Latest News

കേരളവിഷന്‍ ഇനി ലോകമെങ്ങും; സാറ്റലൈറ്റ് ചാനല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അങ്കമാലി: മലയാളിക്ക് ടെലിവിഷന്‍ ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവങ്ങളൊരുക്കി കേരളവിഷന്‍ സാറ്റലൈറ്റ് എന്റര്‍ടെയിന്‍മെന്റ് ചാനല്‍ മിഴിതുറന്നു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാനലിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയ് സേതുപതി ചടങ്ങില്‍ മുഖ്യാതിഥിയായി. കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന് കീഴിലുള്ള കേരളവിഷന്‍ ചാനല്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പുതിയ സംരഭമാണ് കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍.

ചാനലിന്റെ തീം മ്യൂസിക് ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റ് ചടങ്ങില്‍ പ്രകാശനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളുടെ പ്രകാശനം വി മുരളീധരന്‍ എംപി നിര്‍വഹിച്ചു. കേരളവിഷന്‍ വേള്‍ഡ് എച്ച്ഡി (മിഡില്‍ ഈസ്റ്റ്)യുടെ ലോഗോ ബ്രിഗേഡിയര്‍ ഹംദാന്‍ മുഹമ്മദ് പ്രകാശനം ചെയ്തു.

കേരളത്തിലെ പ്രമുഖ മലയാളം ചാനലുകളായ ഏഷ്യാനെറ്റ്, കൈരളി എന്നീ ചാനലുകള്‍ ഉപയോഗിക്കുന്ന ഐഎസ് 17 എന്ന സാറ്റലൈറ്റില്‍ നിന്നും പൂര്‍ണമായി എച്ച്ഡി സാങ്കേതിക മികവോടെയാണ് ചാനല്‍ പുറത്തിറങ്ങുന്നത്. ഇന്ത്യക്ക് പുറമേ മിഡില്‍ ഈസ്റ്റ്, യുഎസ്, യുകെ, ആഫ്രിക്ക തുടങ്ങി 52 രാജ്യങ്ങളില്‍ ചാനല്‍ ലഭ്യമാകും.

ദുബായി ഖാന്‍സ് മീഡിയ സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ഖാന്‍, സിഒഎ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. കേരള വിഷന്‍ ചാനല്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍ അധ്യക്ഷനായി. കെസിബിഎല്‍ മാനേജിംഗ് ഡയറക്ടര്‍ രാജ് മോഹന്‍ മാമ്പ്ര, കമ്പനി ഡയറക്ടര്‍ ബിനു ശിവദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top