Entertainment

SUNDAY FEATURE: അശ്വിന്‍ കുമാര്‍; അഭിനയത്തിന്റെ കരുത്ത്

അശ്വിന്‍ കുമാറിന്റെ പേരുപറഞ്ഞാല്‍ സിനിമ പ്രേമികള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞെന്ന് വരില്ല. പക്ഷേ തീഷ്ണമായ കണ്ണുകളില്‍ സകല വില്ലന്‍ ഭാവവും പ്രകടിപ്പിച്ച്, വ്യത്യസ്തമായ അഭിനയശൈലിയിലൂടെ ഈ ചെറുപ്പക്കാരന്‍ തന്റെ ശക്തമായ കഥാപാത്രങ്ങളിലൂടെ ഇതിനോടകം തന്നെ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ധ്രുവങ്ങള്‍ പതിനാറിലെ ഐപിഎസ് ഓഫീസര്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ അതിശക്തനായ വില്ലന്‍ മുരളി മേനോന്‍, ലവകുശയിലെ ഡേവിഡ് ലൂക്ക് ഏറ്റവുമൊടുവില്‍ വില്ലന്‍ കഥാപാത്രത്തില്‍ നിന്ന് മോചിതനായി അസല്‍ റൊമാന്റിക് നായകനായ ചാര്‍മിനാറിലെ സേതു.

ഇന്ത്യന്‍ സിനിമയിലെ ശക്തമായ കഥാപാത്രങ്ങളാണ് ഇനി അശ്വിനെ തേടിയെത്താന്‍ പോകുന്നത്. കഥാപാത്രമായി പരിഗണിക്കാനുള്ള സ്വതസിദ്ധമായ കഴിവാണ് കാര്‍ത്തിക് നരേനെപോലെ സമര്‍ത്ഥനായ സംവിധായകന്‍ അശ്വിനെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍. ധ്രുവങ്ങള്‍ പതിനാറിലെ വ്യത്യസ്തമായ അഭിനയശൈലി കണ്ടിട്ടാണ് വിനീത് ശ്രീനിവാസനെ പോലെയുള്ള മികച്ച സംവിധായകന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അഭിനയിക്കാന്‍ അശ്വിനെ ക്ഷണിക്കുന്നത്. പക്ഷേ അതിലല്‍പ്പം ഭാഗ്യത്തിന്റെ നിമിത്തം കൂടിയുണ്ടെന്ന് കേരളവിഷന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.

‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എനിയ്‌ക്കൊരു ചെറിയ റോളായിരുന്നു. മുരളി മേനോന്റെ കഥാപാത്രം അവതരിപ്പിക്കേണ്ടത് സംവിധായകന്‍ ഗൗതം മേനോനായിരുന്നു. എന്നാല്‍ ചെന്നൈയില്‍ അന്നുണ്ടായ പ്രളയം കാരണം മേനോന് ഫ്‌ളൈറ്റ് കിട്ടിയില്ല. ഞാനാണെങ്കില്‍ ചെറിയ വേഷമഭിനയിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു. ഉടന്‍ വിനീത് ശ്രീനിവാസന്‍ ചേട്ടന്റെ നേരിട്ടുള്ള വിളി വന്നു. അശ്വിന്‍ ചെന്നൈക്ക് മടങ്ങേണ്ട, മുരളി മേനോന്റെ കഥാപാത്രം ചെയ്യണം. ആ നിമിഷം ഞാന്‍ ഏറ്റവുമധികം സന്തോഷിച്ച് നില്‍ക്കുമ്പോഴാണ് എയര്‍പോര്‍ട്ടില്‍ മറ്റൊരു അറിയിപ്പ് വരുന്നത്. ചെന്നൈലേക്ക് പോകാനുള്ള ഫ്‌ളൈറ്റ് പ്രളയം കാരണം ക്യാന്‍സലാക്കുന്നു. അതൊരു പുതിയ വഴിത്തിരിവായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു’. ഭാഗ്യം എപ്പോഴും അശ്വിന്റെ കൂടെയുണ്ടെങ്കിലും നിതാന്തപരിശ്രമത്തിലൂടെയാണ് ഒരേ സമയം തമിഴ്, മലയാളം സിനിമകളില്‍ ചെന്നൈ സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ ചുവടുറപ്പിക്കുന്നത്. മാതൃഭാഷ തമിഴാണെങ്കിലും തമിഴ്ചുവയില്ലാത്ത ഒഴുക്കന്‍ മലയാളത്തിലാണ് സിനിമയിലേക്ക് വന്നെത്തിയ വഴി അശ്വിന്‍ ലളിതമായി വിവരിക്കുന്നത്.

ബ്രിട്ടനില്‍ നിന്ന് എംബിഎ ബിരുദാനന്തര ബിരുദം നേടിയശേഷം ദുബായിലെ കുടുംബ ബിസിനസ്സിലാണ് വന്നുചേര്‍ന്നത്. ബിസിനസ്സിലായിരിക്കുമ്പോഴും സിനിമയിലേക്ക് വരണമെന്നായിരുന്നു ആഗ്രഹം. അച്ഛന്‍ തടസ്സം പറഞ്ഞില്ല. വീണ്ടും നേരെ ചെന്നൈക്ക് തിരിച്ചു.

‘ മിമിക്രിയേക്കാള്‍ അഭിനയമാണ് എനിക്കിഷ്ടം. നല്ല മിമിക്രിക്കാരന് സ്വാഭാവികമായി അഭിനയിക്കാന്‍ കഴിയും. (അശ്വിന്‍ ഒന്നാന്തരമൊരു മിമിക്രി കലാകാരനാണ്.തെന്നിന്ത്യയിലെ അമ്പതോളം സിനിമാതാരങ്ങളെ ഭംഗിയായി അവതരിപ്പിക്കും. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഷോയിലെ അശ്വിന്റെ താരാനുകരണം കണ്ട് പ്രേക്ഷകര്‍ മാത്രമല്ല വിധികര്‍ത്താക്കളായ ടിനി ടോം, പക്രൂ എന്നിവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.) ഇതുവരെ മികച്ച സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് ഈശ്വരാനുഗ്രഹമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ട സിനിമയും അഭിനയ ജീവിതത്തില്‍ ഒരുപാട് നിര്‍ണ്ണായകമായി ‘. അശ്വിന്‍ ഓര്‍മ്മിപ്പിച്ചു. ഏറ്റവുമൊടുവില്‍ അജിത്ത് ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാറില്‍ അശ്വിന് നിഷ്‌കളങ്കനായ റൊമാന്റിക് ഹീറോയെയാണ് അവതരിപ്പിക്കാന്‍ സാധിച്ചത്. കൊടും വില്ലനില്‍ നിന്ന് നായകനിലേക്കുള്ള പെട്ടെന്നുള്ള മാറ്റം അശ്വിന്‍ ശരിക്കും ആസ്വദിക്കുകയാണ്.

‘അഭിനയത്തിലുപരി അശ്വിന്‍ സേതുവെന്ന കഥാപാത്രമായി ബിഹേവ് ചെയ്യുകയാണ്’. അശ്വിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ഹേമന്ദ് ഒരു കോംപ്ലിമെന്റ് നല്‍കികൊണ്ട് പറഞ്ഞു. നല്ല കെമിസ്ട്രിയാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും ഹേമന്ദ് കൂട്ടിച്ചേര്‍ത്തു.

ഹേമന്ദ്, അശ്വിന്‍ കുമാര്‍
photo:keralavisiontv.com

ഒരേ ടൈപ്പിലുള്ള കഥാപാത്രമായി മുദ്രകുത്തപ്പെടരുതെന്നായിരുന്നു സിനിമയില്‍ എത്തിക്കഴിഞ്ഞ് എന്റെ പ്രാര്‍ത്ഥന. വിവിധ ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ പ്രാദേശിക ഭാഷ നന്നായി പഠിച്ചാണ് ഡബ് ചെയ്യാന്‍ ശ്രമിക്കുന്നത്, നിരവധി ഭാഷകള്‍ വശമുളള അശ്വിന്‍ സൂചിപ്പിച്ചു. ‘ഒരു നടന്റെ ഏറ്റവും വലിയ നേട്ടം കണ്ണുകളാണ്. പലരും എന്റെ കണ്ണുകളിലെ തീഷ്ണമായ ഭാവം അഭിനയത്തിന് സഹായമാകുന്നുവെന്ന് പറയാറുണ്ട്’. അഭിമാനപൂര്‍വ്വം അശ്വിന്‍ പറഞ്ഞു.

അശ്വിന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയം നേടിയിട്ടുണ്ട്. നൂറ് ദിവസത്തിലേറെ തകര്‍ത്തോടിയ ധ്രുവങ്ങള്‍ പതിനാറ്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളെല്ലാം പണം വാരിയ ചിത്രങ്ങളാണ്. ചെന്നൈയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന അശ്വിന് ഒരു മാസം പ്രായമുളള ഒരു മകനുണ്ട്. അഖിലേഷ്. ഭാര്യ സുഷ്മിത. ഒരു മലയാളി ഛായയുള്ള തമിഴ്‌നാട്ടുകാരനെ കാത്ത് ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ കാത്തിരിക്കുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top