Entertainment

മടക്കിക്കുത്തിയ മുണ്ടും കള്ളടിക്കുവാനൊരു പാട്ടും ; ആരാധകര്‍ക്ക് മമ്മൂക്കയുടെ കിടുക്കാച്ചി സര്‍പ്രൈസ് !

സുഹൃത്തുക്കളോടൊപ്പം രണ്ടെണ്ണം അടിച്ചിരിക്കുമ്പോള്‍ താളം പിടിക്കാന്‍ കിടിലന്‍ മൂഡുള്ളൊരു പാട്ടാണ് പുതിയ ചിത്രം അങ്കിളിലൂടെ മമ്മൂക്ക മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. എന്താ ജോണ്‍സാ കള്ളില്ലെ കല്ലുമാക്കായില്ലെ…
കള്ളിന് കൂട്ടാന്‍ കറിയില്ലെ കൊണ്ട് വാ വേഗത്തില്‍…!എന്ന് തുടങ്ങുന്ന പാട്ടിന്റെ മേക്കിംഗ് വീഡിയോ മമ്മൂക്ക തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. കള്ളിമുണ്ടുടുത്ത് ചിരിച്ചും രസിച്ചും ആസ്വദിച്ചാണ് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ മമ്മൂക്ക പാട്ടുപാടുന്നത്.

‘ഏറെക്കാലത്തിന് ശേഷമാണ് ഞാന്‍ പാട്ടുപാടാന്‍ ഒരുകൈ നോക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു.’ എന്ന് കുറിച്ചാണ് ഫേസ്ബുക്ക് പേജില്‍ പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്. പാട്ട് കേട്ടതിന് ശേഷം അഭിപ്രായം അറിയിക്കണമെന്നും ചേര്‍ത്തിട്ടുണ്ട്.

എന്തായാലും അഭിപ്രായങ്ങള്‍ കമന്റുകളായി ചൊരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ”ആരാ പറഞ്ഞെ മമ്മൂക്കായ്ക്ക് പാടാന്‍ അറിയില്ലെന്ന്. ഇക്കാ, ഒന്നും പറയാനില്ല പൊളിച്ചു ഇന്ന് ഈ പാട്ട് എത്ര തവണ കേള്‍ക്കുമെന്ന് എനിക്ക് തന്നെ അറിയില്ല…കാണാന്‍ കട്ട കാത്തിരിപ്പു എങ്ങനേലും ഒന്ന് നേരം വെളുത്ത മതി…വന്തിട്ടായ്യാ മക്കൂക്കയുടെ പാട്ട് വന്തിട്ടായ്യാ …ഇനി ഞങ്ങള്‍ക്ക് ആഘോഷത്തിന്റെ നാളുകള്‍.. മമ്മൂക്ക കിടുക്കി….യൂ ടൂബ് ഇനി ഇളകി മറിയും….റെക്കോഡുകള്‍ തിരുത്തപ്പെടട്ടെ.
മുണ്ട് മടക്കിക്കുത്തീട്ട് സ്റ്റുഡിയോയില്‍ ഇതുപോലൊരാള്‍ പാട്ട് പാടുന്നത് ചരിത്രത്തിലാദ്യമായിട്ടായിരിക്കും… ഇക്കാ ഇങ്ങ പൊളിച്ച്…
മമ്മൂക്ക പാട്ട് പൊളിച്ചു…..
ഇനിയും ഇതുപോലെ നല്ല പാട്ടുകള്‍ പാടണം ഇവിടെ ചിലരുടെ മുഖത്തു നോക്കി ഞങ്ങള്‍ക്കും പറയണം ഞങ്ങടെ ഇക്കയും നല്ലവണ്ണം പാടുമെന്ന്…..
പാട്ട് ആരുടെയും കുത്തക ഒന്നും അല്ലല്ലോ നമ്മുക്ക് പൊളിക്കാം ഇക്കാ…നിങ്ങളു പുലിയാണ് കേട്ടോ…മമ്മൂക്ക കിടുക്കാച്ചി പാട്ട്….
എന്നിങ്ങനെ അഭിനന്ദനങ്ങളുടേയും പുകഴ്ത്തലുകളുടേയും പ്രവാഹമാണ് കമന്റ് ബോക്‌സ് നിറയെ.

എന്നാല്‍ പാട്ടിനെ വിമര്‍ശിക്കുന്നവരും കുറവല്ല. സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ ഇതില്‍ എത്രയോ ഭേദം.  ആ പാവത്തിനെ കളിയാക്കിയവര്‍ ഇന്ന് ഈ വളിച്ച പാട്ടു കേള്‍ക്കുന്നു , എന്തോന്നാടായ് , ഈ പടം എങ്കിലും വിജയിച്ചാല്‍ മതി.

അല്ല ചങ്ങായി അന്റെ പാട്ടും ഡാന്‍സും ഒരു പോലെയാണല്ലോ…എന്ത് വെറുപ്പീര്..ഇത് എല്‍കെജി, യുകെജി കുട്ടികള്‍ക്കിടയില്‍ തരംഗമാകുമെന്ന് ഒരു സംശയവും വേണ്ട . മമ്മുക്ക സമ്മതിച്ചു ട്ടൊ ഒന്നും തോന്നരുത്, ഈ പാട്ട് പാടാന്‍ നല്ലൊരു ഗായകന്‍ വേറെ ഉണ്ടായിരുന്നു… നമ്മുടെ പണ്ഡിറ്റ്.., ജസ്റ്റ് ഒകെ ഫാന്‍സുകാര്‍ തള്ളി മറിക്കാന്‍ ഒന്നുമില്ല.. അക്രമം ആയിപോയി …പാട്ടല്ല പദ്യം, ഗാനഗന്ധര്‍വ്വന്‍ മമ്മൂക്ക…എന്നൊക്കെയാണ് കളിയാക്കലുകള്‍.

ലക്ഷണമൊത്ത ഒരു പാട്ടൊന്നുമല്ലെങ്കിലും പാട്ടിന് ഒരു മൂഡ് ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന വീഡിയോവില്‍ പാട്ടിനേക്കാള്‍ ഹൃദ്യമായിരിക്കുന്നത് അതിന്റെ ദൃശ്യങ്ങളാണ്. മമ്മൂക്ക പാടുന്നതും ബിജിപാലും സിദ്ദിക്കും ജോയ് മാത്യുവുമൊക്കെ പ്രോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുന്നതുമൊക്കെ ആരെയും രസിപ്പിക്കും. മമ്മൂട്ടിയുടെ പാട്ട് കേട്ട് ചിരിച്ച് വീഴുകയാണ് ഒടുവില്‍ എല്ലാവരും.

ഷട്ടറിന് ശേഷം ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. കൃഷ്ണ കുമാര്‍ എന്ന സമ്പന്ന വ്യവസായിയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രമാണ് ഇതെന്നാണ് സൂചനകള്‍. സിഐഎയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അരങ്ങേറ്റം കുറിച്ച കാര്‍ത്തിക മുരളിയാണ് നായിക. ജോയ് മാത്യു തന്നെയാണ് നിര്‍മാണവും. ചിത്രത്തില്‍ ഒരു പ്രധാനവേഷവും ജോയ് മാത്യു കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, കൈലേഷ്, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നിര്‍വഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top