Business

വയനാടന്‍ തണുപ്പില്‍ നിന്ന് കൊച്ചിയിലേക്കൊരു ചൂടന്‍ കോപി ലുവാക് !

നിമിഷ മോഹനന്‍

കോഫിയെ പ്രണയിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട പേരാണ് കോപി ലുവാക്. ലോകത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട, സ്വാദേറിയ കോഫി. കഫേ കോഫി ലുവാക് എന്ന ആ പേരു തന്നെയാണ് കൊച്ചി പനമ്പള്ളി നഗറില്‍ പുതുതായി ആരംഭിച്ച കഫേയിലേക്ക് ഞങ്ങളെ ആകര്‍ഷിച്ചത്. കാപ്പിക്കപ്പിലിരുന്ന് മെല്ലെ തലപൊക്കുന്ന കുഞ്ഞ് വെരുകിന്റെ ചിത്രം ചേര്‍ത്തുള്ള കഫേയുടെ പേരില്‍ തന്നെയുണ്ട് ഒരു കുസൃതിയും നല്ലൊരു ചൂടു കാപ്പി അകത്താക്കിയപോലൊരു ഉന്മേഷവും.

പനമ്പള്ളി നഗറില്‍ പ്രധാനപാതയോരത്ത് തന്നെയാണ് കഫേയുടെ നില്‍പ്പെങ്കിലും ഗേറ്റ് കടന്നാല്‍ നമ്മുടെ മൂഡ് ആകെ മാറും. മുറ്റത്ത് ഒരുക്കിയിരിക്കുന്ന ഊഞ്ഞാലുകള്‍, മേശയും ഇരിപ്പിടവുമാക്കി സജ്ജീകരിച്ചിരിക്കുന്ന മരത്തടികള്‍…ഇത് കഫറ്റീരിയ തന്നെയാണോ അതോ ഞങ്ങള്‍ക്ക് വഴിമാറി വല്ല പാര്‍ക്കിലേക്കും കയറിപ്പോയതാണോയെന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നോ..???
മുറ്റത്തുനിന്നും വാതില്‍ തുറന്ന് കയറുന്നത് മറ്റൊരു ലോകത്തിലേക്കാണ്. അതി മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഇന്റീരിയേര്‍സ്, ലൈറ്റിംഗ്, ബഹളങ്ങളില്ലാത്ത പതിഞ്ഞ താളത്തിലെത്തുന്ന സംഗീതം…ഒരു നിമിഷം മുമ്പ് നമ്മള്‍ കാലെടുത്ത് വച്ചത് മറ്റേതോ വന്‍കരയിലേക്കാണോ എന്ന കൗതുകം ഒന്നുകൂടെ വര്‍ധിച്ചത് കോഫി ഷോപ്പിന്റ ഉടമയെ കണ്ടപ്പോഴാണ്. വെള്ളിത്തിരയില്‍ നമ്മള്‍ പലപ്പോഴായി കണ്ട് സുപരിചിതമായ മുഖം, നിര്‍മല്‍ ജെയ്ക്. വയനാടന്‍ ചുരങ്ങളിറങ്ങി വീര പഴശ്ശിയുടെ മണ്ണില്‍ നിന്നെത്തിയ ന്യൂ ജെന്‍ നായകന്‍ ഇവിടെ ചമയങ്ങളില്ലാത്ത സംരഭകനായി.

നിര്‍മല്‍ ജെയ്ക്

”സൗകര്യമായി ഒന്നിരുന്ന് സംസാരിക്കാനോ, ഒരു ഡിസ്‌കഷനോ അനുയോജ്യമായ അന്തരീക്ഷമുള്ള ഹോട്ടലുകളും കഫേകളും എറണാകുളത്ത് ഇല്ല. അങ്ങനെയൊരു തോന്നലില്‍ നിന്നാണ് ഇവിടെ ഈ കെട്ടിടം ലഭിച്ചപ്പോള്‍ കഫേ തുടങ്ങാനുള്ള ആലോചനയുണ്ടാകുന്നത്.” കഫേയിലെ ചണനാരുകള്‍ കൊരുത്തുണ്ടാക്കിയ കുഷ്യന്‍ വിരിച്ച ഇരിപ്പിടത്തിലിരുന്ന് മലയാള സിനിമയിലെ ബിസിനസുകാരനായ നടന്‍ നിര്‍മല്‍ പറഞ്ഞു തുടങ്ങി.

ഈ കഫേയെപ്പറ്റി ആളുകള്‍ അറിഞ്ഞത് ഇവിടെ ലഭിക്കുന്ന കോപി ലുവാക് കോഫിയുടെ പേരില്‍ തന്നെയാണ്. ഒരു കപ്പ് കാപ്പിക്ക് 1600 രൂപയോ എന്ന അത്ഭുതം കലര്‍ന്ന ആ ചോദ്യം തന്നെയാണ് ഞങ്ങളുടെ ഈ കഫേയുടെ മാര്‍ക്കറ്റിംഗ്. അത് പറയുമ്പോള്‍ നിര്‍മലിന്റെ ചുണ്ടില്‍ ചെറിയൊരു ചിരി.

ഇറ്റാലിയന്‍ മെക്‌സിക്കന്‍ വിഭവങ്ങളാണ് കഫേ കോപി ലുവാക്കിലെ പ്രധാന മെനു.  എങ്കിലും കഫേയില്‍ കോപി ലുവാക്ക് മാത്രം തിരക്കിയെത്തുന്നവരും കുറവല്ലെന്ന് നിര്‍മല്‍ പറയുന്നു.

ഇന്ത്യോനേഷ്യയാണ് കോപി ലുവാക് എന്ന കാപ്പിയുടെ ജന്മദേശം. മരപ്പട്ടി അഥവാ വെരുക് വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ജീവിയാണ് സിവറ്റ്. കാപ്പികുരു ഭക്ഷിക്കുന്ന സിവറ്റിന്റെ കാഷ്ഠത്തില്‍ നിന്ന് ദഹിക്കാതെ പുറംതള്ളിയ കുരുക്കള്‍ ശേഖരിച്ച് സംസ്‌കരിച്ച് ഉണ്ടാക്കുന്ന കാപ്പിയാണ് കോപി ലുവാക്. സിവറ്റ് കോപ്പിയെന്നും ഇതിന് പേരുണ്ട്. സിവറ്റിന്റെ കാഠിന്യമേറിയ ദഹന രസങ്ങള്‍ കൂടിചേരുമ്പോള്‍ കാപ്പിക്ക് പുതിയൊരു ഫ്‌ലേവറും രുചിയും ലഭിക്കുന്നു.

ഇന്തോനോഷ്യയിലെ സുമാത്ര ദ്വീപിലെ കര്‍ഷകരാണ് വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നും കാപ്പിക്കുരുക്കള്‍ ശേഖരിക്കുന്നത്. ഏറെ പ്രയാസമുള്ള ജോലിയാണത്. ശേഖരിച്ച കാപ്പിക്കുരു കൃത്യതയോടെ ശുദ്ധീകരിച്ച് സംസ്‌കരിച്ചാണ് കാപ്പി തയ്യാറാക്കുവാനായി ഉപയോഗിക്കുന്നത്. അത് ഇറക്കുമതി ചെയ്ത് ഇവിടെ എത്തുമ്പോഴേക്കും കിലോയ്ക്ക് ഒരു ലക്ഷത്തിലേറെ രൂപ ഞങ്ങള്‍ക്ക് ചിലവ് വരും. കാപ്പിക്കുരുവാണ് ലഭിക്കുന്നത്. അത് റോസ്റ്റ് ചെയ്യുന്നതും പൊടിക്കുന്നതും ഒക്കെ ഞങ്ങള്‍ തന്നെയാണ്. സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വെള്ളം തിളപ്പിച്ചല്ല കോപി ലുവാക് ഉണ്ടാക്കുന്നത് അതിന് പ്രത്യേക പോട്ട് ഒക്കെ വേണം.

1600 രൂപയാണ് ഒരു കപ്പ് കോപി ലുവാകിന് ഇവിടെ ഞങ്ങള്‍ ഈടാക്കുന്നത്. അതും ലാഭം  പോലും നോക്കാതെയാണെന്നോര്‍ക്കണം. ഒന്നരമാസമല്ലേ ആയുള്ളൂ, ലാഭത്തിന്റെ കാര്യം ഇപ്പോള്‍ ആലോചിക്കുന്നേയില്ല, പക്ഷെ ഓരോന്നിന്റെയും പുറകില്‍ വര്‍ക്ക് നടക്കുന്നുണ്ട്. റിസള്‍ട്ട് പതിയേ വരും.” മാര്‍ക്കിറ്റിംഗില്‍ സ്പഷ്യലൈസ് ചെയ്ത എംബിഎക്കാരനായ, നിറയെ ആത്മവിശ്വാസമുള്ള ബിസിനസ് ബ്രെയിനാകുന്നു നിര്‍മല്‍ അപ്പോള്‍.

വയനാട്ടിലും ബാഗ്ലൂരിലും പിന്നീടിപ്പോള്‍ കൊച്ചിയിലുമൊക്കെയായി ജീവിതം ബിസിനസിന് ചുറ്റുമായി കറങ്ങുമ്പോഴും സിനിമാ മോഹങ്ങള്‍ കൈവിട്ടിട്ടില്ല നിര്‍മല്‍. ബിസിനസ് മാത്രം മനസ്സില്‍ കൊണ്ടുനടന്ന കാലത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് തമിഴ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ആദ്യം അഭിനയിച്ചത് ഇരുകോണം എന്ന ചിത്രത്തില്‍ നായകവേഷത്തില്‍. അതിന്റെ ചിത്രീകരണം പൂര്‍ത്തിയാകും മുമ്പ് റബേക്ക ഉതുപ്പ് കിഴക്കേമല എന്ന മലയാള ചിത്രത്തിലേക്ക്. ആന്‍ അഗസ്റ്റിന്‍ നായികയായെത്തിയ ചിത്രത്തില്‍ ജിഷ്ണുവിനും സിദ്ധാര്‍ത്ഥിനുമൊപ്പം പ്രധാന വേഷത്തില്‍.

തമിഴിലാണ് അരങ്ങേറ്റമെങ്കിലും ആദ്യം തിയറ്ററുകളിലെത്തുന്നതു റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രമാണ്. വില്ലേജ് ഗൈസ് എന്ന ചിത്രത്തിലും നായകനായി. പിന്നീട് ചെയ്തതെല്ലാം തമിഴ് ചിത്രങ്ങള്‍. നിര്‍മല്‍ ജെയ്ക് എന്ന നായക നടന് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു എല്‍ടിടിഇ നേതാവ് വേലുപ്പിളളി പ്രഭാകരന്റെ മകന്റെ മരണം പ്രമേയമാക്കിയ പുലി പാര്‍വൈ എന്ന സിനിമ. തമിഴിലെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ചലച്ചിത്ര മേഖലയിലെ സൗഹൃദക്കൂട്ടങ്ങളായും പുതിയ സിനിമാ ചര്‍ച്ചകള്‍ക്കുമായി നിരവധി സെലിബ്രിറ്റികളാണ് കോപി ലുവാക്കില്‍ നിത്യവും എത്തുന്നത്. ഇവിടുത്തെ ഈ ആമ്പിയന്‍സ് തന്നെയാണ് അതിന്റെ പ്രധാന കാരണം. എത്ര നേരം വേണമെങ്കിലും ഇരുന്ന് സംസാരിക്കാം. ഓരോ ഇടത്തിനും ആവശ്യമുള്ള സ്വകാര്യതയുമുണ്ട്. ഓരോ സ്‌പേസും അവരുടേതായ ഒരു ലോകമാണ്. ഇതാണ് കോപി ലുവാക്കിനെ മറ്റ് കോഫി ഷോപ്പുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

കഫേ കോഫി ലുവാക്

സൈക്കിള്‍. ടയറുകള്‍, കെറ്റിലുകള്‍, ഗ്ലാസുകള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഏവര്‍ക്കും പരിചിതമായവയെ പുത്തന്‍ രൂപത്തിലും ഭാവത്തിലും നിറക്കൂട്ടിലും ചാലിച്ച് ഉപയോഗിച്ചാണ് ഇന്റീരിയേര്‍സ് ഒരുക്കിയിരിക്കുന്നത്.

നിര്‍മലും ബിസിനസ് പാര്‍ട്ണറായ ഷീബ മണിശങ്കറും ചേര്‍ന്നാണ് ഇന്റീരിയേര്‍സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷീബയും സിനിമാ മേഖലയില്‍ തന്നെ. ഫാഷന്‍ ഡിസൈനറാണ് ഷീബ. നായിക എന്ന പേരില്‍ ബൊട്ടീക്കും നടത്തുന്നുണ്ട്. ഇത്ര മനോഹരമായി ഇന്റീരിയേര്‍സ് ഡിസൈന്‍ ചെയ്തതിന് പുറകിലെ മാസ്റ്റര്‍ ബ്രെയിന്‍ ഷീബയുടേതാണെന്ന് പറഞ്ഞ് മുഴുവന്‍ ക്രെഡിറ്റും ഷീബയ്ക്ക് നല്‍കുകയാണ് നിര്‍മല്‍.

ഷീബ മണിശങ്കര്‍

ബാംഗ്ലൂരില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയെത്തിയ ഷീബ മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങള്‍ക്ക് വസ്ത്രലങ്കാരം നിര്‍വഹിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത നായിക എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. ചട്ടക്കാരി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഷീബ തയ്യാറാക്കിയ കോസ്റ്റിയൂമുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീറ്റിംഗുകള്‍ കുത്തി നിറയ്ക്കാതെ വളരെ വ്യത്യസ്തമായി ഇരിപ്പിടങ്ങള്‍ ഒരുക്കിയാണ് ഓരോ സ്‌പെയ്‌സും ഉപയോഗിച്ചിരിക്കുന്നത്. മരത്തടി മുതല്‍ സാദാ കസേരകളും നിലത്തു വിരിച്ചിരിക്കുന്ന കുഷ്യനുകളും എന്തിന് കൊട്ടത്തോണി പോലുമുണ്ട് ഇരിപ്പിടങ്ങളായി. ഒരു ടേബിളിന് ചുറ്റുമിരുന്ന് കഴിക്കുക എന്ന ഭക്ഷണരീതി സങ്കല്‍പങ്ങളെ പാടെ പൊളിച്ചെഴുതുകയാണ് കഫേ കോപി ലുവാക്. വ്യത്യസ്തമായ ഒരു ഭക്ഷണാനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്കായി നിര്‍മലും ഷീബയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

കഫേ കോഫി ലുവാകിലെ കൊട്ടത്തോണി

കോപി ലുവാക്കിന്റെ വലിയ വില കേട്ട് ഞെട്ടി കഫേ കോഫി ലുവാക്കിലെ വിവിധ രുചികള്‍ തേടിയെത്താന്‍ മടിക്കേണ്ട. ബീഫ് സ്റ്റേക്ക്, ചിക്കന്‍ സ്റ്റേക്ക്, ഗ്രില്‍ഡ് ഫിഷ് പോര്‍ട്ടുഗീസ്, പാസ്തകള്‍, ബര്‍ഗറുകള്‍, സ്മൂത്തീസ്, ഫ്യൂഷന്‍ ഡ്രിങ്കുകള്‍ തുടങ്ങിയ വ്യത്യസ്ത രുചികള്‍ക്കൊപ്പം കോണ്ടിനെന്റല്‍ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കഫേ കോപി ലുവാക്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ അനുസരിച്ച് തുടര്‍ന്നും മെനുവില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മല്‍ തയ്യാറാണ്.

ഒരു തവണ കയറിയാല്‍ കീശ കാലിയാകുമെന്ന പേടിയേ വേണ്ട. മിതമായ നിരക്കുമാത്രമാണ് ഓരോ വിഭവത്തിനും ഇവിടെ ഈടാക്കുന്നത്. ഒരേ ഒരു തവണയെന്ന് പറഞ്ഞ് കയറുന്നവര്‍ സ്ഥിരം ഉപഭോക്താക്കളാകുന്നതാണ് അനുഭവമെന്ന് നിര്‍മല്‍ കൂട്ടിച്ചേര്‍ക്കുന്നു.

”ഇവിടെ മുറ്റത്ത് കുറേ കൂടി സൗകര്യങ്ങള്‍ ഒരുക്കണം. മഴക്കാലമല്ലേ വരാനിരിക്കുന്നത്, ഒരു ഗ്രീനിഷ് അന്തരീക്ഷത്തില്‍ എന്‍ജോയിംഗ് മണ്‍സൂണ്‍ എന്നൊരു സങ്കല്‍പമുണ്ട് മനസ്സില്‍. അതിനുള്ള വര്‍ക്കുകള്‍ നടക്കുന്നുണ്ട്. ഒപ്പം സിനിമയിലും സജീവമാകണം. നല്ല അവസരങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. സിനിമാ നിര്‍മാണത്തിലും ഒരു കൈ നോക്കിയേക്കാമെന്നുണ്ട്.” ബിസിനസിലും സിനിമയിലുമുള്ള തന്റെ സ്വപ്‌നങ്ങള്‍ മറച്ചുവയ്ക്കുന്നില്ല ഈ ചെറുപ്പക്കാരന്‍.

അത്രയും നേരം യുവാക്കള്‍ നിറഞ്ഞു നിന്ന കഫേ വൈകുന്നേരമായപ്പോഴേക്കും കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ച് ഹൃദ്യമായൊരു സായാഹ്നം ചിലവഴിക്കാനുള്ള ഇടമായി. ആരുടേയോ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷാരവങ്ങള്‍ ഒരു കോര്‍ണറില്‍ നിന്ന് ഉയരുന്നു… സന്തോഷവും സംതൃപ്തിയും നിറയുന്ന മുഖങ്ങളാണ് ചുറ്റും. ”ഈ കാണുന്ന പോസിറ്റീവ് വൈബ്‌സ് …ഞങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന കാപ്പിയുടെ മധുരത്തിനൊപ്പം അതു തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ മേലുള്ള വിശ്വാസം…”കഫേ കോപി ലുവാകില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഞങ്ങളോട് ചെറു ചിരിയോടെ നിര്‍മല്‍ പറഞ്ഞു നിര്‍ത്തി….

                                                            ചിത്രങ്ങള്‍ ; മെബിന്‍ ബാബു
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top