Latest News

പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ച് ജീവിക്കാം; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. ഒന്നിച്ചുജീവിക്കുമ്പോള്‍ പുരുഷന് 21 വയസായില്ലെങ്കിലും പ്രശ്‌നമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്േറയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

നന്ദകുമാറിന് 21 വയസായില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം കേരള ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. നന്ദകുമാര്‍ തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തുഷാരയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. ഇത് തള്ളിയാണ് ഇപ്പോള്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍പോലും വിവാഹിതരാകാതെ ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്ന് ജസ്റ്റീസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇത്തരം തെരഞ്ഞെടുപ്പുകള്‍ക്ക് അവകാശമുണ്ടെന്നും കോടതികള്‍ക്ക് ഇവരുടെ പിതാവ് ചമയാന്‍ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top