Kerala

സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍, ജെസ്നയുടെ തിരോധാനം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

കാഞ്ഞിരപ്പളളിയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സംഘത്തില്‍ സൈബര്‍ വിദഗ്ധരെയും വനിതാ പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടും.

ജെസ്നയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിജിപി പ്രത്യേക സംഘത്തെ നിയമിച്ചത്. പിതൃസഹോദരിയുടെ മുക്കൂട്ടുതറയിലെ വീട്ടിലേക്കു പോയ ജെസ്നയെ കഴിഞ്ഞ മാര്‍ച്ച് 22 നാണ് കാണാതായത്.

തന്റെ പെങ്ങള്‍ ഒളിച്ചോടിയതാണെന്നു കരുതുന്നില്ലെന്ന് സഹോദരന്‍ വ്യക്തമാക്കിയിരുന്നു. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ജെസ്നയെ കാണാതാകുന്ന അന്ന് താനും അവളും ചേര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കിയത്. സത്യാവസ്ഥ അറിഞ്ഞുവേണം അവളെപ്പറ്റി ഓരോ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി.

അതേ സമയം ജെസ്നയുടെ തിരോധാനത്തിലെ അന്വേഷണത്തില്‍ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ കമ്മീഷന്‍. അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലും മറ്റും പോലീസ് മൃദുസമീപനം സ്വീകരിക്കരുതെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top