Kerala

അമ്മയെ കാണാതെ രണ്ട് കുരുന്നുകള്‍ , വിങ്ങിപ്പൊട്ടി സജീഷ് ; കണ്ണീരിലാണ്ട് നഴ്‌സ് ലിനിയുടെ കുടുംബം

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പതിവുപോലെ അമ്മ എത്തുന്നതും കാത്തിരിക്കുകയായിരുന്നു ലിനിയുടെ രണ്ടര വയസ്സുകാരന്‍ കുഞ്ഞൂസും അഞ്ചു വയസ്സുകാരനായ അവന്റെ ചേട്ടന്‍ യദുവും. എന്നാല്‍ അവസാനമായി ഒരു നോക്ക് കാണുവാന്‍ പോലുമാകാതെ അമ്മ തങ്ങളെ വിട്ടുപോയെന്ന് ആ കുരുന്നുകള്‍ എങ്ങനെ അറിയാനാണ്. പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ താത്ക്കാലിക ജോലിയിലേക്ക് മാറിയതു തന്നെ കുഞ്ഞൂസിനെ മുലയൂട്ടാനുള്ള സൗകര്യത്തിനായിരുന്നു. ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ ലിനി അതിനുമുമ്പ് ഒരു സൗകാര്യ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്.

നിപാ വൈറ്‌സ ബാധിച്ച് മരണപ്പെട്ട സാബിത്തിനെ ശുശ്രൂഷിച്ചത് ലിനിയായിരുന്നു. കഴിഞ്ഞ വ്യാഴ്ചയാണ് ലിനിക്ക് പനി ബാധിക്കുന്നത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടുന്ന് മരണപ്പെടുകയും ചെയ്തു. രോഗം പടരുന്നത് ഒഴിവാക്കാന്‍ മൃതദാഹം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നില്ല. വിവരമറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് നാട്ടിലെത്തി. അമ്മ മരണപ്പെട്ടതൊന്നും തിരിച്ചറിയാതെ നാളുകള്‍ക്ക് കൂടി അച്ഛന്‍ വീട്ടിലെത്തിയതിന്റെ നിഷ്‌കളങ്ക സന്തോഷത്തിലാണ് ആ കുരുന്നുകള്‍. നാളുകള്‍ കഴിഞ്ഞിട്ടും അമ്മയെ അന്വേഷിച്ച് കരയുന്ന കുഞ്ഞുങ്ങളോട് എന്ത് പറയണം എന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് സജീഷ്. താന്‍ മരണത്തോട് അടുക്കുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ട് ഐസിയുവില്‍ വച്ച് ലിനി സജീഷിനെഴുതിയ കത്ത് കണ്ണ് നനയാതെ ആര്‍ക്കും വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല.

ജോലിയോടുള്ള അര്‍പ്പണബോധത്തിന്റെ സാക്ഷ്യമാണ് ലിനിയുടെ മരണം. സ്വന്തം ജീവന്‍ പോലും അവഗണിച്ച് രോഗിയെ പരിചരിച്ചതിനാലാണ് അവര്‍ക്ക് മരണത്തെ വരിക്കേണ്ടി വന്നത്. പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലാതെ ജോലിയെടുക്കേണ്ടി വരുന്ന കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥയുംകൂടിയാണ് ലിനിയുടെ മരണത്തോടെ പുറത്ത് വരുന്നത്.

ജോലിക്കിടയില്‍ മരണപ്പെട്ട ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആരോപണം കൂടി ഇപ്പോള്‍ ഉയരുന്നുണ്ട്. ആരോഗ്യമന്ത്രി ഇത്രയും നേരെമായിട്ടും വീട്ടുകാരെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്നതാണ് ലഭിക്കുന്ന വാര്‍ത്ത. രണ്ട് ചെറിയ മക്കളെ നാട്ടില്‍ ഉപേക്ഷിച്ച് സജീഷിന് ഇനി വിദേശത്ത് പോകുവാന്‍ സാധിക്കുകയില്ല. നാട്ടില്‍ തന്നെ സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കേണ്ടതാണ്.

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top