Kerala

അവാസാന ലാപ്പില്‍ ചെങ്ങന്നൂര്‍ ; ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ച് മുന്നണികള്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്
മുന്നണികള്‍. വെയിലും മഴയും നോക്കാതെ രണ്ടുമാസമായി മണ്ഡലത്തെ ഇളക്കിമറിച്ച പ്രചരണോത്സവത്തിനാണ് ഇന്ന് അവസാനമാകുന്നത്. വൈകീട്ട് ആറിനാണ് കൊട്ടിക്കാലാശം.

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമാണ്. മൂന്നു പാര്‍ട്ടിയുടെയും കേന്ദ്ര സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത്. അതിനാല്‍ തന്നെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു പ്രചാരണം.

വികസനത്തുടര്‍ച്ചയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. ‘വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്’ എന്നതായിരുന്നു എല്‍ഡിഎഫ് മുദ്രാവാക്യം. ‘നാടിന്റെ നേര് വിജയിക്കും’ എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നല്‍കി. ‘നമുക്കും മാറാം’ എന്നതാണ് എന്‍ഡിഎ മുന്നണയുടെ പ്രചരണവാക്യം.

എല്‍.ഡി.എഫിന് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നതിനാല്‍ എന്തു വില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. മറ്റു മന്ത്രിമാര്‍ ഒരു മാസമായി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. മന്ത്രിമാര്‍ വീട്ടുമുറ്റത്തേക്കു കയറി വരുന്നതു ചെങ്ങന്നൂരുകാര്‍ക്കിപ്പോള്‍ പതിവു കാഴ്ചയാണ്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ  യോഗങ്ങളില്‍ പങ്കെടുത്തു.

എന്‍.ഡി.എയ്ക്കു വേണ്ടി കേന്ദ്ര മന്ത്രിമാരും എം.പിമാരും ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ള സംഘമാണു ചെങ്ങന്നൂരിലെത്തിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നു. ദേശീയ സെക്രട്ടറി എച്ച്.രാജയില്‍ തുടങ്ങി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ വരെ പ്രചാരണത്തിനെത്തി.

യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും എ.കെ.ആന്റണിയും ഹൈദരാലി ശിഹാബ് തങ്ങളും കെഎം മാണിയും, കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തി. നിമിഷമാണ് മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ ബിജെപിക്കുവേണ്ടി ചെങ്ങന്നൂരില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച വെള്ളാപ്പള്ളി ഇത്തവണ അവര്‍ക്കൊപ്പമില്ല.
നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം.തിങ്കളാഴ്ച വോട്ടെടുപ്പ്. ഫലപ്രഖ്യാപനം 31 നാണ്.

ഇന്നു കലാശക്കൊട്ടിനിടെ എംസി റോഡിലും അനുബന്ധ റോഡുകളിലും ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയേറെയായതിനാല്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരഹൃദയത്തിന്റെ മിടിപ്പേറ്റുന്ന കലാശക്കൊട്ടിന്റെ അണിയറയിലാണു മൂന്നു പ്രധാന മുന്നണികളുടെയും പ്രവര്‍ത്തകര്‍. ആകെ 199340 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 92919 പുരുഷന്‍മാരും 106421 സ്ത്രീകളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 197372 വോട്ടര്‍മാരായിരുന്നു. ഇതില്‍ 145518 പേര്‍ വോട്ടുചെയ്തു. എല്‍ഡിഎഫിന്റെ കെ കെ രാമചന്ദ്രന്‍നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top