റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വതിയും നായികാനായകന്മാരായി എത്തുന്ന ചിത്രം മൈസ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ മമ്മൂട്ടിയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ കസബയെ കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. തുടര്‍ന്ന് മൈ സ്റ്റോറിയിലെ ഗാനങ്ങള്‍ക്കെതിരെ ഡിസ് ലൈക്ക് ക്യാംപെയ്ന് വരെ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അണിയറപ്രവര്‍ത്തകര്‍ തന്ത്രപരമായി ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയെ കൊണ്ട് തന്നെ പുറത്തുവിട്ടത്.
മമ്മൂക്കയെ കൊണ്ട് തന്നെ റിലീസ് ചെയ്യിപ്പിട്ടും ചിത്രത്തിന്റെ ട്രെയിലറിനും ലൈക്കുകളേക്കാള്‍ ഡിസ് ലൈക്കുകളാണ്. മമ്മൂട്ടി ചിത്രം കസബയെ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പാര്‍വതിക്കു നേരെ സൈബര്‍ ആക്രമണം നടന്നത്. മൈ സ്റ്റോറിയിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ യൂട്യൂബില്‍ ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.