Entertainment

കൊച്ചിയില്‍ തരംഗമായി അഗം ബാന്‍ഡ്

എറണാകുളം മറൈന്‍ഡ്രൈവിലെ കടല്‍കാറ്റിനെ പോലും ത്രസിപ്പിക്കുന്ന സംഗീതമാണ് ഇന്നലെ അഗം ബാന്‍ഡ് പുസ്തകോത്സവ വേദിയില്‍ അവതരിപ്പിച്ചത്. ഹരീഷ് ശിവരാമകൃഷ്ണന്റെ റോക്ക്-കര്‍ണാടക സംഗീത മിശ്രണത്തിന്റെ അലയൊലികള്‍ ആയിരക്കണക്കിന് സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ രാവായി മാറി.

ശാസ്ത്രിയ സംഗീതത്തിന്റെ ഗരിമയും, റോക്കിന്റെ ചടുലതയും സമ്മേളിച്ച് ഓരോ പാട്ടും കൊച്ചിയിലെ സംഗീത പ്രേമികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഹരീഷിന്റെ മാസ്മരിക ശബ്ദവും പശ്ചാത്തല സംഗീതത്തിന്റെ ദ്രുത താളവും ചേര്‍ന്ന പാട്ടുകള്‍ യുവാക്കളെ അക്ഷരാര്‍ത്ഥത്തില്‍ നൃത്തത്തിലാറാടിച്ചു.

പാതിരാപൂവ് വേണം
അതിരാരാവ് വേണം…
എന്ന അഗത്തിന്റെ ഏക്കാലത്തെയും പ്രിയങ്കര ഹിറ്റ് ഗാനം വീണ്ടും വീണ്ടും പാടാന്‍ ആസ്വാദകര്‍ ഹരീഷിനെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു.

എന്റെ അച്ഛന്‍ കൊച്ചിക്കാരനാണ് എന്ന മുഖവുരയോടെയാണ് ഹരീഷ് പാടിത്തുടങ്ങിയത്. പാട്ടില്‍ കൊച്ചിക്കാരുടെ പങ്കാളിത്തം മഹത്തരമാണെന്ന് ഹരീഷ് ഇടയ്ക്ക് ഓര്‍മ്മപ്പെടുത്തി. സദസിനെ ഇളക്കി മറിക്കുന്ന ആലാപന ശൈലിയും സ്റ്റേജില്‍ നിന്നിറങ്ങിവന്ന് ആരാധകരെ ആശ്ലേഷിക്കുന്ന സൗഹൃദസമീപനവുമാണ് ഈ യുവഗായകന്റെ വിജയമന്ത്രം.

ശാസ്ത്രിയ ആലാപനത്തോടൊപ്പം യുവ തലമുറയെ ഇളക്കി മറിക്കുന്ന റോക്ക് സംഗീതവും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന പുത്തന്‍ സംഗീത സംസ്‌കാരമാണ് മറ്റ് ബാന്‍ഡുകളില്‍ നിന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായുളള അഗം ബാന്‍ഡിനെ വ്യത്യസ്തമാക്കുന്നത്.

അഗം ബാന്‍ഡ് ആരംഭിക്കുന്നത് 2003ല്‍ ബാംഗ്ലൂരിലെ ഒരു കൊച്ച് അപ്പാര്‍ട്ട്‌മെന്റിലാണ്. സ്റ്റുഡിയോ എഫ് 6 എന്നായിരുന്നു ആദ്യത്തെ പേര്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ ഒരു സംഘം എഞ്ചിനിയര്‍മാരുടെ സംരംഭമാണ് പിന്നീട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ബാന്‍ഡായി പരിണമിച്ചത്.

പാരമ്പര്യ കര്‍ണാടക കൃതികള്‍ ശ്രവ്യസുന്ദരമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതില്‍ അഗം ബാന്‍ഡിന്റെ അണിയറക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഹരീഷിനൊപ്പം ഗണേഷ് റാം നാഗരാജന്‍(ഡ്രംസ്), സ്വാമി സീതാരാമന്‍(കീബോര്‍ഡ്,രചന), പ്രവീണ്‍ കുമാര്‍(ലീഡ് ഗിറ്റാര്‍) ആദിത്യ കശ്യപ്(ബാസ് ഗിറ്റാര്‍), ശിവകുമാര്‍ നാഗരാജന്‍(പെര്‍ക്കഷന്‍), യദുനന്ദനന്‍(ഡ്രമ്മര്‍) എന്നീ പ്രഗത്ഭ പശ്ചാത്തല സംഗീതക്കാരുമുണ്ട്. ഞങ്ങളുടെ സംഗീതം ഒരു ഫ്യൂഷനല്ല എന്ന് വ്യക്തമാക്കുന്ന ഗിരീഷിന്റെ അടുത്ത സംഗീത പരിപാടിക്ക് കാത്തിരിക്കയാണ് കൊച്ചിക്കാര്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top