Kerala

റോയല്‍റ്റി ; ഗാനമേളക്കാര്‍ പാട്ടുനിര്‍ത്തി പട്ടിണിയിലാവും

അരങ്ങില്‍ ഗാനമേളകള്‍ അവതരിപ്പിച്ച് ഉപജീവിനം കഴിക്കുന്ന പതിനായിരക്കണക്കിന് ഗായകര്‍, ഓര്‍ക്കസ്ട്രക്കാര്‍ ഇവന്റ് മാനേജിംഗ് പ്രവര്‍ത്തകര്‍ എന്നിവരെ പട്ടിണിയിലേക്ക് നയിക്കുന്ന ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് റൈറ്റ്‌ സൊസൈറ്റിയുടെ റോയല്‍റ്റി നടപ്പാക്കുന്ന തീരുമാനത്തില്‍ വന്‍ പ്രതിഷേധം.

ഗാനമേളയില്‍ അവതരിപ്പിക്കുന്ന പാട്ടുകളുടെ സ്രഷ്ടാക്കള്‍ക്ക് റോയല്‍റ്റി നല്‍കണമെന്ന നിയമം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് റൈറ്റ്‌ സൊസൈറ്റി നടപടികള്‍ കര്‍ക്കശമാക്കിയിരുന്നില്ല.

ഐപിആര്‍എസ് നിലപാട് ഇപ്പോള്‍ കടുപ്പിക്കുകയും റോയല്‍റ്റിയായി 35000 ആവശ്യപ്പെട്ടുകൊണ്ട് തൃശൂര്‍ റീജണല്‍ തിയേറ്ററില്‍ നടന്ന രവീന്ദ്ര സംഗീത പരിപാടിയുടെ അണിയറക്കാര്‍ക്ക് കത്തയക്കുകയും ചെയ്തു. പിന്നീട് 17000 രൂപയായി കുറച്ചുവെങ്കിലും ഗാനമേള സംഘങ്ങളും ഗായകരും കടുത്ത ആശങ്കയിലാണ്.

ആളുകളുടെ എണ്ണത്തിന് അനുപാതികമായി റോയല്‍റ്റി തുക പരിപാടി തുടങ്ങുന്നതിന് മുമ്പ് നല്‍കണമെന്നാണ് വ്യവസ്ഥ. സംഗീത സംവിധായകര്‍ , രചയിതാക്കള്‍, പ്രസാധകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് റൈറ്റ്‌ സൊസൈറ്റി.

റോയല്‍റ്റി വാങ്ങാന്‍ നിയമപരമായ അംഗീകാരമുള്ളതിനാല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഗാനമേളകള്‍ സംഘടിപ്പിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടതായി വരും. റോയല്‍റ്റി തുക കൂടി അധികമായി വരുന്നതിനാല്‍ ഇടത്തരം, ചെറുകിട ഗാനമേളക്കാരുടെ വയറ്റത്തടിക്കും.

ഇങ്ങനെ വരുന്നതോടെ ഗാനമേളയുടെ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്ന വഴി സംഘാടകര്‍ ഗാനമേളകള്‍ പാടെ ഒഴിവാക്കും. ഗാനമേളയിലൂടെ ഉപജീവനം കഴിക്കുന്ന ചെറുകിട ഗായകര്‍, ഓസ്‌ക്കസ്ട്രക്കാര്‍, സൗണ്ട് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ വഴിയാധാരമാകും.

സംഗീത രംഗത്തെ സ്‌നേഹിക്കുന്നതും അതിലൂടെ ജീവനോപാധി തേടുന്ന എല്ലാവരുമായി ചേര്‍ന്ന് ജൂലൈ 2ന് കോഴിക്കോട് മ്യൂസിക് ആര്‍ടിസ്റ്റ് അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചു കഴിഞ്ഞു. യേശുദാസ്, ജയചന്ദ്രന്‍, റിമി ടോമി, ടെലിവിഷന്‍ ഷോ അവതാരകര്‍ , സിനിമാ താരസംഘടനകള്‍, ടെലിവിഷന്‍ ചാനലുകാര്‍ എന്നിവര്‍ സംഘടിപ്പിക്കുന്ന വന്‍ തുകയ്ക്കുള്ള ഗാനമേളകള്‍ക്ക് എണ്ണം പറഞ്ഞ് റോയല്‍റ്റി വാങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഇടത്തരം , ചെറുകിട ഗാനമേളക്കാര്‍ക്ക് വന്‍തോതില്‍ റോയല്‍റ്റി ചുമത്തിയാല്‍ ഈ മേഖലയിലുള്ള പതിനായിരക്കണക്കിന് കലാകാരന്മാര്‍ മറ്റ് വഴിയില്ലാതെ വഴിയാധാരമാകും.

ഇങ്ങനെയൊരു റോയല്‍റ്റി അടിച്ചേല്‍പ്പിച്ചാല്‍ കാലാകാരന്മാര്‍ എങ്ങനെ ഉപജീവനം കഴിക്കും. സിനിമാ പാട്ടു പാടാതെ വെറും നാടന്‍ പാട്ടു മാത്രം പാടി ഗാനമേള വിജയിക്കാനാകുമോ ? റോയല്‍റ്റി കര്‍ക്കശമാക്കിയാല്‍ ഗായകരും ഓര്‍ക്കസ്ട്രക്കാരും പട്ടിണിയിലാകും. ഇത് നീതികേടാണ്. വലിയ ഗായകരായ യോശുദാസ് , ജയചന്ദ്രന്‍ എന്നിവരുടെ ഗാനമേളയ്ക്ക് റോയല്‍റ്റി വാങ്ങിക്കട്ടേ. പാവപ്പെട്ട ഗായകരെ വെറുതേ വിടണം – കേരളത്തിലെ പ്രമുഖ പിന്നണി ഗായകന്‍ തോപ്പില്‍ ആന്റോ കേരള വിഷന്‍ ഓണ്‍ലൈനോട് ആശങ്കയോടെ പ്രതികരിച്ചു.

ആയിരക്കണക്കിന് സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ ആരാധനാപാത്രമായി വര്‍ഷങ്ങളോളം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തോപ്പില്‍ ആന്റോയെപ്പോലെയുള്ള ഗായകര്‍ ഗാനമേള സദസ്സുകളുടെ നിറ സാന്നിധ്യമാണ്. ഇത്തരം ഗായകരേയും ഓര്‍ക്കസ്ട്രക്കാരേയുമാണ് റോയല്‍റ്റി കര്‍ക്കശമാക്കുന്നതോടെ ഈ രംഗത്ത് നിന്നും പാടെ തുടച്ച് നീക്കുന്നത്.

പ്രമുഖ ഗായകരുടേയും ഗാനരചയിതാക്കളുടേയും സംഗീത സംവിധായകരുടേയും പാട്ടുകള്‍ പ്രചാരം നല്‍കുന്നത് ഇത്തരം ഗായക സംഘങ്ങളാണ്. ഇവര്‍ ആവേശപൂര്‍വം സ്റ്റേജില്‍ അവതരിപ്പിക്കുന്ന പാട്ടുകള്‍ ശ്രോതാക്കള്‍ പിന്നീട് മനസ്സിലേറ്റും. ഒരു രാത്രികൊണ്ട് റോയല്‍റ്റി ഏര്‍പ്പെടുത്തി ഗായകരേയും ഓര്‍ക്കസ്ട്രക്കാരേയും പാടേ ഒഴിവാക്കുന്നത് എങ്ങനെ നീതീകരിക്കാനാകും. – പ്രമുഖ ഗായകനായ സി.കെ സാദ്ദിഖ് തെല്ല് നിരാശയോടെ പറഞ്ഞു.

കേരളത്തില്‍ ആയിരക്കണക്കിന് ഗാനമേള ട്രൂപ്പുകളുണ്ട്. ഇവര്‍ അമ്പലപ്പറമ്പിലും പള്ളിപ്പെരുന്നാളിനും ചെറിയ തുക കൈപ്പറ്റിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇത്തരം സംഘങ്ങളോട് റോയല്‍റ്റി ചുമത്തിയാല്‍ ഭാവിയില്‍ ഗാനേളകള്‍ ഇല്ലാതാകും. ഗാനമേളകള്‍ക്ക് മാത്രം റോയല്‍റ്റി ഏര്‍പ്പെടുത്തുമ്പോള്‍ ഇതിലും ചെലവ് കുറഞ്ഞ പരിപാടികള്‍ കണ്ടെത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും – പ്രോഗ്രാം ബുക്കിംഗ് ഏജന്‍സി നടത്തുന്ന കോഴിക്കോട്ടെ അനില്‍ രാജ് പറഞ്ഞു.

ഇതിനെതിരെ ശക്തമായി സംഘടിക്കണം. ചെറുത്ത് നിന്നില്ലെങ്കില്‍ നാളെ ഗാനമേള സംഘങ്ങള്‍ ഇല്ലാതാകും. ഗാനമേളകളില്‍ സജീവ സാന്നിധ്യമായ കോഴിക്കോട് സലാം വിശദീകരിച്ചു.

പാട്ട് പാടി കാശ് വാങ്ങിക്കഴിഞ്ഞാല്‍ തനിക്ക് പാട്ടിന്മേല്‍ യാതൊരു അവകാശവുമില്ലെന്ന് പണ്ട് ഗായകനായ മുഹമ്മദ് റാഫി തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം അനശ്വര ഗാനങ്ങള്‍ സാധാരണ ഗായകര്‍ സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍ എന്ത് തെറ്റാണ് അവര്‍ ചെയ്യുന്നത്. ഇത്തരം കലാകാരന്മാരെ തടഞ്ഞാല്‍ അവര്‍ എങ്ങനെ ജീവിക്കും ? റോയല്‍റ്റി വാങ്ങുന്നത് ക്രൂരതയാണെന്നാണ് പ്രമുഖ ഗായകനും ഗാനമേള കണ്ടക്ടറുമായ പ്രേം സാഗര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഉത്തരേന്ത്യയിലെ വന്‍കിട ഗാനമേള ട്രൂപ്പുകള്‍ക്ക് റോയല്‍റ്റി വാങ്ങി ശീലിച്ച ഇന്ത്യന്‍ പെര്‍ഫോര്‍മിംഗ് റൈറ്റ്‌ സൊസൈറ്റി കേരളത്തില്‍ നിയമം കര്‍ക്കശമാക്കിയാല്‍ ചെറുകിട ഗാനമേള സംഘങ്ങള്‍ അപ്രത്യക്ഷമാകാന്‍ അധികകാലം വേണ്ടിവരില്ല. നിരവധി കലാകുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത് മാത്രമല്ല പുതിയ ഗായകര്‍ നല്ല പാട്ടുകള്‍ പാടുന്നത് കേള്‍ക്കാനുള്ള അസുലഭ അവസരം കൂടിയായിരിക്കും നഷ്ടപ്പെടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top