മെട്രോ പിറന്നാള്‍ സമ്മാനമായി നല്കിയ സൗജന്യ യാത്ര കൊച്ചി നിവാസികള്‍ അക്ഷരാര്‍ഥത്തില്‍ മുതലെടുത്തു. 1,31,392 പേര് മെട്രോ യാത്രയ്ക്കായെത്തി.
കാലത്ത് തിരക്ക് കുറവുണ്ടായിരുന്നുവെങ്കിലും സാവധാനം മെട്രോയിലേക്ക് ആളുകള്‍ ഇരച്ചുകയറി.
ഫ്രീ ടിക്കറ്റുമായി മെട്രോ സ്റ്റേഷനിലെത്തിയ പല പുതിയ യാത്രക്കാരും യാത്ര ശരിക്കും ആസ്വദിച്ചു. മെട്രോയുടെ എല്ലാ കോച്ചുകളും യാത്രക്കാരെ കൊണ്ട് പൂര്‍ണമായും നിറഞ്ഞു.
പ്രതിദിനം ശരാശരി 35,000 യാത്രക്കാര്‍ സഞ്ചരിക്കുന്ന മെട്രോയില്‍ ഇന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.
എറണാകുളം മഹാരാജാസ് മുതല്‍ ആലുവാ വരെയുള്ള മെട്രോ റൂട്ടില്‍ പതിനായിരക്കണക്കിന് യാത്രക്കാരാണ് സൗജന്യ യാത്ര സന്തോഷത്തോടെയും കീശ കാലിയാകാതെയും ആസ്വദിച്ചത്.
മെട്രോ യാത്ര പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കെഎംആര്‍എല്‍ ആവിഷ്കരിച്ച പിറന്നാള്‍ ഒരു നാള് സൗജന്യയാത്ര യാത്രക്കാരില്‍ നല്ലൊരു വിഭാഗത്തിനും ആദ്യാനുഭവമായി മാറി.
നിരക്ക് പൂജ്യം എന്ന ഇന്നത്തെ മെട്രോ ടിക്കറ്റ് ഒരു സുവനീര്‍ പോലെ സൂക്ഷിച്ചവരും യാത്രക്കാരിലുണ്ടായിരുന്നു.
മെട്രോ നിറഞ്ഞുകവിഞ്ഞപ്പോള്‍ വയറ്റത്തടിച്ചത് കൊച്ചിയിലെ പ്രൈവറ്റ് ബസ്സുകളാണ്. മിക്ക ബസുകളും കാലിയായാണ് സര്‍വീസ് നടത്തിയത്.