Latest News

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ആളെക്കൊല്ലിയെന്ന് നാട്ടുകാരുടെ ആക്ഷേപം

 

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പ്ലാന്റ് ആളെ കൊല്ലുന്നതാണെന്നും നാടിന് ആപത്താണെന്നും നാട്ടുകാരുടെ ആക്ഷേപം. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രദേശത്ത് വ്യാപക മലിനീകരണമാണ് ഉണ്ടാക്കുന്നതെന്നും പ്ലാന്റ് അടച്ചുപൂട്ടണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഇതിനായുള്ള നിയമയുദ്ധം നടക്കുകയാണ്.

പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപ്പുകയും കാര്‍ഷിക മേഖലയിലേക്ക് പുറംതള്ളുന്ന രാസമാലിന്യങ്ങളും പ്രദേശത്ത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്ലാന്റിന്റെ പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ രാസവസ്തുക്കള്‍ കലര്‍ന്ന് മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നാട്ടുകാര്‍ കമ്പനിക്കെതിരെ പ്രക്ഷോഭം നടത്തുന്നത്.

ഇതിന് പുറമേ നിലവിലെ പ്ലാന്റ് വിപുലീകരിക്കാനുള്ള നീക്കം കൂടി കമ്പനി ആരംഭിച്ചു. ഈ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെയാണ് സമരം രൂക്ഷമായത്. എന്നാല്‍ സമരത്തെ രൂക്ഷമായി നേരിട്ട സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും 12 പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

ലണ്ടന്‍ ആസ്ഥാനമായ വേദാന്ത റിസോഴ്‌സസിന്റെ ഉപകമ്പനിയാണ് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ്. ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് ഘടകങ്ങള്‍, ചെമ്പ് വയറുകള്‍, ചെമ്പ് കമ്പികള്‍ എന്നിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. സള്‍ഫ്യൂരിക് ആസിഡ്, ഫോസ്‌ഫോറിക് ആസിഡ് ഉള്‍പ്പെടെ നിരവധി രാസവസ്തുക്കളും കമ്പനിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടയാകുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top