പത്തനംതിട്ടയിലെ കൊല്ലമുള മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്നയെ ബെംഗളൂരുവില്‍ കണ്ടതായി സൂചന. ജെസ്നയോടു സാമ്യമുള്ള പെണ്‍കുട്ടിയെയും മലയാളിയായ യുവാവിനെയും കണ്ടതായാണ് പൊലീസിനും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതായും ഇവര്‍ ബെംഗളൂരുവിനടുത്ത് ആശുപത്രിയില്‍ ചികില്‍സ തേടിയെന്നുമാണ് ലഭ്യമായ വിവരം. ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസ ഭവന് എന്ന സ്ഥാപനത്തില്‍ ഇവര്‍ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നല്‍കുമോയെന്ന് അവിടത്തെ മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു. ആശുപത്രി വിട്ട ഇവര്‍ മൈസൂരുവിലേക്കു പോകുമെന്നു പറഞ്ഞതായും വിവരമുണ്ട്.
തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ബെംഗളൂരുവിലുള്ള ആന്റോ ആന്റണി എംപിയും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. സ്ഥിരീകരണമുണ്ടായാല്‍ ബെംഗളൂരുവിലേക്കു തിരിക്കാന്‍ തയാറായിരിക്കാന്‍ ജെസ്നയുടെ വീട്ടുകാര്‍ക്കു പൊലീസ് നിര്‍ദേശം നല്കി.
റാന്നി കൊല്ലമുള സന്തോഷ്കവല കുന്നത്തു വീട്ടില്‍ ജെസ്ന മരിയ ജയിംസിനെ മാര്‍ച്ച് 22നു രാവിലെ 10.30ന് ആണ് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്നയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് വനിതാ സിഐയെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടാന്‍ കാരണം പൊലീസിന്റെ ഗുരുതര അനാസ്ഥയാണെന്ന് ജെസ്നയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പൊലീസിനെതിരെ തിരിഞ്ഞിരുന്നു.