ജയ്പുര്‍: പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലെ രാജസ്ഥാന് റോയല്‍സ് ടീം നായക സ്ഥാനം രാജിവച്ചു. പകരം ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ് ഇനി രാജസ്ഥാന് റോയല്‍സിനെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനിന്നെങ്കിലും സ്മിത്ത് ടീമില്‍ തുടരും. കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഓസീസിന്റെ നായകസ്ഥാനവും രാജി വെച്ചിരുന്നു.
സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് ഐസിസി വിലക്കിയതോടെ താരത്തിന്റെ ഐപിഎല്‍ ഭാവിയും അനശ്ചിതത്വത്തിലായിരുന്നു. സ്മിത്തിനെ രാജസ്ഥാന് റോയല്‍സിന്റെ നായക സ്ഥാനത്തുനിന്ന് നീക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐയുടെ നിര്‍ദേശം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു രാജസ്ഥാന് റോയല്‍സ്. ഇതിനിടെയാണ് സ്മിത്തിന്റെ രാജിപ്രഖ്യാപനം. പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഐസിസിയുടെ കണ്ടെത്തല്‍. മാച്ച് ഫീയുടെ 100 ശതമാനം പിഴയും സ്മിത്ത് അടയ്ക്കണം.