അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു, 45 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റും പ്രാദേശിക ചാനലിന്റെ കാമറാമാനും കൊല്ലപ്പെട്ടതായി ഫ്രഞ്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫോട്ടോഗ്രാഫറായ ഷാ മാരായ് ആദ്യ സ്ഫോടനത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഷാദരക് പ്രദേശത്താണ് ആദ്യ സ്ഫോടനം നടന്നത്. ഇതില്‍ നാല് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്തേക്ക് ആംബുലന്‍സ് വരികയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനിടക്കാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.