sunday feature

മഴക്കാലം പനിക്കാലമാകുമോ ? കേരളം ആവര്‍ത്തിക്കുന്നു, പേടിയല്ല, ജാഗ്രതയാണ് വേണ്ടത് !

മണ്‍സൂണ്‍ കാലത്ത് മഴ കനക്കുന്നതോടെ കേരളത്തിലെമ്പാടും നീളം കൂടുന്ന ഒന്നുണ്ട്, ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും മുന്നിലെ ക്യൂ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കായി മഴക്കാലമെന്നാല്‍ മലയാളിക്ക് പനിക്കാലമാണ്. ജലദോഷപ്പനി മുതല്‍ ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയിഡ്, എച്ച് വണ്‍ എന്‍ വണ്‍, മലമ്പനി തക്കാളിപ്പനി, കരിമ്പനി അങ്ങനെ പേരുള്ളതും ഇല്ലാത്തതുമായി നിരവധി പനികളാണ് മഴക്കാലത്തിനൊപ്പം കേരളത്തിലേക്ക് പെയ്തിറങ്ങുന്നത്.

വ്യത്യസ്ത ലക്ഷണങ്ങളാണ് ഓരോ പനിക്കും. വീട്ടില്‍ രണ്ടുദിവസം വിശ്രമിച്ചാല്‍ മാറുന്ന പനി മുതല്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന വില്ലന്മാര്‍വരെയുണ്ട് ഈ പനിക്കൂട്ടത്തില്‍.

പനിയുടെ ചികിത്സാ കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ആരോഗ്യമേഖലയില്‍ ബഹുദൂരം മുന്നേറിയിട്ടുള്ള കേരളത്തെ എന്തുകൊണ്ട് പനി കീഴടുക്കുന്നു എന്നതിന്റെ കാരണങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. വ്യക്തിശുചിത്വത്തില്‍ ഏറെ ശ്രദ്ധകാണിക്കുകയും എന്നാല്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ തീര്‍ത്തും അലംഭാവം കാണിക്കുന്ന നമ്മള്‍ തന്നെയാണ് ഈ രോഗങ്ങളുടെ ഉറവിടം സൃഷ്ടിക്കുന്നതില്‍ ഒന്നാമതെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാക്കാം.

സ്വന്തം വീട്ടിലോ, സ്ഥാപനങ്ങളിലോ ഉണ്ടാവുന്ന മാലിന്യങ്ങള്‍, അത് ഏത് രീതിയിലുള്ളതുമായിക്കൊള്ളട്ടെ ആരും കാണാതെ പൊതു സ്ഥലങ്ങളിലോ മറ്റുള്ളവരുടെ പറമ്പുകളിലോ നിക്ഷേപിച്ചാണ് മലയാളിക്ക് ശീലം. ആ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ അധികൃതരും പരാജയപ്പെടുന്നു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളാണ് എല്ലാ രോഗങ്ങളുടേയും ഹോള്‍ സെയില്‍ ഡീലര്‍. അവിടെ പെറ്റുപെരുകുന്ന കൊതുകും കൂത്താടിയും മറ്റ് ക്ഷുദ്ര ജീവികളുമാണ് അതിന്റെ വാഹകര്‍. ഫലമോ മഴക്കാലമായാല്‍ പുതപ്പിനുള്ളില്‍ പനിച്ച് വിയര്‍ത്ത് പേടിച്ചു കിടക്കേണ്ട് ഗതികേടിലാണ് മലയാളികള്‍.

ഇതില്‍ വലിയ വില്ലന്‍ കൊതുകുകള്‍ തന്നെ. കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും പകര്‍ച്ചവ്യാധികള്‍ക്കും കൊതുകുജന്യ രോഗങ്ങള്‍ക്കും അനുകൂലമാണ്. ഭൂമധ്യരേഖക്ക് 20 ഡിഗ്രി വടക്കായി, ഉഷ്ണമേഖലയില്‍ കിടക്കുന്ന കേരളത്തില്‍ ശരാശരി വര്‍ഷത്തില്‍ 3000 മി.മീ.എന്ന തോതില്‍ മഴ ആറു മാസമായി ലഭിക്കുന്നുണ്ട്. അന്തരീക്ഷ താപനില 20-40 ഡിഗ്രിക്കിടയിലാണ് -ഇതൊക്കെ കൊതുകിന്റെ അതിജീവനത്തിന് അനുകൂലമാണ്. വീടുകളുടെ ആധിക്യവും ജനസാന്ദ്രതയും (900/സ്‌ക്വയര്‍ കി.മീ), നിരന്തരം യാത്രചെയ്യുന്ന ജനങ്ങളുടെ പൊതുസ്വാഭാവവും രോഗപ്പകര്‍ച്ചക്ക് അനുകൂലമാണ്. ഇടവിട്ടുണ്ടാകുന്ന മഴയും മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും വെള്ളക്കെട്ടുകള്‍ ഉണ്ടാക്കുന്നതും കൊതുക്, എലി, പെരുച്ചാഴി തുടങ്ങിയവര്‍ക്ക് സുഖകരമായ ആവാസവ്യവസ്ഥ ഒരുക്കുകയാണ് ചെയ്യുന്നു.

വൈറല്‍ പനി (ഫ്ളൂ)

പനികളില്‍ 80 ശതമാനത്തിലധികം വിവിധതരം വൈറസുകള്‍ പരത്തുന്ന ഫ്ളൂ എന്നറിയപ്പെടുന്ന വൈറല്‍ പനിയായിരിക്കും. ജലദോഷവും തുമ്മലും വേദനയും പനിയും സാധാരണ 3-4 ദിവസംകൊണ്ട് ഭേദമാകും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുകണങ്ങളിലൂടെ വായുമാര്‍ഗമാണ് പകരുന്നത്. രോഗിയുടെ മൂക്കിലും വായിലുമുള്ള സ്രവങ്ങള്‍, വിരലുകള്‍, ടവ്വലുകള്‍ തുടങ്ങിയവയിലൂടെ ഇത് മറ്റൊരാളിലേക്ക് പകരാവുന്നതാണ്. മഴക്കാലത്തെ ഈര്‍പ്പം വൈറസുകളെ എളുപ്പം പകരാന്‍ സഹായിക്കുന്നു.

എളുപ്പം പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗി വീട്ടില്‍തന്നെ വിശ്രമിക്കുന്നതാണ് പനി വ്യാപിക്കാതിരിക്കാന്‍ എളുപ്പമാര്‍ഗം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടവ്വല്‍കൊണ്ട് അടച്ചുപിടിക്കുകയും ഇടക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. വിദ്യാര്‍ഥികള്‍ക്ക് പനിയുടെ ലക്ഷണമുണ്ടായാല്‍ സ്‌കൂളില്‍ അയക്കാതിരിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ കാണിക്കേണ്ടതുണ്ട്.

ഇത്തരം പനിക്കുശേഷം തൊണ്ടയിലും ശ്വാസകോശത്തിലും അണുബാധയുണ്ടായി കഫത്തിന് മഞ്ഞനിറം വരുമ്പോള്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ ചികിത്സക്ക് ഉപയോഗിക്കേണ്ടതുള്ളൂ.

വൈറല്‍ പനിയുണ്ടാക്കുന്നത് വിവിധ തരം വൈറസുകളാണ്. അതുകൊണ്ടാണ് പനി മാറിക്കഴിഞ്ഞാലും കുറച്ച് ദിവസത്തിനുശേഷം മറ്റൊരു വൈറസ് ബാധമൂലം വീണ്ടും പനിക്കുന്നത്.

എച്ച്1 എന്‍1

2009 മാര്‍ച്ചില്‍ മെക്സികോയില്‍ പൊട്ടിപ്പുറപ്പെട്ട എച്ച്-1 എന്‍1 പനി ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍മൂലം ഉണ്ടായതാണ്. 2009 ജൂണില്‍തന്നെ കേരളത്തിലെത്തിയ ഈ രോഗാണു 2010ല്‍ സംസ്ഥാനത്ത് അനേകം പേര്‍ക്ക് ബാധിക്കുകയുണ്ടായി. പുതിയ വൈറസായതിനാല്‍ ആര്‍ക്കും രോഗാണുവിനെതിരെ ആര്‍ജിത പ്രതിരോധം ഇല്ലാത്തതിനാലും പകരുന്നത് വൈറല്‍ പനിപോലെ വായുവിലൂടെ ആയതിനാലും ഇത് എളുപ്പം വ്യാപിക്കാവുന്നതാണ്. പക്ഷേ,

രോഗബാധയുള്ള ആളില്‍നിന്ന് ഒരാഴ്ചവരെ മറ്റൊരാളിലേക്ക് തൊണ്ടയിലും മൂക്കിലുമുള്ള സ്രവം വഴി രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടാം. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ഛര്‍ദി എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍.

. എച്ച് 1 എന്‍ 1 പനിയുടെ കാറ്റഗറി എ, കാറ്റഗറി ബി എന്നിവക്ക് പരിശോധനാ ടെസ്റ്റുകള്‍ നടത്തേണ്ടതില്ല. ഗര്‍ഭിണികള്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍, 65 വയസ്സില്‍ മേല്‍ പ്രായമുള്ളവര്‍, കിഡ്നി, കരള്‍ രോഗികള്‍ എന്നിവര്‍ക്കും കാറ്റഗറി സിയില്‍പ്പെട്ട എച്ച് 1 എന്‍ 1 രോഗികള്‍ക്കും ഔഷധമായ ഒസെല്‍റ്റാമിവിര്‍ (ഛലെഹമോശ്ശൃ) നല്‍കണം.

എലിപ്പനി

ലെപ്റ്റോസ്പിറ വിഭാഗത്തില്‍പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. സാധാരണ എലികളില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ അതിന്റെ ശരീരത്തില്‍ ആയുഷ്‌കാലം ഉണ്ടാവും. മൂത്രത്തിലൂടെ പുറത്ത് പരക്കുകയുംചെയ്യുന്നു. കൂടാതെ വളര്‍ത്തുമൃഗങ്ങളായ പശു, ആട്, നായ തുടങ്ങിയവയും എലിപ്പനി രോഗവാഹകരാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടും മണ്ണിലൂടെയും വെള്ളത്തിലൂടെയും തൊലികളിലെ മുറിവുകളിലൂടെയും വായ, കണ്ണ്, മൂക്ക് എന്നിവയിലെ ശ്ലേഷ്മ ചര്‍മം വഴിയും മനുഷ്യന്റെ ശരീരത്തില്‍ രോഗാണു പ്രവേശിക്കുന്നു. എലിപ്പനി ഒരിക്കലും ഒരു രോഗിയില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. കേരളത്തിലെ മണ്ണിന്റെ ‘ക്ഷാരഗുണവും’ ഒഴുകിപ്പോകാത്ത വെള്ളക്കെട്ടും എലികളെ പോറ്റുന്ന മാലിന്യക്കൂമ്പാരവും എലിപ്പനിയുടെ വ്യാപനം എളുപ്പമാക്കുന്നു. രോഗാണു ശരീരത്തിലെത്തിയാല്‍ 4-20 ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷപ്പെടും. 90 ശതമാനം പേരിലും അത്ര തീവ്രതയില്ലാതെയും 10 ശതമാനം പേരില്‍ തീവ്രത കൂടിയും രോഗം ഉണ്ടാകും.

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവരും പനിയുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. 10 ശതമാനം പേരില്‍ രോഗം കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം ഉണ്ടാവും. തുടര്‍ന്ന് വൃക്കകള്‍ക്കോ ഹൃദയത്തിനെയോ തലച്ചോറിനെയോ ബാധിച്ച് അതിഗുരുതരാവസ്ഥയിലെത്തിച്ചേര്‍ന്ന് മരണംവരെ ഉണ്ടായേക്കാം.

മഴക്കാലങ്ങളില്‍ ഓവുചാലുകള്‍, കുളം എന്നിവ വൃത്തിയാക്കുന്നവര്‍, ദേശീയ തൊഴില്‍ ദാനപദ്ധതിയനുസരിച്ച് തൊഴിയിലിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കണം. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വയലിലും പൈനാപ്പിള്‍ തോട്ടത്തിലും പണിയെടുക്കുന്നവര്‍, കേബിള്‍ കുഴിക്കുന്നവര്‍ തുടങ്ങിയവര്‍ കൈകാലുകള്‍ മുട്ടോളംവരെ പ്ലാസ്റ്റികുകൊണ്ട് പൊതിയുന്നത് നല്ലതാണ്. ശരീരത്തില്‍ മുറിവുള്ളവര്‍ അത് പ്ലാസ്റ്റര്‍കൊണ്ട് ഒട്ടിച്ചുവെക്കണം. വീടും പരിസരവും എലിശല്യമില്ലാതെ സംരക്ഷിക്കണം. തൊഴുത്തുകളുടെ ശുചിത്വം എലിപ്പനി പ്രതിരോധത്തിന്റെ പ്രാഥമിക പാഠമാണ്.

ചികുന്‍ഗുനിയ

രോഗിയുടെ രക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ 1-3 ദിവസങ്ങള്‍ക്കകം രോഗം പ്രത്യക്ഷപ്പെടാം. പക്ഷേ, ചികുന്‍ഗുനിയ മൂലമുള്ള സന്ധിവേദനയും നീരും മാസങ്ങളോളം നീണ്ടുനില്‍ക്കുന്നത് ബാധിതരെ ശയ്യാവലംബികളാക്കുന്നു. ഇതുമൂലം രോഗബാധിതര്‍ക്ക് മാസങ്ങളോളം തൊഴില്‍ ചെയ്യാനാവാത്തത് രോഗമുണ്ടാകുന്ന ജനസമൂഹത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തിന്റെ ആക്കംകൂട്ടുന്നു. ഒരു തവണ ചികുന്‍ഗുനിയ ഉണ്ടായാല്‍ ആ വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധം കിട്ടുമെന്നതിനാല്‍ രോഗം പിന്നെ പിടികൂടുകയില്ല എന്നൊരു അനുഗ്രഹമുണ്ട്.

ഡെങ്കിപ്പനി

ചികുന്‍ഗുനിയ പോലെതന്നെ ‘ഈഡിസ്’ കൊതുകുകള്‍ പരത്തുന്നതാണ് ഡെങ്കിപ്പനി. കൊതുകുകള്‍വഴി രോഗാണു ശരീരത്തിലെത്തി 5-6 ദിവസം കഴിഞ്ഞാണ് രോഗം പ്രത്യക്ഷപ്പെടുക. പനി, തലവേദന പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള കഠിനമായ വേദന, ശരീരത്തിലെ തിണര്‍പ്പുകള്‍ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മിക്കവരിലും പനി 2-7 ദിവസം നീണ്ടുനില്‍ക്കും. ഭൂരിഭാഗം പേരിലും ഈ രോഗം മറ്റു പനികള്‍പോലെ കുഴപ്പമില്ലാതെ ഭേദമായേക്കാം. പക്ഷേ, ചുരുക്കം ചിലരില്‍ (10 ശതമാനം) പനിക്കു പുറമെ ആന്തരിക രക്തസ്രാവം, ബോധക്ഷയം എന്നിവ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യാം.

ഡെങ്കിപ്പനിയുടെ രോഗാണുക്കള്‍ നാലു തരത്തിലുണ്ട്. ഒന്നിനു പിറകെ മറ്റൊരു തരത്തിലുള്ള ഡെങ്കി രോഗാണു വരുന്നതിനാലോ കൂടുതല്‍ തരത്തിലുള്ള ഡെങ്കി രോഗാണുബാധ മൂലമോ ആണ് രോഗം തീവ്രമാകുന്നത്. കേരളത്തില്‍ നാലു തരവും സംക്രമണത്തിലുണ്ട്. ഇവരില്‍ ഒന്നുകില്‍ രക്തം കട്ടപിടിക്കാന്‍ ആവശ്യമള്ള പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വളരെ കുറച്ച് ആന്തരിക രക്തസ്രാവം ഉണ്ടാക്കാം.

കൊതുകുവഴി പകരുന്നതിനാല്‍ ചികുന്‍ഗുനിയ, ഡെങ്കിപ്പനി ബാധിതര്‍ പകലും കൊതുകുവലകള്‍ക്കുള്ളില്‍ വിശ്രമിക്കേണ്ടതുണ്ട്. -ഇങ്ങനെയുള്ളവരെ കിടത്തിചികിത്സിക്കുന്ന ആശുപത്രി വാര്‍ഡുകളും കൊതുകുവലകൊണ്ട് സംരക്ഷിച്ചവയായിരിക്കണം. ആശുപത്രികളില്‍ കൊതുകു പെരുകാനുള്ള ഉറവിടങ്ങള്‍ ഉണ്ടാകരുത്. ഡെങ്കി പരത്തുന്ന കൊതുകളുടെ ‘ഫ്‌ലൈറ്റ്റെയിഞ്ച്’ നൂറു മീറ്ററത്രെ. ഇവ പെരുകുന്നത് വീടിന് ചുറ്റിപ്പറ്റിയുമാണ്.


കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യം എന്നതായിരുന്നു കേരള ആരോഗ്യമാതൃകയുടെ പ്രത്യേകത. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഒട്ടേറെ നേട്ടങ്ങള്‍ ആരോഗ്യരംഗത്ത് കൈവരിക്കാന്‍ നമുക്കായിട്ടുണ്ട്. പൊതുമരണ നിരക്ക്, ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവ കണക്കിലെടുത്താല്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് മാത്രമല്ല, ഏതാണ്ട് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ സൂചികകളാണ് കേരളം നേടിക്കഴിഞ്ഞിട്ടുള്ളത്. സാമൂഹ്യനീതിയിലധിഷ്ഠിതമായ ചെലവ് കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങള്‍ക്കാകെ ലഭ്യമാക്കി എന്നത് എടുത്തുപറയത്തക്ക പ്രത്യേകതയാണ്. ഈ ആരോഗ്യമാതൃക ഇന്ന് ഒട്ടേറെ ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

അതില്‍ ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്നമാണ് നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റംവഴി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പനികള്‍.
കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 218 പനിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.വൈറല്‍ പനി. ഡങ്കി പനി, എലിപ്പനി എന്നിവ ബാധിച്ചാണ് മരണം. ഈ കാലയളവില്‍ ആകെ ചികില്‍സതേടിയവര്‍ 4188809 പേരാണ്.016 മേയ് 25 മുതല്‍ 2018 ഫെബ്രുവരി 19 വരെയുള്ള വിവരങ്ങള്‍ ഇങ്ങനെ:വൈറല്‍പനിയ്ക്കായി ചികിത്സ തേടിയവര്‍ 41,60,094.മരണം 123. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്ത് (39).കൂടുതല്‍ പേര്‍ ചികിത്സ തേടിയത് മലപ്പുറം (6,16,379) ഡെങ്കിപ്പനിയ്ക്കായി ചികിത്സ തേടിയവര്‍ 26021.56 മരണം റിപ്പോര്‍ട്ട് ചെയ്തു.കൂടുതല്‍ മരണം തിരുവനന്തപുരത്ത്,18പേര്‍.കൂടുതല്‍ പേര്‍ ചികിത്സ തേടിയതും തിരുവനന്തപുരത്ത്.10428 പേര്‍. എലിപ്പനിയ്ക്കായി ചികിത്സതേടിയവര്‍ 2694,മരണം 39,കൂടുതല്‍ മരണം തിരുവനന്തപുരത്ത് 10 പേര്‍.കൂടുതല്‍ പേര്‍ ചികിത്സ തേടിയത് തിരുവനന്തപുരം 1011.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനമായി. മഴക്കാലത്ത് പകര്‍ച്ചവ്യാധികളെ കൂട്ടായ്മയോടെ പ്രതിരോധിക്കാന്‍ വകുപ്പുമേധാവികള്‍ നേതൃത്വം നല്‍കണം. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ആശുപത്രികള്‍ രോഗം പകരുന്ന ഇടമായി മാറരുത്. ആശുപത്രിക്കകവും പുറവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയുണ്ടാകരുത്.

 

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമ കെയര്‍ സംവിധാനം, ഒപി നവീകരണം എന്നിവ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണം. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തും. പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മെഡിക്കല്‍കോളേജില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുമെന്ന് മഴക്കാലം ആരംഭക്കുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിക്കുന്നു.

പനി വര്‍ധിച്ചു വരികയാണ്. ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല എന്നതാണ് ആദ്യത്തെ കാര്യം. പനിയുടെ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. കൊതുക് എലി തുടങ്ങിയ പരത്തുന്നതും മറ്റു ജലജന്യരോഗങ്ങളുമാണ് ഈ സമയത്ത് കൂടുതലായി കാണുന്നത്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനിയെയാണ് നമ്മള്‍ കൂടുതലായി ഭയക്കേണ്ടത്. വീടുകളിലും പൊതുസ്ഥലങ്ങളിലും കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള എല്ലാ പാഴ്വസ്തുക്കളും നീക്കം ചെയ്യണം. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കണം. ജനുവരി മുതല്‍ ഡിസംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതി ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. വീടിന്റെ ടെറസ്സില്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തുള്ള ട്രേ, ചിരട്ടകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, ചെടിച്ചട്ടികള്‍, എല്ലാം നീക്കം ചെയ്യണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തണം. പ്ലാന്റേഷന്‍ സൈറ്റുകള്‍ ഉദാഹരണത്തിന് റബര്‍ കൃഷി, പൈനാപ്പിള്‍ കൃഷി, കൊക്കോ കൃഷി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കൊതുക് വളരാനുള്ള സാഹചര്യങ്ങളുണ്ട്. റബര്‍ പാലെടുത്തതിന് ശേഷം ചിരട്ട കമിഴ്ത്തി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ പൊട്ടിക്കാതെ വെക്കുന്ന കൊക്കോ കായ്കളിലും കൊതുക് വളരും. കവുങ്ങിന്റ പാള തുടങ്ങിയവയിലും കൊതുക് വളരാം. ഇതൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ ഡങ്കിപ്പനി പകരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

മറ്റൊന്ന് എലിപ്പനിയാണ്. എലിക്ക് ഭക്ഷണം ലഭ്യമായാല്‍ അത് നമ്മുടെ വീടിന്റെ പരിസരത്ത് തന്നെയുണ്ടാകും. സ്റ്റോറുമിലും അടുക്കളയിലും ഭക്ഷണ സാധനങ്ങള്‍ വൃത്തിയായി, സുരക്ഷിതമായി സൂക്ഷിക്കണം. വീട്ട് പരിസരത്ത് എലിമാളങ്ങള്‍ ഉണ്ടെങ്കില്‍ അത് കോണ്‍ക്രീറ്റ് മിക്‌സ് ഉപയോഗിച്ച് അടയ്ക്കണം. കൃഷി പോലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എലിപ്പനിക്കാവശ്യമായ പ്രതിരോധ ഗുളിക വാങ്ങി കഴിക്കുക..കാലില്‍ മുറിവുള്ളവര്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങി ജോലി ചെയ്യരുത്.

ജലജന്യരോഗങ്ങളും ഈ സമയത്ത് കൂടുതലായി പകരാനുള്ള സാഹചര്യങ്ങളാണ് ഉള്ളത്. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക. വീട്ടിലെ കിണര്‍ ക്ലോറിനേഷന്‍ നടത്തുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക.

ഡോ എന്‍കെ കുട്ടപ്പന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എറണാകുളം

എച്ച് വണ്‍ എന്‍ വണ്‍ പോലെയുള്ള പനി ബാധിച്ച രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു ടവ്വല്‍ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം.

രോഗികളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കണം. കൈ സോപ്പിട്ട് കഴുകാന്‍ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്‌ലറ്റില്‍ പോയതിന് ശേഷവും കൈ വൃത്തിയായി സോപ്പിട്ട് കഴുകുന്നത് ശീലമാക്കണം.  ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ പനി പടരുന്നത് നിയന്ത്രിക്കാനാകും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഫീവര്‍ കേസുകള്‍ ഇത്തവണ കൂടുതലാണ് ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുപക്ഷെ പനി കൂടുതല്‍ ആയത് കൊണ്ടായിരിക്കണം എന്നില്ല. നിപാ വൈറസ് ഭീതി കാരണം ആള്‍ക്കാര്‍ സ്വയം ചികിത്സ ഒഴിവാക്കിയതാവാം കാരണം. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ച വ്യാധികളും കണക്കു നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് ഈ സമയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ജാഗ്രത പദ്ധതിക്ക് ഇതില്‍ വലിയ പങ്കുണ്ട്. വാര്‍ഡ തലങ്ങളില്‍ മുതല്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, പഞ്ചായത്ത് തലത്തില്‍ ഇതിന്റെ സൂപ്പര്‍ വിഷനും മോണിറ്ററിംഗും ഫലപ്രദമായ രീതിയില്‍ നടത്തുന്നു.
ആരോഗ്യം ഓരോ വ്യക്തിയുടേയും ആവശ്യമാണ്. ഓരോ വ്യക്തികളും തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങണം.
-ഡോ എന്‍കെ കുട്ടപ്പന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എറണാകുളം

‘ നഗരവല്‍കരണം പരിതസ്ഥിതിയില്‍ ഉണ്ടാകുന്ന ഒരു മാറ്റം ആയി കാണാവുന്നതാണ്. നമ്മുടെ നാട്ടില്‍ പെട്ടന്ന് നഗരങ്ങള്‍ കണ്ടമാനം വളര്‍ന്നിട്ടുണ്ട്. ചെറിയ, വീടിനു ചുറ്റും ഉള്ള ജല സംഭരണികളിലും പാത്രങ്ങളിലും പെട്ടെന്ന് പെറ്റു പെരുകാന്‍ കൊതുകുകള്‍ പഠിച്ചു. (ഇത് ഒരു തരം പരിണാമ മാറ്റം ആണ്). ആളുകള്‍ തിങ്ങി പാര്‍ക്കുന്നു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ക്ക് പടരാന്‍ ഉള്ള സാഹചര്യം ആയി.

ഡോ. അഞ്ജിത് ഉണ്ണി

 

അതു പോലെ പ്രധാന ഘടകമായി ചൂണ്ടി കാണിക്കപെടുന്ന ഒരു ഘടകമാണ് കാലാവസ്ഥ വ്യതിയാനം. വൈറസുകളുടെ പെരുകലിന് അനുകൂലമായ രീതിയില്‍ ഉള്ള കാലാവസ്ഥ വ്യതിയാനം പ്രത്യേകിച്ച് താപനം ഉണ്ടായിരിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.. ഇന്ന് ലോകം മൊത്തം ഒരു നഗരം ആണ്. ആളുകള്‍ ലോകം മൊത്തം വലിയ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അത് കൊണ്ട്, മുന്‍പറഞ്ഞ കാരണങ്ങളാല്‍ , ഏതെങ്കിലും ഒരു രോഗ ബാധ ഉണ്ടായാല്‍, ലോകം മൊത്തം പകരാന്‍ ഉള്ള സാഹചര്യം ഇപ്പോള്‍ ഉണ്ട്.

ഇങ്ങനെ ലോകത്തിന്റെ ഏതെങ്കിലും ഉള്ള ഒരു കോണില്‍ ചുരുക്കം മനുഷ്യരില്‍ മാത്രം ഉണ്ടായിരുന്നതൊ, ഏതെങ്കിലും ജീവിയില്‍ ഉറങ്ങിക്കിടന്നതോ, ജനിതക മാറ്റം സംഭവിച്ചതോ എങ്ങനെയും ആയിക്കൊള്ളട്ടെ, ഒരു പുതിയ അണു, അതിനോട് ഇത് വരെ കോണ്ടാക്ട് ഇല്ലാത്ത ജന സമൂഹത്തില്‍ വലിയ തോതില്‍ രോഗാണു ബാധ ഉണ്ടാക്കും. കാരണം, ആ അണുവിനോട്, ആ ജനത്തിലെ മിക്കവര്‍ക്കും പ്രതിരോധശക്തി ഇല്ലല്ലോ. ” – മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് പതോളജിസ്റ്റ് ഡോ. അഞ്ജിത് ഉണ്ണി പറയുന്നു.

റോഡിലും പാതയോരങ്ങളിലും തുപ്പുന്നശീലം ഒഴിവാക്കുക, രോഗമുള്ളപ്പോഴും ഇല്ലാത്തപ്പോഴും. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം ശീലമാക്കണം. വ്യക്തികള്‍, സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്നാല്‍ നാട് വൃത്തിയാകും. രോഗബാധ ഏതുമാകട്ടെ, ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകണം. പകര്‍ച്ചവ്യാധി പേടിച്ച് ചികിത്സതേടാതിരിക്കരുത്. പ്രത്യേകിച്ച് ഡെങ്കി, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയവ പിടിപെട്ടുവെന്ന് സംശയിക്കുന്നുണ്ടെങ്കില്‍. കൈകള്‍ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് കഴുകുക. പ്രത്യേകിച്ച് പുറത്തുപോയിവന്നാല്‍. ആശുപത്രി സന്ദര്‍ശിക്കുന്നവരും ആശുപത്രി ജീവനക്കാരും ഇത് കര്‍ശനമായി പിന്തുടരുക. വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തട്ടുകടകളിലെ ശുചിത്വം ഉറപ്പാക്കുക. ഡ്രൈഫ്രൂട്സ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇത്തരം പഴങ്ങളില്‍ വൈറസ് ഏറെനേരം നില്‍ക്കില്ല. എങ്കിലും വൃത്തിയുണ്ടെന്ന് ഉറപ്പുവരുത്തുക. പഴങ്ങള്‍ കഴുകിവൃത്തിയാക്കി കഴിക്കുക, വീണുകിടക്കുന്നതും കേടുവന്നതും ഒഴിവാക്കണംഡോ. വര്‍ഗീസ് ചെറിയാന്‍ ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ്.

പകര്‍ച്ചപ്പനി സര്‍ക്കാര്‍ ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ മാത്രം ശ്രമിച്ച് നിയന്ത്രിക്കാന്‍ പറ്റുന്നവയല്ല. ശരിയായ പൊതുശുചിത്വത്തെക്കുറിച്ച് അവബോധവും അവയൊക്കെ സ്വജീവിതത്തില്‍ പാലിക്കാനുള്ള പക്വതയും ജനങ്ങള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മഴക്കാലത്തിന് അകമ്പടിയായി കേരളം ‘പനിയില്‍ വിറച്ചു’കൊണ്ടിരിക്കും. ഇവയൊക്കെ തടയാന്‍ വേണ്ടത് ഇനിയും കോടികള്‍ ചെലവിട്ട് ഉയര്‍ത്തുന്ന പഞ്ചനക്ഷത്ര ആശുപത്രികളല്ല, കൊതുകുകളും എലികളും പെരുകുന്ന ഉറവിടങ്ങളുടെയും ജീര്‍ണതകളുടെയും അനിവാര്യമായ നിര്‍മാര്‍ജനം എങ്ങനെ സാധ്യമാകുമെന്ന ചിന്തകളും പ്രവൃത്തികളുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top