കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി ഇന്ന് ചര്‍ച്ച നടത്തും. രാജ്യസഭ സീറ്റ് എന്ന ആവശ്യം ചര്‍ച്ചയില്‍ ജോസ് കെ. മാണി ഉന്നയിക്കും.
രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഇന്നലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ജോസ് കെ. മാണി ചര്‍ച്ച നടത്തിയിരുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
യുഡിഎഫിലേക്കു തിരികെ പോകാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചിരുന്നു. എന്നാല്‍ ഉപാധികളോടെയാണു മുന്നണിയിലേക്കു തിരികെ പോകുന്നതെന്നു ജോസ് കെ.മാണി എംപി പറഞ്ഞു. മുന്നണിയിലേക്ക് തിരികെവരണമെങ്കില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറണമെന്നു കെ.എം. മാണി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ഇന്നു രാഹുലുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കും.