ചെങ്ങന്നൂര്‍: തപാല്‍ സമരം വിനയായി. പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയിട്ടില്ല. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടിയിരുന്നത്. എന്നാല്‍ ആകെ 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് വരണാധികാരിക്ക് മുമ്പാകെ എത്തിയത്.
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് അരണിക്കൂര്‍ മുന്‍പ് വരണാധികാരിയുടെ മേശപ്പുറത്ത് കിട്ടുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ എണ്ണുകയുള്ളൂ. എന്നാല്‍ വ്യാഴാഴ്ച എട്ടിന് വോട്ടെണ്ണിത്തുടങ്ങിയപ്പോഴും പോസ്റ്റല്‍ വോട്ടുകള്‍ എത്തിയില്ല. അരമണിക്കൂറാണ് തപാല്‍ വോട്ടുകള്‍ എണ്ണാനുള്ള സമയം.
സാധാരണ ഗതിയില്‍ അയയ്ക്കുന്ന തപാല്‍ വോട്ടുകള്‍ മുഴുവന്‍ മടങ്ങിയെത്താറില്ല. വോട്ടെണ്ണല്‍ തുടങ്ങിയതിനുശേഷം ലഭിക്കുന്ന ബാലറ്റുകള്‍ വരണാധികാരി മാറ്റിവെക്കും. മാറ്റിവെച്ചിരിക്കുന്ന വോട്ടുകളെക്കാള്‍ കുറവാണ് ഭൂരിപക്ഷമെങ്കില് ഇത് എണ്ണുന്നത് വരെ ഫലം തടഞ്ഞുവെക്കും. അതേസമയം മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുന്ന സാഹചര്യത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് പ്രസക്തിയില്ലാതാവുകയാണ്.