ബെംഗളുരു: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടകയില്‍ ബിജെപിക്ക് പരാജയം. ഭൂരിപക്ഷം തെളിയിക്കാനാവാതെ വിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് മുതിരാതെ തന്നെ യെദ്യൂരപ്പ രാജിവെച്ചൊഴിയുകയായിരുന്നു.
പതിനൊന്ന് മണി മുതല്‍ ആരംഭിച്ച എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പിന്നാലെ യദ്യൂരപ്പ നടത്തിയ പ്രസംഗത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ 111 അംഗങ്ങളെ തികയ്ക്കാനുള്ള ബിജെപി ശ്രമങ്ങളെ കോണ്‍ഗ്രസ് സമര്‍ത്ഥമായി ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാവാതെ വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ യെദ്യൂരപ്പ രാജിക്കു വഴങ്ങിയത്.
ഇന്നു വൈകുന്നേരം നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പിലൂടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നലെയും ഇന്നുമായി കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍നിന്ന് എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് ബിജെപി നടത്തിവന്നത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് ബിജെപിക്ക് നാണംകെട്ട് പിന്മാറേണ്ടിവന്നത്.