Home app

ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം ; കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി

കൊച്ചി: കേരളത്തില്‍ അടിയ്ക്കടി നടത്തുന്ന സമരങ്ങള്‍ ടൂറിസം വ്യവസായത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്നതിനാല്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് ടൂറിസം വ്യവസായത്തെയും അനുബന്ധ മേഖലകളെയും ഒഴിവാക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെടിഎം) അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ കേരളം സന്ദര്‍ശിക്കാന്‍വേണ്ടി വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലുമെത്തുന്നവരെ പെരുവഴിയിലാക്കുമെന്ന് കെടിഎം പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു.

കേരളം വിനോദസഞ്ചാരത്തെ കാര്യമായി ആശ്രയിക്കുന്നുണ്ട്. വന്‍തോതില്‍ വരുമാനം തരുന്ന ഈ മേഖലയെ ഹര്‍ത്താലുകള്‍ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ ഏറ്റവുമധികം അലോസരപ്പെടുത്തുന്നത് സമരങ്ങളാണ്. ബലപ്രയോഗത്തിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്നത് ഒരു സംസ്ഥാനത്തിനും യോജിച്ചതല്ല. കേരളത്തെക്കുറിച്ച് പുറംനാടുകളില്‍ തെറ്റായ സന്ദേശം നല്‍കാനും വിനോദസഞ്ചാര വ്യവസായത്തെ ദുര്‍ബലപ്പെടുത്താനും ഇത് ഇടയാക്കുമെന്നും ബേബി മാത്യു ചൂണ്ടിക്കാട്ടി.

ഈ പ്രവണത തുടരുകയാണെങ്കില്‍ സ്വന്തം വസ്തുവകകള്‍ക്കും തൊഴിലാളികള്‍ക്കും സുരക്ഷിതത്വമില്ലെന്നു കരുതി കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകരും വ്യവസായികളും മടിക്കും. ഭക്ഷണവും ഗതാഗത സൗകര്യവുമില്ലാതെ അലയേണ്ടിവരുന്ന സഞ്ചാരികള്‍ക്ക് വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ താല്പര്യമുണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുപ്പതു വര്‍ഷത്തോളമെടുത്താണ് കേരളത്തിലെ ടൂറിസം വ്യവസായം ഇന്നത്തെ വളര്‍ച്ച കൈവരിച്ചത്. അടിയ്ക്കടിയുള്ള സമരങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ക്കാണ് ആഘാതമേല്‍പിക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ കണക്കു നോക്കുകയാണെങ്കില്‍ 2017ല്‍ കേരളം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ക്കാണ് ആതിഥ്യമരുളിയത്.

തലേവര്‍ഷത്തെ അപേക്ഷിച്ച് 10.94 ശതമാനം വളര്‍ച്ചയാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ വര്‍ധന ഇതേ കാലയളവില്‍ 2016-നെ അപേക്ഷിച്ച് 11.39 ശതമാനമായിരുന്നു. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന സമരങ്ങളില്‍നിന്ന് പിന്മാറാന്‍ കൂട്ടായ ശ്രമം നടത്തണമെന്ന് അദ്ദേഹം രാഷ്ട്രീയപാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top