Film News

നാഹില്‍ ഷിഫാന്‍ , അഭിനയ പ്രതിഭയുടെ മിന്നലാട്ടം

ജോര്‍ജ് മാത്യു

അഞ്ചുകോടിയിലേറെ വ്യൂസുമായി പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ അമ്പരപ്പ് സൃഷ്ടിക്കുമ്പോള്‍ പുരികക്കൊടി ഉയര്‍ത്താനും കൈവിരല്‍ ഗണ്‍ഷോട്ട് എന്ന പുതിയ ന്യൂജെന്‍ പ്രേമാവിഷ്‌കാര ഭാവം കാണിച്ച് കൊടുത്ത നാഹില്‍ ഷിഫാന്‍ എന്ന യുവതാരം അതീവ സന്തോഷവാനാണ്. മാണിക്യമലരായ പൂവി പാട്ട് സീനില്‍ എന്തെങ്കിലുമൊക്കെ പുതുമ വേണമെന്ന് ആഗ്രഹിച്ചിരുന്ന സിനിമയുടെ സംവിധായകന്‍ ഒമറിന് ഈ ടെക്‌നിക്കുകളൊക്കെ പറഞ്ഞുകൊടുക്കുന്നത് സിനിമയിലെ അഭിനേതാവ് കൂടിയായ നാഹിലാണ്.

ജെബി ജംഗ്ഷന്‍ എന്ന കൈരളി ടിവി ജോണ്‍ ബ്രിട്ടാസ് ഷോയിലാണ് നാഹിലിന്റെ സംഭാവനയാണ് ഇതെന്ന് ഒമര്‍ വെളിപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ഭാവാഭിനയം നാഹിലിന്റെ സംഭാവനയാണെന്നാണ് തുറന്ന് പറയാന്‍ ഒമറിന് യാതൊരു മടിയുമില്ലായിരുന്നു.

”ഒമറിക്കക്ക് (ഒമര്‍ ലുലു ) മാത്രമേ ഇത് പറയാനുള്ള മനസ്സുണ്ടാകൂ. എന്നെ അദ്ദേഹം പരമാവധി പ്രോത്സാഹിപ്പിച്ചു. ഞാന്‍ ചെറിയ ചമ്മലോടെ കാണിച്ചുകൊടുത്ത സംഭവം അദ്ദേഹം പാട്ടിലുള്‍പ്പെടുത്തി.” ലോകമാകെ അനുകരിച്ച പ്രിയ, റോഷന്‍ പാട്ടുസീനില്‍ പങ്കെടുത്തതിന്റെ ആവേശത്തിലാണ് ഈ ചെറുപ്പക്കാരന്‍.
”ഞാന്‍ കാണിച്ച് കൊടുത്തതിലും നന്നായി ഓളത് ( പ്രിയ ) ചെയ്തു. എനിക്ക് സന്തോഷമേയുള്ളൂ. ഒരു കോളേജില്‍ പഠിക്കുന്ന അതേ രസമായിരുന്നു അഡാര്‍ ലവിന്റെ സെറ്റില്‍. ഒമറിക്ക ഞങ്ങളോടൊപ്പം കൂടും. പ്രിയ വാര്യര്‍ , റോഷന്‍, നൂറില്‍ ഷെറീഫ്, അരുണ്‍ സിയാദ് ഷാജഹാന്‍ തുടങ്ങിയ സഹഅഭിനേതാക്കളെല്ലാം കൂടി അടിച്ചു പൊളിച്ചു.” നാഹില്‍ കേരള വിഷനോട് പറഞ്ഞു.

”ഒരു സിനിമാ സെറ്റില്‍ പോയി ചാന്‍സ് ചോദിക്കാന്‍ പേടിയായിരുന്നു. പല സിനിമാ സെറ്റിലും പോയി എത്തിനോക്കിയിട്ട് തിരിച്ചുവരും. ആദ്യമായാണ് അഡാര്‍ ലവിന്റെ ഓഡീഷന് പോകുന്നതും അഭിനയിക്കാന്‍ അവസരം കിട്ടുന്നതും.” – നാഹില്‍ സിനിമാ അഭിനയം തന്റെ സ്വപ്‌നമാണെന്ന് വിവരിച്ചു. ” ചില ഇത്തിരി പടങ്ങളിലായി (ഷോര്‍ട്ട് ഫിലിം ) ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂ ട്യൂബിലുള്ള ‘ന്യൂജെന്‍’ ആണ് നാഹില്‍ സംവിധാനവും അഭിനയവും നിര്‍വഹിച്ച ഷോര്‍ട്ട്ഫിലിം.

കൂടെ അഭിനയിച്ച പ്രിയയും റോഷനുമൊക്കെ ഒരു രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലാണല്ലോ എന്ന് ചോദിക്കുമ്പോള്‍ നാഹിലിന് യാതൊരു വിഷമവുമില്ല. ” ഒമറിക്ക എന്റെ പേര് പറഞ്ഞില്ലേ, അത് തന്നെ വലിയ കാര്യം. സിനിമയില്‍ എന്റെ സമയം വരും. അതെനിക്കുറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ നാഹില്‍ പറഞ്ഞു.

2014ല്‍ തുടങ്ങിയ ഇത്തിരിപടം ക്രിയേഷന്‍സ് ഗ്രൂപ്പില്‍ സജീവമാണ് നാഹില്‍. കോഴി ചാത്തന്‍ തുടങ്ങിയ ഫിലിമുകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ” സിനിമയില്‍ സജീവമാകുന്നതൊന്നും ബാപ്പക്കും ഉമ്മയ്ക്കും താത്പര്യമില്ല. സിനിമയേക്കാള്‍ വലുത് പഠിപ്പാണെന്നാണ് അവരുടെ പക്ഷം. ” ഡിസ്റ്റന്റ് എഡുക്കേഷന്‍ മൂന്നാം വര്‍ഷ ബിരുദ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് നാഹില്‍.

കേരള വിഷന് വേണ്ടി അഭിമുഖത്തിന് വിളിക്കുമ്പോള്‍ ടാക്‌സി ഡ്രൈവറായി വയനാട്ടിലേക്ക് ഓട്ടത്തിലായിരുന്നു നാഹില്‍. ”സിനിമയില്‍ അഭിനയിക്കണം, പഠിക്കണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തെ കരകയറ്റണം.” സിനിമയെ ജീവന്‍പോലെ സ്‌നേഹിക്കുന്ന അഭിനയ പ്രതിഭയുടെ മിന്നലാട്ടമുള്ള ഈ ചെറുപ്പക്കാരന്‍ പറഞ്ഞു.

(അഡാര്‍ ലവിലെ പാട്ട് കേരളവിഷന് വേണ്ടി നാഹില്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ )

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top