അമേരിക്ക ഒരു തൊഴില്‍ പറുദീസയെന്ന സങ്കല്പ്പത്തിന് മങ്ങലേല്ക്കുന്നു. എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മലയാളി യുഎസ് പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തും. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളി പ്രവാസികളെയാണ് നിയമം പ്രതികൂലമായി ബാധിക്കുക.
അമേരിക്ക പോലെ ചെലവേറിയ ഒരു രാജ്യത്ത് ഒരാളുടെ വരുമാനം കൊണ്ട് ജീവിച്ച് പോകാനാവില്ല. എച്ച്4 വിസയാണ് വര്‍ക്ക് പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നല്‍കാറുള്ളത്. ഒബാമയുടെ ഭരണകാലത്താണ് എച്ച്1 ബി വിസയുള്ളവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്.
ഉയര്‍ന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യവും സ്വപ്നം കണ്ട് അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുത്ത് വരുന്ന വലിയൊരു വിഭാഗം ആള്‍ക്കാരുടെ പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്.