ചവറ കൊറ്റന്‍കുളങ്ങര ദേവിക്ഷേത്രത്തില്‍ ചമയവിളക്കെടുക്കാനെത്തിയത് ആയിരത്തോളം പുരുഷാംഗനമാര്‍. അഭീഷ്ടസിദ്ധിക്കായി സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാര് പ്രായ വ്യത്യാസമില്ലാതെ വ്രതശുദ്ധിയോടെയാണ് വിളക്കെടുക്കാന്‍ രണ്ട് ദിവസങ്ങളിലായി എത്തിയത്. കേരളീയ വേഷം ധരിച്ച് മുല്ലപ്പൂ ചൂടി കണ്ണെഴുതി പൊട്ടും തൊട്ടാണ് ഭൂരിഭാഗം പേരും വിളക്കെടുക്കാന്‍ എത്തിയത്.
ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായെത്തിയ ആളുകളെകൊണ്ടും വിളക്കെടുപ്പ് കാണാനെത്തിയവരെകൊണ്ടും ക്ഷേത്രവും പരിസരവും നിറഞ്ഞിരുന്നു. കുട്ടികള്‍ മുതല്‍ വൃദ്ധന്മാര് വരെ വിളക്കെടുക്കാനെത്തി. ഭിന്നലിംഗക്കാരും ചമയവിളക്ക് എടുക്കാനെത്തിയിരുന്നു. പുരുഷാംഗനമാര്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെത്തി ശ്രീകോവിലിനുമുന്നില്‍ നിന്ന് വിളക്കു കത്തിച്ച് പ്രദക്ഷിണം വച്ച് വരിവരിയായി നില്ക്കും. ദേവിയുടെ അനുഗ്രഹം വാങ്ങിയതിനുശേഷമാണ് ഭക്തര്‍ വീടുകളിലേക്ക് മടങ്ങിയത്.