ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് രണ്ടാം ജയം. പൂള് ബി മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
ഹര്മന് പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മൂന്നാം മിനുട്ടിലും 43ാം മിനിറ്റിലുമായിരുന്നു ഹര്മന് പ്രീതിന്റെ ഗോള്‍. ഫൈസല്‍ സാരി മലേഷ്യയുടെ ഏക ഗോള്‍ നേടി.
ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്കുള്ള സാധ്യത ഇന്ത്യ വര്‍ധിപ്പിച്ചു.