Home app

അഴിമതിക്കെതിരെ ഉയരുന്ന വിസില്‍ ശബ്ദം ; കമല്‍ഹാസന്റെ പുതിയ മൊബൈല്‍ ആപ്പ് ”മയ്യം വിസില്‍” പുറത്തിറക്കി

പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും അഴിമതിക്കെതിരായ പോരാട്ടത്തിന് ആക്കം കൂട്ടുന്നതിനുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. അദ്ദേഹത്തിന്റെ പാര്‍ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തകര്‍ക്കായാണ് മയ്യം വിസില്‍ എന്ന പേരില്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

പാര്‍ടിയുടെ രൂപീകരണത്തിന് മുമ്പ് പ്രഖ്യാപിച്ചതാണ് മൊബൈല്‍ ആപ്പ്. പ്രാദേശിക വികസനപ്രശ്നങ്ങള്‍ പരിഹരിക്കുക, അഴിമതിക്കെതിരെ പ്രതികരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക.

പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം അതുപയോഗിച്ച് അംഗത്വം നേടാനാകും. എന്നാല്‍ നിയമവിരുദ്ധമായി ആപ്പ് ഉപയോഗിച്ചാല്‍ അംഗത്വം നഷ്ടപ്പെടും. കൂടാതെ മറ്റു നടപടികളും നേരിടേണ്ടി വരും. ആപ്പ് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും അംഗത്വം ലഭിക്കുക.

മൊബൈല്‍ ആപ്പിന്റെ പ്രകാശന വേദിയില്‍ കമല്‍ഹാസ്സന്‍

മയ്യം വിസില്‍ ആപ്പ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്ന ഒന്നല്ലെന്നും പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്ന ഒരു വഴി മാത്രമാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ ഈ ആപ്പ് പാര്‍ട്ടിയെ സഹായിക്കും. ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് വച്ച ചെവിയാണ് ഈ ആപ്പെന്നും കമല്‍ഹാസന്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി എന്നിവ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാം. പൊലീസ്, ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ എന്നിവയ്ക്കു പകരമല്ല മയ്യം വിസില്‍ ആപ്പ്. എന്നാല്‍ അവരെ സഹായിക്കാനും വിമര്‍ശിക്കാനും ഈ ആപ്പ് ഉപയോഗിക്കാമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നുണ്ടോയെന്നു വിലയിരുത്തുന്ന സ്ഥാപനമായിരിക്കും ഈ ആപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഎന്‍എം ആപ്പില്‍ വിഡിയോ, ഫൊട്ടോ തെളിവുകള്‍വച്ചു ജനങ്ങള്‍ക്കു പരാതി നല്‍കാം. ശേഷം സംഘടനയുടെ വളണ്ടിയര്‍ സ്ഥലം സന്ദര്‍ശിച്ചു പരാതി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും. ഒരു വിഷയം മൂന്നു പേരായിരിക്കും പരിശോധിക്കുക. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അഡ്മിന്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കാണാനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top