കൊച്ചി: വരാപ്പുഴയില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനം തടയുകയും പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത 50 ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ ന്യൂനപക്ഷ കമീഷന് കേസെടുത്തു. കുന്നുകര സ്വദേശി ഷാഫി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വരാപ്പുഴ എസ്.എന്‍.ഡി.പി.ഭാഗത്ത് കാര്‍ തടഞ്ഞ് ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്ന പിഞ്ചു കുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് തയാറാക്കിയ റിപ്പോര്‍ട്ടും കമീഷന് പരിഗണനയിലെടുത്തു.
വഴിയാത്രക്കാരായ പെണ്‍കുട്ടികളെ വഴിയില്‍ അസഭ്യം പറഞ്ഞവര്‍ക്കെതിരെയും കമീഷന് കേസെടുത്തു. നോര്‍ത്ത് പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വുമണ്‍ ഇന്ത്യാ മൂവ്മെന്റ് പ്രവര്‍ത്തക കദീജ നല്കിയ പരാതിയിലാണ് കേസ്.