Film News

പരോളിലും രക്ഷയില്ല , ഇനി പ്രേക്ഷകര്‍ തൂക്കുകയര്‍ എടുക്കുമോ എന്ന് കാത്തിരുന്ന് കാണാം !

പഴയകാല വീരഗാഥകള്‍ പാടിപ്പാടി മടുത്തെങ്കില്‍ കഴിഞ്ഞ ഒരുഎട്ടു വര്‍ഷങ്ങളിലൂടെ നിങ്ങള്‍ വെറുതേയൊന്ന് കണ്ണുപായിക്കണം, പറയുന്നത് മമ്മൂട്ടിയുടെ ആരാധകക്കൂട്ടങ്ങളോടാണ്.  മൂന്നുവട്ടം ദേശീയ അവാര്‍ഡ്
സ്വന്തമാക്കിയ ആ മഹാനടന്റെ പ്രതിഭയോട് നിങ്ങള്‍ എന്ത് അനീതിയാണ് കാണിക്കുന്നതെന്ന് അറിയാന്‍ ദൂരെയൊന്നും പോകേണ്ട, ഏറെയൊന്നും ചിന്തിക്കേണ്ട. കൈയ്യടിച്ചും ആര്‍പ്പു വിളിച്ചും നിങ്ങള്‍ ആഘോഷമാക്കി വിജയിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഒന്നു കടന്നുപോയാല്‍ മാത്രം മതി.

ഏറി വരുന്ന തന്റെ പ്രായത്തിന് കൂച്ചുവിലങ്ങിട്ടെന്ന് പ്രേക്ഷകരെ അല്ല ആരാധകരെ അമ്പരപ്പിക്കാനായി മാത്രം കെട്ടിയാടുന്ന പടുവേഷങ്ങള്‍ മാത്രമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ നടന്റേതായി ബാക്കിയാവുന്നത്. നായകനടനോളുള്ള ആരാധനയ്ക്കുമുന്നില്‍ വിവേകവും സ്വന്തം വിവേചന ബുദ്ധിയും അടിയറവു വച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് തിരിച്ചറിയാനാവും. കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതതയെ ഒന്ന് ഉദാഹരിച്ചു എന്ന ഒരൊറ്റക്കാരണത്തിന്റെ പുറത്ത് നിങ്ങള്‍ വെട്ടുകിളിക്കൂട്ടങ്ങളായിച്ചെന്ന് കടന്നാക്രമിച്ച ഒരു നടിയുണ്ട് ഇവിടെ. സ്ലട്ട് ഷേമിംഗും വെര്‍ബല്‍ റേപ്പും നടത്തി ആ നടിയെ ഒതുക്കാന്‍ നിങ്ങള്‍ കാണിച്ച പരിശ്രമത്തിന്റെ ഒരംശമെങ്കിലും നിങ്ങള്‍ നിങ്ങളുടെ ആരാധനാ പുരുഷന്റെ ചിത്രങ്ങളെ വിലയിരുത്താന്‍ കാണിക്കണം.

വക്കീലുദ്യോഗം വലിച്ചെറിഞ്ഞ് വൈക്കംകാരനായ പി ഐ മുഹമ്മദ് കുട്ടി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയായത് , ആമുഖങ്ങള്‍ ആവശ്യമില്ലാത്ത നടനായത് സഹൃദയ ഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് സമ്മാനിച്ചതുകൊണ്ടുതന്നെയാണ്.

പത്മശ്രീ പുരസ്‌കാരം, 5 തവണ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള അവാര്‍ഡ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള
നടന്റെ 2010 മുതല്‍ ഇങ്ങോട്ടുള്ള ചിത്രങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് ഓര്‍ക്കുന്നുണ്ടോ നിങ്ങള്‍ ? നടനില്‍ നിന്ന് വെറും നായകന്‍ മാത്രമായ കുറേ കെട്ടിയാടലുകള്‍ മാത്രമായി ആ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫില്‍ തന്നെയുണ്ട്.

കോബ്ര, താപ്പാന, ബാവൂട്ടിയുടെ നാമത്തില്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പ്രൈസ് ദ ലോര്‍ഡ്, രാജാധിരാജ, അച്ചാ ദിന്‍, ഉട്ട്യോപ്യയിലെ രാജാവ്, കസബ, വൈറ്റ്, തോപ്പില്‍ ജോപ്പന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, മാസ്റ്റര്‍ പീസ്…ഇരുന്ന് നോക്കിയാല്‍ പട്ടിക ഇനിയും നീളുകയേ ഉള്ളൂ. ഒടുവില്‍ ഇപ്പോഴിതാ പരോളും. ഏറെ കൊട്ടിഘോഷിക്കലുമായെത്തിയ പരോളും ചുവപ്പ് കൊടിയുടേയും സഖാവെന്ന വാക്കിന്റേയും മറവില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച പാഴ്ക്കാഴ്ചയായി പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി മമ്മൂട്ടി ചിത്രങ്ങള്‍ ഒരു നിലവാരവും പുലര്‍ത്താതെ ഇറങ്ങുകയും പരാജയപ്പെടുകയും ചെയ്യുന്നത് പതിവാകുകയാണ്.

തന്റെ സൗന്ദര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സ്റ്റൈലിഷ് ആയ വേഷങ്ങളിലേക്ക് മാത്രം മമ്മൂട്ടി ഒതുങ്ങിപ്പോകുന്നതെന്താണ്. അതോ കഥാപാത്രങ്ങള്‍ മമ്മൂട്ടി എന്ന വ്യക്തിയിലേക്ക് വല്ലാതെ ഒതുങ്ങുന്നതോ…എല്ലാവരുടേയും ഇക്ക ആണെങ്കിലും, പ്രായം എത്രയാണെന്നതും എല്ലാവര്‍ക്കും അറിയാം. എങ്കിലും ഒരു കാമുകന്‍, വിവാഹിതന്‍, ചെറിയ കുട്ടിയുടെ അച്ഛന്‍ ഇത്തരം വേഷങ്ങളല്ലാതെ മറ്റു കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് ഏറെ പ്രയാസമാണെന്ന് സിനിമകളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി(വൈ എസ് ആര്‍ റെഡ്ഡി)യുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്നതാണ് പുതിയ വാര്‍ത്ത.

കഴിഞ്ഞ ദിവസമാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കിയത്. വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച്, ജനങ്ങള്‍ക്കു നേരെ കൈവീശി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഗൗരവമായ വിഷയം പ്രമേയമായി വരുന്ന ബയോപിക് ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഒരു തിരിച്ചുവരവിനുകൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വടക്കന്‍ വീരഗാഥയിലൂടെയും മതിലുകളിലൂടെയും വിധേയനിലൂടേയും പാലേരി മാണിക്യത്തിലൂടെയുമൊക്കെ പകര്‍ന്നാട്ടത്തിന്റെ അത്ഭുതരസതന്ത്രം കാണിച്ചു തന്ന, പോക്കിരി രാജയിലും ചട്ടമ്പിനാടിലും തുറുപ്പുഗുലാനിലൂടെയുമൊക്കെ മാസ് ഹീറോയിസത്തിലൂടെ ഹരമായ മമ്മൂട്ടിയെയാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം.

തമിഴ് ചിത്രമായ പേരന്‍പ്, സന്തോഷ് ശിവന്റെ കുഞ്ഞാലി മരക്കാര്‍, സജീവ് പിള്ള ഒരുക്കുന്ന മാമാങ്കം, മധുപാലിന്റെ ധര്‍മ്മക്ഷേത്രം, അങ്കിള്‍, ബ്രഹാമിന്റെ സന്തതികള്‍, വമ്പന്‍, സിബിഐ -5, ഉണ്ട, രാജ 2, ഒരു കുട്ടനാടന്‍ ബ്ലോഗ് , കാട്ടാളന്‍, ബിഗ് ബി 2, നാദിര്‍ഷയുമായുള്ള ചിത്രം, ഷാഫിയോടൊപ്പമുള്ള ചിത്രം, ലിജോ ജോസ് പല്ലിശ്ശേരി ചിത്രം, സൗബിന്‍ ചിത്രം, രജനിയോടൊപ്പമുള്ള മറാഠി ചിത്രം തുടങ്ങി നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്ത് വരാനുള്ളത്. ഈ 66ാം വയസ്സിലും ഇത്രയും പ്രൊജക്ടുകള്‍ കാത്തിരിക്കുന്നുവെങ്കില്‍ ലോകത്ത് തന്നെ ആ നടന്റെ പേര് മമ്മൂട്ടി എന്നായിരിക്കണം. അവിടെയാണ് ആ നടനില്‍ പ്രേക്ഷകര്‍ക്ക് എന്തുമാത്രം പ്രതീക്ഷയുണ്ടെന്ന് കൂടി തിരിച്ചറിയാനാകുന്നത്.

കാമ്പില്ലാത്ത, അഭിനയ മുഹൂര്‍ത്തങ്ങളില്ലാത്ത സിനിമകള്‍ക്ക് കൈയടിക്കാന്‍ നില്‍ക്കാതെ, ഊതിപ്പെരുപ്പിച്ച കണക്കുകളുമായി ഫാന്‍ഫൈറ്റിന് നില്‍ക്കാതെ അന്ധമായ ആരാധന മാറ്റി നിര്‍ത്തി നിങ്ങള്‍ നല്ല ചിത്രങ്ങള്‍ക്ക് കൈയടിക്കൂ. അപ്പോള്‍ മാത്രമേ അവയ്ക്ക് തുടര്‍ച്ചകളുണ്ടാകൂ. വെറും വേഷം കെട്ടലുകളല്ല ആ അഭിനയ പ്രതിഭയില്‍ നിന്ന് ഈ സമൂഹം പ്രതീക്ഷിക്കുന്നതെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസ്സിലാക്കൂ. സൗകര്യപ്പെടില്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ നായകന്റെ സിനിമയുടെ അവസ്ഥ തന്നെയാകും നായകനും, ഉട്ടോപ്യയിലെ രാജാവ് !

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top