sunday feature

ഒരു ചുമട്ടുതൊഴിലാളി കണ്ട സ്വപ്നം

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ പഠിച്ച് ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് വരെയായ എബ്രഹാം ലിങ്കണിന്റെ കഥ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ പൊതുവൈഫൈ ഉപയോഗപ്പെടുത്തി പഠിച്ച് സര്‍ക്കാര്‍ ജോലിക്കാരനായ ഇടുക്കിക്കാരന്‍ ശ്രീനാഥ് എന്ന റെയില്‍വേ പോര്‍ട്ടറുടെ കഥയാണ് ഇത്. പിഎസ്സി പരീക്ഷയില്‍ വിജയം നേടിയ ശ്രീനാഥിന് സിവില്‍ സര്‍വീസിലെത്തണമെന്നാണ് ആഗ്രഹം.

ത് ശ്രീനാഥ്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ 343-ാം നമ്പര്‍ ലൈസന്‍സ്ഡ് പോര്‍ട്ടര്‍. എന്നാല്‍ ഈ വിലാസത്തില്‍ അധികനാള്‍ ഇനി ശ്രീനാഥ് ഉണ്ടാകില്ല. പഠിച്ച് നേടിയ സര്‍ക്കാരുദ്യോഗം ശ്രീനാഥിനെ കാത്തിരിക്കുന്നുണ്ട്.

ഒരു ചുമട്ടുതൊഴിലാളി സര്‍ക്കാര്‍ ജോലി നേടി എന്നതില്‍ അതിശയിക്കാന്‍ എന്തിരിക്കുന്നു എന്ന് കരുതുന്നുവരുണ്ടാകും..!

പിഎസ്സിക്ക് തയ്യാറെടുക്കുന്ന ഭൂരിഭാഗം ആളുകളും കോച്ചിങ്ങിനും വീട്ടിലിരുന്ന് പഠിക്കാനും മാത്രമായി സമയം ചിലവഴിക്കുമ്പോള്‍ ശ്രീനാഥ് ചുമടെടുക്കുന്നതിന് ഇടയിലാണ് പഠനം നടത്തുന്നത്! രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമത്തിനൊടുവിലാണ് പരീക്ഷയില്‍ വിജയിക്കുന്നത്. ആദ്യകാലത്ത് കോച്ചിങ്ങിന് പോയിരുന്നു. എന്നാല്‍ ജോലിയും ക്ലാസും ഒന്നിച്ചു കൊണ്ടു പോവുക ബുദ്ധിമുട്ടായി. ഒരു ഘട്ടത്തില്‍ ജോലി നിര്‍ത്തി പഠിക്കാന്‍ പോയാലോ എന്നു പോലും ചിന്തിച്ചു. പക്ഷെ ജോലി നിര്‍ത്തിയാലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഓര്‍ത്തപ്പോള്‍ ആ ചിന്തയേ ഉപേക്ഷിച്ചു.

അങ്ങനെയിരിക്കെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ വരാന്‍ പോകുന്നുവെന്ന് റെയില്‍ടെല്‍ സിഎംഡി ആര്‍.കെ. ബഹുഗുണ പ്രഖ്യാപിച്ചത്. പിന്നെ ആ വഴിക്കായി ചിന്ത. പഠനം എന്തുകൊണ്ട് ഓണ്‍ലൈനാക്കിക്കൂടാ! അങ്ങനെ സൗജന്യ വൈഫൈ വന്നതിനു പിന്നാലെ ഓണ്‍ലൈനില്‍ പഠനം ആരംഭിച്ചു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ മോഡം

ജോലിയുടെ ഇടവേളയില്‍ പി.എസ്.സി കോച്ചിങ്ങ് സൈറ്റുകളില്‍ നിന്നും പാഠഭാഗങ്ങള്‍ കണ്ടും കേട്ടും വായിച്ചും പഠിക്കാന്‍ തുടങ്ങി. ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫുകള്‍ പരമാവധി ഡൗണ്‍ലോഡ് ചെയ്തു. വിഡിയോ കണ്ട് പ്രധാന സംഭവങ്ങളുടെ വിവരങ്ങളൊക്കെ മനസ്സിലാക്കി. മാതൃകാ ചോദ്യപേപ്പറുകള്‍ വായിച്ചു. പക്ഷെ അതുകൊണ്ടൊന്നും ശ്രീനാഥ് തൃപ്തനായില്ല. അങ്ങനെയാണ് പിഎസ്‌സി പരിശീലനത്തിനുളള ഓഡിയോ ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ജോലി ചെയ്യുന്ന സമയത്തും കേട്ട് തുടങ്ങിയത്. ഇതോടെ ശ്രീനാഥിന്റെ നിശ്ചയദാര്‍ഢ്യം എത്രത്തോളമാണെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ക്കും മനസിലായി.

ശ്രീനാഥ് സുഹൃത്തുക്കള്‍ക്കൊപ്പം

ഹെഡ്‌സൈറ്റില്‍ പാഠഭാഗം കേട്ട് കൊണ്ട് ചുമട് എടുക്കുന്നതായിരുന്നു ശ്രീനാഥിന്റെ ശൈലി. തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ഫോണില്‍ പഠിക്കാനുള്ള പാഠഭാഗം പ്ലേ ചെയ്ത് അത് ഹെഡ്‌സെറ്റ് വെച്ച് കേട്ടാണ് ശ്രീനാഥ് ജോലി ചെയ്തിരുന്നത്..

പിഎസ്സി പരീക്ഷ പാസായ ശ്രീനാഥ് അഭിമുഖം കൂടി പൂര്‍ത്തിയാക്കിയാല്‍ ലാന്‍ഡ് റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി കാണാന്‍ കഴിയും. റെയില്‍വെ ഈയടുത്ത് പുറത്തിറക്കിയ പരീക്ഷാവിജ്ഞാപനങ്ങള്‍ക്കും ശ്രീനാഥ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ചുമട്ടുതൊഴിലാളിയായ ശ്രീനാഥ് പിഎസ്സി പരീക്ഷയ്ക്കായി പരിശീലനം നടത്തിയത് റയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈ-ഫൈ സൗകര്യം പ്രയോജനപ്പെടുത്തിയാണ്. 2016ലാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സര്‍ക്കാര്‍ സൗജന്യവൈഫൈ നല്‍കി തുടങ്ങിയത്. എല്ലാവരും ചാറ്റ് ചെയ്യാനും സിനിമ ഡൗണ്‍ലോഡ് ചെയ്യാനും ഇതിനെ ഉപയോഗിച്ചപ്പോള്‍ ശ്രീനാഥ് എന്ന ചെറുപ്പക്കാരന്‍ വേറിട്ട് ചിന്തിച്ചു. സാഹചര്യങ്ങളല്ല അതിനെ മറികടക്കാനുളള ആത്മവിശ്വാസമാണ് വേണ്ടതെന്ന വലിയ സന്ദേശമാണ് ഇയാള്‍ പകര്‍ന്ന് നല്‍കുന്നത്.

കൂലിപ്പണിയില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് അനായാസം ഓടിക്കയറിയതല്ല ഈ ചെറുപ്പക്കാരന്‍, മറിച്ച് ദുഖ-ദുരിത കയങ്ങള്‍ ആവോളം നീന്തിക്കേറിയാണ് ശ്രീനാഥിന്റെ നേട്ടം. ഇടുക്കി മുണ്ടക്കയം സ്വദേശിയായ ശ്രീനാഥ് വീട്ടിലെ സാഹചര്യങ്ങള്‍ മൂലമാണ് കൂലിപ്പണിയിലേക്കിറങ്ങിയത്. ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് കുടുംബം.

സാഹചര്യങ്ങള്‍ തളര്‍ത്തിയെങ്കിലും ശ്രീനാഥിന്റെ ദൃഢനിശ്ചയമാണ് ഇങ്ങനെയൊരു നേട്ടത്തിലേക്ക് കൊണ്ടെത്തിച്ചത്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷയാണ് ഇപ്പോള്‍ ജയിച്ചത്. എന്നാല്‍ ഇനിയും മെച്ചപ്പെട്ട നിലയിലേക്ക് ജോലി ലഭിക്കും വരെ പഠനം തുടരുമെന്ന് ശ്രീനാഥ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top