ചിയാങ് റായ്: തായ്ലന്റില് ഗുഹക്കുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുന്നു. ഗുഹക്കുള്ളിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആറാം ദിവസവും പ്രതീക്ഷ കൈവിടാതെ ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് തായ്ലന്ഡ് സര്‍ക്കാര്‍. മല തുരന്ന് അപകടത്തില്പ്പെട്ടവരിലേക്കെത്താനും നീക്കമുണ്ട്.
ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടിയിരിക്കുന്ന അവസ്ഥയിലാണ്. കര, നാവിക സേനകള്‍ക്ക് പുറമേ രക്ഷാപ്രവര്‍ത്തനത്തിന് രാജ്യാന്തരസഹായവും തായ്ലന്ഡ് തേടിയിട്ടുണ്ട്. പുതിയ തുരങ്കത്തിലൂടെ ഇന്‍ഫ്രാറെഡ് ക്യാമറയുപയോഗിച്ച് ചിത്രങ്ങളെടുക്കാനും നീക്കമുണ്ട്. തായ്ലന്ഡ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച അപകടസ്ഥലം സന്ദര്‍ശിച്ചു.
പതിനൊന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും ഫുട്ബോള്‍ പരിശീലകനുമാണ് കഴിഞ്ഞ ശനിയാഴ്ച ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹാസമുച്ചയത്തില്‍ കുടുങ്ങിയത്. വനത്തില്‍ പെയ്ത കനത്ത മഴയില്‍ ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു സംഘം.