ഓഹരി വിപണിയില്‍ നേട്ടത്തിന്റെ വ്യാഴാഴ്ചയാണ് ഇന്ന് ദൃശ്യമായത്. ഐടി ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സ് ഐടി ഇന്‍ഡെക്സ് 3 ശതമാനമാണ് വര്‍ധിച്ചത്.
ടിസിഎസ്, എച്ച്സിഎല്‍ എന്നീ ഐടി കമ്പനികള്‍ക്ക് 4 ശതമാനത്തോളം വര്‍ധനയുണ്ടായി. ഇന്‍ഫോസിസ് 3 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. 2019 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് വിപണിവൃത്തങ്ങള്‍ കരുതുന്നത്.
മെറ്റല്‍ ഓഹരികള്‍ക്ക് പൊതുവേ വില കുറവായിരുന്നു. വെന്‍ഡേറ്റാ 2.4 ശതമാനവും ടാറ്റാ സ്റ്റീലിന് 1.6 ശതമാനവും ഇടിവുണ്ടായി.
മുംബൈ വില സൂചിക 160 പോയിന്റ് വര്‍ധിച്ച് 34101ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 41 പോയിന്റ് വര്‍ധിച്ച് 10458ലാണ് ക്ലോസ് ചെയ്തത്.
അമേരിക്ക, ചൈനാ വ്യാപാര കരാര്‍ യുദ്ധത്തിന്റെ കാര്‍മേഘം ഒഴിഞ്ഞുവെങ്കിലും ഏഷ്യന്‍ വിപണിയില്‍ മാന്ദ്യം തുടര്‍ന്നു. സിറിയയില്‍ അമേരിക്ക സൈനിക നടപടി ശക്തിപ്പെടുത്തുമെന്ന സൂചനയാണ് ഏഷ്യന്‍ വിപണിയിലെ മുരടിപ്പിന് കാരണം. പെട്രോളിയം ഉത്പന്നങ്ങളുടെ ഉയര്‍ന്ന വിലയും സപ്ലൈയിലുണ്ടാകുന്ന പ്രതിസന്ധികളും ഏഷ്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലോകത്തിലെ രണ്ട് വലിയ ശക്തിയായ അമേരിക്കയും റഷ്യയും സിറിയയില്‍ ഏത് വിധേന പ്രതികരിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.