Kerala

മായം കലര്‍ന്ന മീന്‍; മത്സ്യ വില്‍പ്പന പ്രതിസന്ധിയില്‍

ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ കലര്‍ന്ന മീനുകള്‍ വന്‍തോതില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി എത്തുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗം ‘ ഓപ്പറേഷന്‍ സാഗര്‍ റാണി ‘ എന്ന പേരില്‍ ആരംഭിച്ച പരിപാടിയനുസരിച്ച് കൊല്ലം ആര്യങ്കാവില്‍ നിന്ന് മൃതശരീരം കേടാകാതെ സൂക്ഷിക്കുന്ന രാസവസ്തുവായ ഫോര്‍മാലിന്‍ കലര്‍ന്ന 9500 കിലോ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മുന്തിയ മീനുകള്‍ പിടിച്ചെടുത്ത് രാസപരിശോധനയ്ക്ക് അയച്ചു.

അയല്‍ സംസ്ഥാനത്ത് നിന്ന് ലോറിയില്‍ വരുന്ന മീനുകള്‍ പരിശോധിച്ചതില്‍ ഒരു കിലോ ഗ്രാം മീനുകളില്‍ 63 മില്ലിഗ്രാം വരെ ഫോര്‍മാലിന്‍ കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം മീന്‍ കേടുകൂടാതിരിക്കാനാണ് തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഉത്പാദകര്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്.

ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന രാസസ്തുക്കള്‍ കലര്‍ന്ന മീന്‍ കഴിച്ചാല്‍ മലയാളികള്‍ കൂട്ടത്തോടെ രോഗികളായി മാറാന്‍ അധിക താമസമുണ്ടാവില്ല.

തമിഴ്‌നാട്ടിലെ മണ്ഡപം , തൂത്തുക്കുടി എന്നീ മേഖലകളില്‍ നിന്നാണ് പ്രധാനമായും രാസവസ്തുക്കള്‍ കലര്‍ന്ന മീന്‍ എത്തുന്നത്. ഇങ്ങനെ വരുന്ന മീനുകള്‍ കൊച്ചിയിലെ ചില സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രങ്ങളിലാണ് എത്തിച്ചേരുന്നത്.

എന്നാല്‍ ഇങ്ങനെ മായം കലര്‍ന്ന മത്സ്യങ്ങള്‍ കര്‍ശന ഗുണനിലവാരം പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാവില്ല. പൊതുവേ മികച്ച വില ലഭിക്കുന്ന ആഭ്യന്തര വിപണിയിലെ ഹോട്ടലിലും ഓണ്‍ലൈന്‍ മത്സ്യ വിപണിയിലുമാണ് പ്രധാനമായി ഇവ വിറ്റഴിക്കുന്നത്. സാധാരണക്കാരനും പണക്കാരനും ഒരേപോലെ അസുഖങ്ങള്‍ സമ്മാനിക്കുന്ന മീന്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വാങ്ങി കഴിക്കുന്നു.

മീനില്‍ മായമുണ്ടോ എന്ന് പരിശോധിച്ചറിയാനുള്ള പൊതു സംവിധാനമൊന്നും വിപണിയിലില്ല. മായം കലര്‍ന്നുവെന്ന ഭീതിയില്‍ മീന്‍ പൊതുജനങ്ങള്‍ വാങ്ങാതിരുന്നാല്‍ കോടിക്കണക്കിന് മീന്‍ ചീഞ്ഞളിഞ്ഞ് നഷ്ടമാകും. മത്സ്യബന്ധന തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇങ്ങനെ പോയാല്‍ സംജാതമാകുക.

കേരളത്തില്‍ ലഭ്യമായ മത്സ്യങ്ങള്‍ വാങ്ങണമെന്ന് സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ജനങ്ങളോട് ഇന്ന് തിരുവന്തപുരത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശീയമായി ലഭിക്കുന്ന മീന്‍ പാചകം ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കി നിലവിലുള്ള ഭീതി ഒഴിവാക്കി അവര്‍ തലസ്ഥാനത്ത് പുതിയ സമരരീതി നടപ്പാക്കി ശ്രദ്ധയാകര്‍ഷിച്ചു.

മത്സ്യ വിപണിയില്‍ കോടിക്കണക്കിന് രൂപയുടെ പ്രതിസന്ധിയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരാനിരിക്കുന്നത്. രാസവസ്തു ഭീഷണിയെ തുടര്‍ന്ന് മലയാളികള്‍ മീന്‍ ഉപേക്ഷിക്കുന്ന സ്ഥിതി വന്നാല്‍ പ്രശ്‌നം ഗുരുതരമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top