കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ (കെഎഫ്സി) വായ്പാ പലിശ നിരക്ക് താങ്ങാനാവില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ബാങ്കുകളുടെ പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെഎഫ്സിയുടെ പലിശ ന്യായീകരിക്കാനാവില്ല. ഉത്പാദനത്തിന് വേണ്ടിയുള്ള വായ്പയ്ക്ക് കെഎഫ്സി 16% പലിശ നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. സേവന മേഖലയ്ക്ക് 14%വും. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ പലിശ നിരക്ക് ശരാശരി 10% മാത്രമാണ്. ഈ വലിയ അന്തരം മൂലം വായ്പയെടുക്കുന്നവര്‍ ഇപ്പോള്‍ കെഎഫ്സിയെ കൈയ്യൊഴിയുകയാണ്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ന്യൂജനറേഷന് ബാങ്കുകളും വായ്പ നല്‍കുന്നതിലും പലിശ നിരക്ക് കുറയ്ക്കുന്നതിലും അനുദിനം മത്സരിക്കുമ്പോള്‍ കെഎഫ്സി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് സ്ഥാപനത്തിന് വിപരീതഫലമുണ്ടാക്കും. നിലവിലുള്ള വര്‍ധിച്ച പലിശ നിരക്ക് 10% മുതല്‍ 12% വരെ കുറയ്ക്കാന്‍ കെഎഫ്സി മാനേജ്മെന്റ് ആലോചിച്ച് വരികയാണ്. ശക്തമായ മത്സരം നിലനില്‍ക്കുന്ന വായ്പാ വിപണിയില്‍ യാഥാര്‍ഥ്യ ബോധത്തോട് കൂടിയുള്ള സമീപനം സ്വീകരിച്ചില്ലെങ്കില്‍ പിടിച്ച് നില്ക്കാന് കഴിയില്ലെന്നും കെഎഫ്സി അധികൃതര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വായ്പ എടുക്കാന്‍ ഉപഭോക്താക്കള്‍ കുറവായതിനാല്‍ കെഎഫ്സിയുടെ ലാഭവും കുറഞ്ഞു വരികയാണ്. 2012- 13 കാലത്ത് 66.83 കോടി രൂപയായിരുന്ന കെഎഫ്സിയുടെ ലാഭം 2015-16ല്‍ 5.35 കോടി രൂപയായി കുറഞ്ഞിരുന്നു.
കെഎഫ്സി വായ്പാ പലിശ നിരക്ക് കുറയ്ക്കുമോ?
By
March 11, 2018 9:32 am