സാങ്കേതിക തകരാര്‍ കാരണമാണ് ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ലായ്പുലിയെ എസ്ബിഐ എടിഎം മെയ് 20 മുതല്‍ അടച്ചിട്ടത്. ഈ കഴിഞ്ഞ 11ാം തീയതി സര്‍വീസിനായി എംടിഎം മെഷീന് തുറന്നപ്പോള്‍ തങ്ങള്‍ക്ക് മുമ്പേ ചിലര്‍ എടിഎമ്മില്‍ അറ്റകുറ്റപ്പണി നടത്തിയ കാഴ്ച കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
പണിപറ്റിച്ചത് വേറാരുമല്ല, കുറച്ച് ചുണ്ടെലികളാണ്. മെഷീനിനകത്തുണ്ടായിരുന്ന 12ലക്ഷത്തിലധികം രൂപയാണ് എലികള്‍ കരണ്ട് മുറിച്ച് നശിപ്പിച്ചിരിക്കുന്നത്. 29 ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12,38,000 രൂപ എലികള്‍ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അറ്റകുറ്റപ്പണി വൈകിച്ച ബാങ്കിന്റെ അലംഭാവം തന്നെയാണ് ഇത്തരമൊരു നഷ്ടത്തിന് ഇടയാക്കിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.