Entertainment

അടയാളങ്ങള്‍ തേടിയൊരു ഫോട്ടോക്ലിക്ക്

മയ്യഴിപ്പുഴയുടെ തീരങ്ങളിലെ വെള്ളിയാങ്കല്ല്

ജോര്‍ജ് മാത്യു

മയ്യഴിപ്പുഴയുടെ ദാസന്റേയും ചന്ദ്രികയുടേയും പ്രണയ സന്ദര്‍ഭങ്ങളായിരുന്നു സ്വാഭാവികമായും എന്നിലെ കൗമാര വായനക്കാരനേയും നോവലിന്റെ പുനര്‍വായനകള്‍ക്ക് പ്രേരിപ്പിച്ചത്. ബിംബങ്ങളും മിത്തുകളും അടങ്ങുന്ന മുഴുവന്‍ കഥാപാത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു ശരാശരി ഭാരതീയന്റെ വിധേയത്വ ശീലം പേറുന്ന കുറുമ്പിയമ്മയാണ് പ്രധാന കഥാപാത്രമെന്ന് ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ” ഇന്ത്യയിലെ ലിറ്റററി ഫോട്ടോഗ്രാഫിക്ക് തുടക്കം കുറിച്ച വൈക്കം സ്വദേശി ഡി മനോജിന്റെ വാക്കുകള്‍ക്കപ്പുറമാണ് അദ്ദേഹം നോവിലില്‍ നിന്നും ആവാഹിച്ച് പകര്‍ത്തിയെടുത്ത ഫോട്ടോകള്‍.

ഫോട്ടോഗ്രാഫര്‍ ഡി മനോജ്

എം മുകന്ദന്‍ നോവലില്‍ പറിച്ചുനട്ട മിക്ക സ്ഥലങ്ങളും മനോജ് മനോഹരമായി ക്യാമറ കണ്ണിലൂടെ മികച്ച ഫോട്ടോകളായി പുനര്‍സൃഷ്ടിച്ചിരിക്കുന്നു.

പ്രൗഡഗംഭീരമായ എറണാകുളത്തെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് മയ്യഴിയുടെ അറിയാത്ത കാഴ്ചയുടെ 56 തെരഞ്ഞെടുത്ത ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

നോവലിലെ പരിസരവും, കഥാപാത്രങ്ങള്‍ നടന്നു നീങ്ങിയ പശ്ചാത്തലവും സംസ്‌കാരവുമെല്ലാം ഫോട്ടോഗ്രഫിയിലൂടെ പകര്‍ത്തിയെടുക്കുന്ന രീതിയാണ് ലിറ്റററി ഫോട്ടോഗ്രഫി.

വായനയിലൂടെയും ഭാവനയിലൂടെയും വായനക്കാര്‍ മനസ്സിലാക്കുന്ന ഓരോ ചിത്രവും അതാത് സ്ഥലത്ത് ചെന്ന് ഫോട്ടോയിലൂടെ പകര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്ന നൂതന രീതി ഒരു നിയോഗം പോലെയാണ് മനോജ് ഏറ്റെടുത്തത്.

” മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എത്ര തവണ വായിച്ചുവെന്നറിയില്ല. എം മുകുന്ദന്‍ സഞ്ചരിച്ച മയ്യഴിയുടെ നാട്ടുവഴികളിലൂടെ ഒന്നരവര്‍ഷക്കാലം സഞ്ചരിച്ചാണ് ഫോട്ടോകള്‍ പകര്‍ത്തിയത്. പല ചിത്രങ്ങളും വ്യത്യസ്ത സമയങ്ങളിലാണ് ക്യാമറയില്‍ പകര്‍ത്തിയത്. ” കാനന്‍ 1 ഡി എക്‌സ് മാര്‍ക്ക് ടു ക്യാമറയിലൂടെ പതിഞ്ഞ ചിത്രങ്ങളില്‍ തൊട്ടും തലോടിയും അഭിമാനപൂര്‍വം മനോജ് വിശദീകരിച്ചു.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എഴുതിയ മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനോടൊപ്പം മനോജ്

ഫോട്ടോയിലെ തലയെടുപ്പുള്ള ചിത്രം നോവലിലെ ഏറ്റവും വലിയ ബിംബമായി കടലില്‍ നിലനില്‍ക്കുന്ന വെള്ളിയാങ്കല്ല് എന്ന രണ്ടര ഏക്കറോളം വിസ്തൃതിയുള്ള പാറക്കെട്ടാണ്. ലിറ്റററി ഫോട്ടോഗ്രാഫിയുടെ ഒരു ഒന്നാന്തരം വിസ്മയം. വായനയില്‍ മനസ്സില്‍ കണ്ട അതേ ബിംബം.

വെള്ളിയാങ്കല്ലിലെ സൂര്യോദയം എന്ന ഫോട്ടോ കാണുമ്പോള്‍ നോവലില്‍ എം മുകുന്ദന്‍ കോറിയിട്ട വരികള്‍ അറിയാതെ മനസ്സില്‍ വരും.
‘ അച്ഛമ്മേ ഞാനെവിടായിരുന്നു, അമ്മ പെറുന്നേന് മുമ്പ് ? എല്ലാ മുത്തശ്ശിമാര്‍ക്കും ആ ചോദ്യത്തിന് ഒരു ഉത്തരമുണ്ട്.
വെള്ളിയാങ്കല്ലിന്മേല്‍….
ആത്മാക്കള്‍ തുമ്പികളായി തുള്ളിക്കളിക്കുന്ന മുകുന്ദന്റെ വരികളില്‍ നിന്ന് അതിന്റെ യഥാര്‍ഥ ഫോട്ടോയിലേക്ക് ആശ്ചര്യത്തോടെയാണ് പ്രദര്‍ശനം കാണാനെത്തുന്നവര്‍ നോക്കി നില്‍ക്കുന്നത്. അതവര്‍ക്ക് ഭാവനയ്ക്കപ്പുറമുള്ള തിരിച്ചറിവാണ്.

മയ്യഴിയുടെ വായനക്കാര്‍ക്ക് മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവ് ഇന്നും ഒരു വിസ്മയമാണ്. അതങ്ങനെ തന്നെ മനസ്സില്‍ നിക്കട്ടെ. പക്ഷെ ഇന്ന് ഇലക്ട്രിക് ലൈറ്റില്‍ കുളിച്ച് നില്‍ക്കുന്ന ബംഗ്ലാവ് മനോജ് മനോഹരമായി പകര്‍ത്തിയെടുത്തിട്ടുണ്ട്.

സ്വന്തം സ്ഥലമായ വൈക്കത്ത് നിന്നും മൈലുകള്‍ താണ്ടി മാഹിയിലെത്തുന്നതായിരുന്നു ഒരു വെല്ലുവിളിയെന്ന് ഇടയ്ക്ക് മനോജ് ഓര്‍മിപ്പിച്ചു. ഒരു തലമുറയുടെ മയ്യഴിയിലെ ആരാധനാ കഥാപാത്രങ്ങളും അവര്‍ പിന്നിട്ട വഴിത്താരകളും ഒപ്പിയെടുക്കുമ്പോള്‍ നോവലിസ്റ്റിനോടും വായനക്കാരോടും പൂര്‍ണമായി നീതി പുലര്‍ത്തിയിരുന്നു.

” എഴുത്തിന്റെയും മിത്തിന്റെയും തമ്പുരാനായ എം മുകുന്ദന്‍ സഞ്ചരിച്ച വഴിയിലൂടെ തോളിലൊരു ക്യാമറയുമായി മയ്യഴി മാതാവിനേയും , വെള്ളിയാങ്കല്ലും മൂപ്പന്റെ ബംഗ്ലാവുമൊക്കെയായി 2000ത്തോളം ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. പ്രദര്‍ശനത്തിന് വേണ്ടി കുറെ ചിത്രങ്ങള്‍ മാറ്റിവച്ചു. തെരഞ്ഞെടുത്ത മറ്റ് ചില ചിത്രങ്ങള്‍ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന മുകുന്ദന്റെ നോവലും മനോജിന്റെ ലിറ്റററി ഫോട്ടോ ബുക്കുംചേര്‍ന്ന കോമ്പോ ഓഫര്‍ പ്രസിദ്ധീകരണത്തിനായി നീക്കി വച്ചിരിക്കുകയാണ്. ഇത് പുറത്ത് വരുന്നതോടെ വായനക്കാര്‍ക്ക് പുത്തനൊരു വായനാദൃശ്യാനുഭവമായിരിക്കുമെന്ന് മനോജ് സൂചിപ്പിച്ചു.

തന്നെ ഏറ്റവും പ്രചോദിപ്പിച്ച ചിത്രം വെള്ളിയാങ്കല്ല് എന്ന വെളുത്ത പാറക്കെട്ട് ദ്വീപാണ്. മുകുന്ദന്റെ സ്വന്തം ഭാഷയില്‍ തുമ്പികളും കാറ്റും ചേര്‍ന്ന ആത്മാക്കളുടെ വിശ്രമ കേന്ദ്രം. ഇതെത്രകാലം ഇങ്ങനെതന്നെ നിലനില്‍ക്കുമെന്ന് മനോജ് സംശയം പ്രകടിപ്പിച്ചു. കടലിന്റെ മധ്യേയുള്ള ഈ പാറക്കെട്ട് സംരക്ഷിതമായി എത്രകാലം ഉണ്ടാവും ? നോവലിലെ വലിയ ബിംബം പാറമട ലോബികള്‍ ഈ മനോഹര ദ്വീപ് സ്വന്തമാക്കാന്‍ ഇനിയെത്ര കാലം കൂടി ബാക്കിയുണ്ടാവും. വെള്ളിയാങ്കല്ല് ഡോക്യുമെന്റാക്കി സൂക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യം മനോജ്  മറച്ചു വെക്കുന്നില്ല.

മയ്യഴിയില്‍ ഓരോ ഫോട്ടോ ഫ്രെയിം വെക്കുമ്പോഴും മനോജ് എം മുകുന്ദന്റെ മനസ്സ് കാണും. മയ്യഴിയിലെ പഴയ കാല്‍ ശരായിക്കാരുടേയും, കുഞ്ചക്കന്‍ കൊളുത്തിവച്ചിരുന്ന വിളക്ക് കാണും. ഇതൊക്കെ വായനക്കാരുടെ ഭാവനാ വിലാസത്തില്‍ വിരിഞ്ഞിരിക്കുന്ന മായാ പ്രപഞ്ചം തൊട്ടറിയും. മനസ്സ് ശാന്തമാവുമ്പോള്‍ ഞൊടിയിടയില്‍ ഒരു ക്ലിക്ക്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഒരിക്കല്‍ പോലും വായിച്ചിട്ടില്ലാത്ത നല്ലൊരു വിഭാഗം യുവതലമുറ വായനക്കാര്‍ക്ക് ഈ ചിത്രങ്ങള്‍ വായിക്കാന്‍ പ്രചോദനമായാല്‍ അതായിരിക്കും വലിയ നേട്ടം.

ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് മനോജ് ചിത്രങ്ങളിലൂടെ ആദ്യം പകര്‍ത്തിയത്. രാജ്യത്തും പുറത്തുമായി 22 എക്‌സിബിഷനുകള്‍ നടത്തി. 2 ലക്ഷത്തോളം പേര്‍ ആസ്വാദകരായി.

ഖസാക്കിന്റെ തസ്രാക്കില്‍ നിന്നും

വൈക്കം സത്യാഗ്രഹം അടിസ്ഥാനമാക്കി പുറത്തിറക്കിയ വൈക്കത്തിന്റെ ചരിത്ര വഴികള്‍ മനോജിന്റെ മറ്റൊരു ഫോട്ടോഗ്രഫി പഠനമാണ്.

കരിമ്പനകളില്‍ കാറ്റ് പിടിക്കുന്ന തസ്രാക്ക്

എംടിയുടേയും മാധവിക്കുട്ടിയുടേയും രചനകളിലെ സ്ഥലങ്ങളും താമസിയാതെ ഫോട്ടോഗ്രാഫുകളാകും.

ഫോട്ടോഗ്രാഫിയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന മനോജ്, ഭാവനയും യാഥാര്‍ഥ്യവും ഇഴചേര്‍ന്ന ഒരു ചരിത്ര ശേഷിപ്പാണ് കാത്തുസൂക്ഷിക്കുന്നത്. നാളത്തെ തലമുറ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ വായിച്ച ശേഷം മയ്യഴിയിലെത്തിയാല്‍ ഇന്നു കാണുന്ന ചരിത്രബിംബങ്ങള്‍ ഉണ്ടാവണമെന്നില്ല. അത് തിരിച്ചറിഞ്ഞ് പുതിയൊരു പന്ഥാവിലൂടെ തോളിലൊരു ക്യാമറയുമായി നടന്നു നീങ്ങുകയാണ് മനോജ്, വിഖ്യാത നോവലുകളിലെ ചരിത്ര പശ്ചാത്തലം ഫോട്ടോ ഫ്രെയിമിലാക്കാന്‍…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top