Kerala

ശവപ്പെട്ടിയും റീത്തും യൂദാസും കോണ്‍ഗ്രസില്‍ മാറ്റം വരുത്തുമോ ?

കൊച്ചി നഗരം ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ നഗരഹൃദയത്തിലെ കോണ്‍ഗ്രസ് ഡിസിസി ഓഫീസിന്റെ മുന്നിലെ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസിനെ വഞ്ചിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രം പതിച്ച ശവപ്പെട്ടി, പ്രതിഷേധ സൂചകമായി പുഷ്പചക്രം. പ്രസ്ഥാനത്തെ വിറ്റുതുലച്ച യൂദാസുകള്‍ എന്നെഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫീസിന്റെ (കരുണാകര ഭവന്‍) ഗ്ലാസ് ഡോറിന്റെ മുന്‍വശത്ത് തന്നെ പതിച്ചിരിക്കുന്നു.

കോണ്‍ഗ്രസ് അണികള്‍ ക്ഷമയുടെ നെല്ലിപലക കണ്ടതോടെയാണ് ഇത്തരമൊരു പ്രതികരണം കോണ്‍ഗ്രസ് ഓഫീസില്‍ അരങ്ങേറിയിരിക്കുന്നത്. പാതിരാവിന്റെ മറവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരമൊരു ശക്തമായ പ്രതിഷേധത്തിലേക്ക് തയ്യാറായതെന്ന് പകല്‍ പോലെ വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ എംഎല്‍എമാര്‍ പ്രതിഷേധിക്കുമ്പോള്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആളറിയാതെ ഇങ്ങനെയെങ്കിലും പ്രതിഷേധം അറിയിക്കണ്ടേയെന്നാണ് അടിത്തട്ടിലെ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവപ്പെട്ടിയും റീത്തും പോസ്റ്ററും പ്രതിഷേധ സൂചകമായി വെച്ചിരിക്കുന്നത്. മലപ്പുറം കോണ്‍ഗ്രസ് ഡിസിസി ഓഫീസിലെ കൊടി മരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളില്‍ ലീഗ് പതാക കെട്ടിയതും അടിത്തട്ടിലെ പ്രവര്‍ത്തകര്‍ തന്നെയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയായി മാറുന്നതിന്റെ പ്രധാനകാരണം ബൂത്ത് തലത്തില്‍ പ്രവര്‍ത്തകര്‍ മാറി നില്‍ക്കുന്നതാണ്. ഒരുകാലത്ത് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന സാധാരണ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിംഹവാലന്‍ കുരങ്ങുപോലെ അപ്രത്യക്ഷമായിരിക്കുകയാണ്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ പോലൊരു സീനിയര്‍ നേതാവ് പങ്കെടുത്തിട്ടും പല മീറ്റിങ്ങുകളിലും വളരെ കുറച്ച് കോണ്‍ഗ്രസ് അനുഭാവികളാണ് പങ്കെടുത്തത്.

ശവപ്പെട്ടിയും റീത്തും വെച്ച് പതിയിരുന്ന് ഇന്ന് പ്രവര്‍ത്തിക്കുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളിലേക്ക് കൊഴിഞ്ഞുപോകുമെന്നാണ് സീനിയര്‍ നേതാക്കള്‍ തന്നെ തുറന്നുപറയുന്നത്. എണ്‍പത് വയസ്സിനോടടുക്കുന്ന നേതാക്കള്‍ക്ക് ഇനിയെന്ത് രാഷ്ട്രീയ ഭാവിയാണെന്നാണ് ഒരു ബൂത്ത് തല പ്രവര്‍ത്തകന്‍ ചോദിക്കുന്നത്. ഈ ചോദ്യം കോണ്‍ഗ്രസിന്റെ തന്നെ ഒരു പുനര്‍വിചിന്തനത്തിന് വഴിയൊരുക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top