ചെന്നൈ: തമിഴ്നാട് പൊലീസ് അക്കാദമിയില്‍ നടന്ന ഓള് ഇന്ത്യാ പൊലീസ് മീറ്റില്‍ കേരളത്തിന് അഭിമാന നേട്ടവുമായി മില്ല. മീറ്റിന്റെ ഭാഗമായി നടന്ന ട്രാക്കര്‍ ഈവന്റില്‍ സില്‍വര്‍ മെഡല്‍ നേടിയാണ് കൊച്ചി സിറ്റി യൂണിറ്റിലെ പൊലീസ് ഡോഗ് മില്ല കേരള പൊലീസിന്റെ അഭിമാനമുയര്‍ത്തിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അര്‍ധ സൈനിക യൂണിറ്റുകളില്‍ നിന്നും മികച്ച പരിശീലനം നേടിയെത്തിയ മുപ്പത്തിയഞ്ചോളം നായകളോട് മത്സരിച്ചാണ് മില്ല സില്‍വര്‍ മെഡല്‍ സ്വന്തമാക്കിയത്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മില്ലയിലൂടെ സംസ്ഥാനത്തിന്റെ മെഡല്‍ നേട്ടം. എക്സ്പ്ലോസീവ് സ്നിഫര്‍ വിഭാഗത്തില്‍ കൊച്ചി സിറ്റി യൂണിറ്റിലെ തന്നെ ബെല്ല അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
തൃശ്ശൂരിലെ പോലീസ് അക്കാദമിയില്‍ നടന്ന 61-ാമത് കേരള പോലീസ് സ്റ്റേറ്റ് ഡ്യൂട്ടി മീറ്റിലും കൊച്ചി സിറ്റി ഡോഗ് സ്ക്വാഡിലെ നായ്ക്കളായ മില്ലയും ബെല്ലയും ജേതാക്കളായിരുന്നു. മില്ല ട്രാക്കിങ് ഡോഗ് വിഭാഗത്തിലും ബെല്ല എക്സ്പ്ലോസീവ് സ്നിഫര്‍ വിഭാഗത്തിലുമാണ് ജേതാക്കളായത്. ഇതോടെയാണ് ദേശീയ പോലീസ് മീറ്റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ഇരുവര്‍ക്കും ലഭിച്ചത്.