ഹവാന: ക്യൂബയുടെ പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു. ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിലാണ് മിഗ്വല്‍ ഡിയസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്.
രാജ്യത്തെ അധികാരകേന്ദ്രമായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വൈസ് പ്രസിഡന്റായിരുന്ന മിഗ്വല്‍ ഡിയസ് പ്രസിഡന്റാകുമെന്നാണ് നേരത്തെ നിശ്ചയിക്കപ്പെട്ട കാര്യമാണ്. റൗള്‍ കാസ്ട്രോയുടെ ഉറ്റ അനുയായികൂടിയാണ് മിഗ്വല്‍ ഡിയസ്.
അതേസമയം പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. പാര്‍ടിയുടെ മേധാവിയും സര്‍വസൈന്യാധിപനും റൗള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ നേതൃമാറ്റമുണ്ടായെങ്കിലും രാജ്യത്തിന്റെ അടിസ്ഥാനനയങ്ങള്‍ മാറിയേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.