Football

ഐഎസ്എല്‍: കലാശപ്പോരാട്ടം ഇന്ന് ബംഗളുരുവില്‍

ബംഗലുരു: ഐഎസ്എല്‍ നാലാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കും. അരങ്ങേറ്റത്തില്‍ തന്നെ കീരീടമണിയാനൊരുങ്ങി ബംഗളുരു എഫ്‌സി ബൂട്ട് കെട്ടുമ്പോള്‍ സൂപ്പര്‍ലീഗിലെ രണ്ടാം കിരീടം സ്വന്തമാക്കാനുറച്ചാണ് ചെന്നൈയില്‍ എഫ്‌സി ഇന്ന് ബംഗളുരുവിലെത്തുക. രാത്രി എട്ടിന് കാണ്ഠീവര സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം അരങ്ങേറുക. ലീഗില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം എതിരാളിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ചരിത്രമാണ് ഇരുടീമുകളുടേതും. അതുകൊണ്ടുതന്നെ എത്രയേറെ നനച്ചാലും ഇന്ന് ബംഗലുരുവിലെ പച്ചപ്പുല്‍ മൈതാനത്തിന് തീപിടിക്കുമെന്നുറപ്പ്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്തുറ്റ മുഖമായ സുനില്‍ ഛേത്രി തന്നെയാണ് ബംഗളുരു എഫ്‌സിയുടെ കുന്തമുന. മുന്നേറ്റത്തില്‍ ഛേത്രിയും മിക്കുവും ഉണര്‍ന്നുകളിച്ചാല്‍ ചെന്നൈയിന്‍ പ്രതിരോധത്തിനത് പിടിപ്പത് പണിയുണ്ടാക്കും. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നും നാലും സ്ഥാനക്കാരാണ് മിക്കുവും ഛേത്രിയും. സെന്റര്‍ ഡിഫന്‍ഡര്‍മാരായ സ്പാനിഷ് താരം യുവാന്‍ അന്‍േറാണിയോയും ഇംഗ്ലീഷ് താരം ജോണ്‍ ജോണ്‍സണുമൊപ്പം രാഹുല്‍ ഭേക്കെയും സുഭാശിഷ് ബോസും അണിനിരക്കുന്നതാണ് പ്രതിരോധനിര. കളിച്ച മത്സരങ്ങളിലെല്ലാം അസാമാന്യമായ പ്രൊഫഷണലിസം കാഴ്ചവെച്ച ബംഗളുരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്.

ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ ചെന്നൈയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്ന ജെജെ ലാല്‍പെകുലയാണ് ചെന്നൈയിന്‍ എഫ്‌സിയുടെ തുറുപ്പുചീട്ട്. ആദ്യസീസണിന്റെ സെമിഫൈനലില്‍ കേരളത്തോട് പരാജയപ്പെട്ട് പുറത്ത് പോയ ചെന്നൈയിന്‍ രണ്ടാം സീസണില്‍ കപ്പുമായാണ് മടങ്ങിയത്. ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധമാണ് ടീമിന്റേത് എന്നതാണ് മറ്റൊരു പ്രത്യകത.

കാവേരി ഡര്‍ബി എന്ന് ആരാധകര്‍ പേരിട്ടുവിളിക്കുന്ന അയല്‍പക്ക ഫൈനലില്‍ മോഹക്കപ്പില്‍ മുത്തമിടുന്നതാര് എന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഫൈനല്‍ അയല്‍ക്കാര്‍ തമ്മിലാണല്ലോയെന്ന ആശ്വാസമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. ആര് ജയിച്ചാലും കപ്പ് നമ്മുടെ അയല്‍പക്കത്തുണ്ടല്ലോയെന്ന് സമാധാനിക്കാം ഇനി ബ്ലാസ്‌റ്റേഴ്‌സിനും ആരാധകര്‍ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top