചാലിച്ച് നന്ദന്‍ കേരള വിഷന്‍ ഓണ്‍ലൈനോട് മനസ്സു തുറക്കുന്നു.

 

നന്ദന്‍

വരയിലേക്ക് ?

അച്ഛന്‍ കാര്‍പ്പെന്ററായിരുന്നു. വീട്ടില്‍ ലെയ്‌ത്തൊക്കെ ഉണ്ടായിരുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍ പിന്നെ അച്ഛനോടൊപ്പം കൂടിയും അച്ഛന്‍ ചെയ്യുന്ന വര്‍ക്കുകള്‍ കണ്ടുശീലിച്ചും പതിയെ എന്റെയുള്ളിലും വര സ്ഥാനം പിടിക്കുകയായിരുന്നു.

ചിത്രകലയിലെ ഔപചാരിക വിദ്യാഭ്യാസം ?

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം എംആര്‍ഡി ദത്തന്‍ മാഷിന്റെ കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകലാ പഠനം. ഞാനും എന്റെ സുഹൃത്തും ഒന്നിച്ചാണ് ചിത്രം വര പഠിക്കാന്‍ അവിടെ ചേരുന്നത്. ശാന്തി നികേതന്റെ തുടര്‍ച്ചയാണ് അവിടുത്തെ പഠന രീതിയും സമ്പ്രദായങ്ങളുമെല്ലാം. അതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റിനും മീതെ നില്‍ക്കുന്ന കഴിവുറ്റ കലാകാരായിരുന്നു അന്ന് അവിടുത്തെ വിദ്യാര്‍ഥികളും. എന്ത് വര്‍ക്കും മികവോടെ ചെയ്തു തീര്‍ക്കാന്‍ സാധിക്കുന്നവര്‍.

അധ്യാപന ജീവിതത്തെപ്പറ്റി ?

എന്നെ പഠിപ്പിച്ച വെങ്കിട്ട രാമന്‍ സാര്‍ വൈഎംസിഎയില്‍ പുതിയ ആര്‍ട്‌സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ എന്നെ അവിടുത്തെ ട്യൂട്ടറായി നിയമിച്ചു. 1985ലാണത്. പിന്നീട് അങ്ങോട്ട് ജീവിതം മുഴുവന്‍ ചിത്രകലയും വരയും മാത്രമായിരുന്നു. എട്ടു വര്‍ഷത്തോളം അവിടെയായിരുന്നു. പിന്നീട് ഞാന്‍ എന്റെ വീട്ടിലേക്ക് ചിത്ര രചനാ ക്ലാസുകള്‍ മാറ്റി. 12 വര്‍ഷത്തോളം ചിത്രകലാധ്യാപകനായി.

കുടുംബം ?

ഭാര്യ ആശ. എന്റെ ശിഷ്യയായിരുന്നു. വര പഠിക്കാനെത്തിയവള്‍ പിന്നീട് ഭാര്യയായി. ( ഇത് കേട്ടപ്പോള്‍ ചിരിയടക്കാനാകാതെ ഒരാള്‍ ഞങ്ങളുടെ അടുത്തിരിപ്പുണ്ടായിരുന്നു, നന്ദന്റെയും ആശയുടേയും മകള്‍, പ്ലസ് ടുക്കാരിയായ ഹരിത. ഹരിതയുടെ ചിരി കണ്ടപ്പോള്‍ നന്ദന്റെ മുഖത്തും ചിരി പടര്‍ന്നു. )

ഭാര്യയും മകളും വരയ്ക്കുമോ ?

ആശ വരയക്കും. കേരള സാഹിത്യ അക്കാദമിയുടെ ഹൈലി കമാന്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആളാണ് ആശ. ഞങ്ങളൊന്നിച്ച് എക്‌സിബിഷനുകളൊക്കെ നടത്തിയിട്ടുണ്ട്. ഇവള്‍ക്ക് ( അടുത്തിരുന്ന ഹരിതയെച്ചൂണ്ടി ) ഇത്തിരി മടി അധികമാണ്. വരയൊക്കെ കുറവാണ്.

നന്ദന്‍ ഭാര്യ ആശയോടും മകളോടുമൊപ്പം

അവാര്‍ഡുകള്‍ ?

രണ്ട് തവണ കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. 2007ലും 2016ലും.

വരകളില്‍ കൂടുതലും മൃഗങ്ങളാണല്ലോ ?

അതെനിക്ക് ഇഷ്ടമാണ്. വീടിനടുത്തായാലും ധാരാളം പശുക്കളേയും എരുമകളേയും കോഴികളേയുമൊക്കെ കാണാം. അവയുടെ സൂക്ഷ്മ നിരൂക്ഷണങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. പിന്നെ ഒരുപാട് വൈല്‍ഡ് ലൈഫ് / ഫോറസ്റ്റ് ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2007ല്‍ അവാര്‍ഡ് ലഭിക്കുന്നത് പുല്ലുകളെ വരച്ചിരിക്കുന്ന ചിത്രത്തിനാണ്. കേരളത്തില്‍ കാണുന്ന പുല്ലുകള്‍ തന്നെ. ആ ചെറിയ പുല്ലുകളെ വലിയൊരു ഫ്രെയിമിലേക്ക് പകര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. അത് വേറൊരു ഫീലാണ്. അതുപോലെ 2016ലെ അവാര്‍ഡ് ലഭിക്കുന്ന ലപേര്‍ഡ് എന്ന ചിത്രത്തിനാണ്. തിരുവന്തപുരം മൃഗശാലയുടെ മതിലില്‍ കുറെ ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അത്രയും സൂക്ഷ്മതയോടെയാണ് ഞാന്‍ ഓരോന്നിനേയും ശ്രദ്ധിക്കുകയും പിന്നീട് ക്യാന്‍വാസിലേക്ക് പകര്‍ത്തുകയും ചെയ്തിട്ടുള്ളത്.

കല ഒരു ജീവനോപാധി എന്ന നിലയില്‍ ?

വരച്ച ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ച് ജീവിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വലിയൊരു വരുമാനമായി അത് മാറിയിട്ടില്ല. എനിക്ക് തോന്നുന്നത് അത് വലിയൊരു തോട്ട് പ്രൊസസ് ആണെന്നാണ്. ചിത്രകാരന് അത് അറിയണം എന്നില്ല. ഗാലറിക്ക് സാധിക്കും. അതിനുള്ള ശ്രമത്തിലാണ് ഞാന്‍.

എസ്എന്‍ഡിപിയുടെ യോഗനാദം മാഗസിനിലെ ഇല്യുസ്‌ട്രേഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നത് ഞാനാണ്. അതാണ് എന്റെ വരുമാനം. പിന്നെ ആശയ്ക്ക് സ്റ്റേബിള്‍ ആയൊരു ജോലിയുള്ളത് കൊണ്ടാണ് എനിക്ക് മറ്റൊന്നും ആലോചിക്കാതെ വരയ്ക്കാന്‍ സാധിക്കുന്നത്. സ്‌കൂള്‍ ടീച്ചറാണ് ആശ .

പോര്‍ട്രെയിറ്റ്‌സ് ധാരാളം ചെയ്യുമായിരുന്നു. കമ്പ്യൂട്ടറുകളുടെ വരവിനൊക്കെ മുമ്പ് . നല്ലൊരു തുകയും ലഭിക്കും. ആ വരച്ചത് കാലാകാലം നില്‍ക്കും. നാശമാകുകയുമില്ല. അടുത്ത തലമുറയ്ക്ക് അത് കാണാന്‍ സാധിക്കും. പക്ഷെ കമ്പ്യൂട്ടറിന്റെ വരവോടെ അതൊക്കെ നിന്നുപോയി. അത്ര മികച്ച പ്രിന്റിംഗ് ടെക്‌നോളജിയാണ് ഇന്നുള്ളത്. ഇപ്പോ ഒരാള്‍ക്ക് അയാളുടേയോ അയാള്‍ക്കിഷ്ടപ്പെട്ട വലിപ്പത്തില്‍, ചെറിയ വിലയില്‍ തുകയില്‍ ലഭിക്കും. ഒറിജിനല്‍ വര്‍ക്കുകള്‍ തന്നെ വേണം എന്ന നിര്‍ബന്ധം ആര്‍ക്കമില്ല. അതൊക്കെ ചിത്രകാരന്മാരുടെ മാര്‍ക്കറ്റ് കുറച്ചിട്ടുണ്ട്.  പിന്നെ ബിനാലെ പോലുള്ളവയൊക്കെ വന്നതോടുകൂടി ആളുകളുടെ കാഴ്ചപ്പാടൊക്കെ മാറിയിട്ടുണ്ട്. കലയെപ്പറ്റിയും ചിത്രങ്ങളെപ്പറ്റിയും പല അറിവുകളും നല്‍കാന്‍ ബിനാലെ കാരണമായിട്ടുണ്ട്.

രചനാ ശൈലിയെപ്പറ്റി ?

വരയ്ക്കുന്ന ചിത്രങ്ങളില്‍ എല്ലാത്തിന്റേയും കുറച്ചധികം ഡീറ്റിയലിലേക്ക് പോകണം എന്നാഗ്രഹിക്കുന്ന ആളാണ്. ഓരോ വരയുടേയും അകത്തേക്ക് കടക്കാനാണ് എനിക്കിഷ്ടം. സത്ത ചോരാതെ അപ്പഴേ കടലാസിലേക്ക് പകര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ഇഷ്ടപ്പെട്ട മാധ്യമം ?

എല്ലാ മാധ്യമങ്ങളും ഇഷ്ടമാണ്. എങ്കിലും പെയിന്റിംഗുകളേക്കാള്‍ സ്‌കെച്ചുകളാണ് കൂടുതല്‍ ചെയ്യാറ് അതുകൊണ്ടാവും ചാര്‍ക്കോളാണ് കൂടുതല്‍ ഇഷ്ടം. ചാര്‍ക്കോളില്‍ നിന്നുണ്ടാകുന്ന ചില സ്‌ട്രോക്കുകള്‍ , ടോണുകള്‍ അതൊക്കെ നമുക്ക് ഭയങ്കര ഇന്‍സിപിരേഷന്‍ തരും. ഉപയോഗിക്കുന്ന സര്‍ഫസിന്റെ സ്വഭാവമനുസരിച്ച് കിട്ടുന്ന ടെക്‌സ്ചറും വ്യത്യസ്തമായിരിക്കും. അത് വലിയൊരു അനുഭവമാണ്. അതൊക്കെ പെയിന്റിംഗില്‍ അപ്ലൈ ചെയ്യാനും സാധിക്കും. ചാര്‍ക്കോളില്‍ പ്രാക്ടീസ് ചെയ്താല്‍ പെയിന്റിംഗ് ചെയ്യാന്‍ വലിയ എളുപ്പമാണ്.

സ്വാധീനിച്ച ചിത്രകാരന്മാര്‍ ?

എല്ലാവരേയും നിരീക്ഷിക്കാറുണ്ട്. പക്ഷേ ആരെയും പകര്‍ത്താറില്ല. എല്ലാ വരകളില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ഉണ്ടാകും. നോര്‍മെന്‍ റോക്ക്‌മെന്‍ എന്ന ചിത്രകാരനെ ഏറെ ഇഷ്ടമാണ്.
അദ്ദേഹത്തിന്റെ വരകളിലെ സൂക്ഷ്മത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

താങ്കളെ തന്നെയും മകളേയും ഒക്കെ മോഡലുകളാക്കിയുള്ള ചിത്രങ്ങള്‍ കണ്ടിരുന്നു. അത്തരമൊരു പരീക്ഷണത്തെപ്പറ്റി ?

അത്തരമൊരു പരീക്ഷണത്തിന് കാരണമാകുന്നത് മൈക്കലാഞ്ചലോയാണ്. അതൊരു കൗതുകത്തിന്റെ പുറത്ത് ചെയ്തു തുടങ്ങിയതാണ്. പോസ്‌ചേര്‍സും ഗസ്‌റ്റേര്‍സുമൊക്കെ മൈക്കലാഞ്ചലോയുടെ പക്ഷേ അനാട്ടമിയൊക്കെ എന്റെ. അത്തരത്തില്‍. ആ സീരീസ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുകയാണ്.

മൈക്കലാഞ്ചലോയുടെ ഡേവിഡ് നന്ദന്റെ ഭാവനയില്‍

പുതിയ വര്‍ക്കുകള്‍ ?

ഭാഷാ പോഷിണിയില്‍ ഒരു ഗ്രാഫിക് നോവല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്. തര്യന്‍ കോശിയാണ് അതിന്റെ സ്‌ക്രിപ്റ്റ്. വര്‍ക്ക് എന്റേതും. 94ല്‍ ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഢശ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഡിസി ബുക്‌സ് അത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. എട്ടുകാലി മമ്മൂഞ്ഞും ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്.

ശ്രീ നാരായണ ഗുരുവിന്റെ ചിത്രങ്ങളുടെ സീരീസ് ചെയ്യുന്നതിനെപ്പറ്റി ?

ഞാന്‍ 20 വര്‍ഷമായി യോഗനാദം മാഗസിനിനുവേണ്ടി ജോലി ചെയ്യുന്നു. ഗുരുവിനെ സ്പര്‍ശിക്കുന്ന കഥയോ കവിതയോ അങ്ങനെ എന്തെങ്കിലും ഓരോ ലക്കത്തിലും ഉണ്ടാകും. അങ്ങനെ രണ്ട് പതിറ്റാണ്ടായി ഗുരുവിനെ വരയ്ക്കുന്നു.

അദ്ദേഹത്തിന്റെ ഐഡിയോളജിയും പ്രകൃതിയോടും മൃഗങ്ങളോടുമുള്ള സ്‌നേഹവും ഒക്കെ കാണിക്കുന്ന ഒരു സീരീസ് എന്ന ആശയം അങ്ങനെ ഉടലെടുക്കുന്നതാണ്. അതിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം സോളോ എക്‌സിബിന്‍ നടത്തും. നമ്മള്‍ കണ്ടുപരിചയിച്ച ഗുരുവിന്റെ മുഖമല്ല ഞാന്‍ വരയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. അത് വ്യത്യസ്തമായിരിക്കും.

വിദേശത്തേക്കും നന്ദന്റെ വരകള്‍ കടലുകടന്നെത്തിയിട്ടുണ്ട്. ഫിന്‍ലാന്‍ഡില്‍ നിന്നെത്തെത്തിയ എഴുത്തുകാരി ഇന്ത്യയെപ്പറ്റിയുള്ള അവരുടെ പുസ്തകത്തില്‍ ഇല്യുസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത് നന്ദനാണ്.
ഓരോ ചിത്രത്തിലും ചാര്‍ത്തുന്ന നന്ദന്റെ സിഗ്നേച്ചറിനുമുണ്ട് പ്രത്യേകത. ചൈനീസ് ലിപിയിലുള്ള നന്ദന്റെ പേരാണ് ഒപ്പ്. ചൈനീസ് ലിപിയിലുള്ള നന്ദന്റെ പേരാണ് ഒപ്പ്.

പണവും പ്രശസ്തിയും കൊതിക്കാതെ ജീവിതത്തിലും സ്വപ്‌നങ്ങളിലും വരയും നിറങ്ങളും മാത്രം നിറച്ചുവച്ചിരിക്കുന്ന  നന്ദന്റെ നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളും അത് മാത്രമാണ്. ചിത്രകലയിലെ പുതിയ പാഠങ്ങള്‍ ഇനിയും പഠിക്കണം. പരീക്ഷിക്കണം. ഏറെ വരയ്ക്കണം…. അത്രമാത്രം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top