Home app

SUNDAY FEATURE- പദ്ധതികള്‍ക്ക് പഞ്ഞമില്ല; പട്ടിണി മാറാത്തതെന്ത്?

കമലേഷ് തെക്കെകാട്‌

മധു ഒരു പ്രതീകമാണ്, സ്വന്തം മണ്ണില്‍ സ്വത്വവും സ്വാതന്ത്ര്യവും നീതിയും സ്വര്യജീവിതവും നിഷേധിക്കപ്പെട്ടവരുടെ പ്രതീകം. വിശപ്പിന്റെ ദൈന്യതയും പേറി നിന്നവനെ കള്ളനെന്നു വിളിച്ച് തല്ലിക്കൊന്നവര്‍ ഈ സമൂഹത്തിന്റെ പ്രതിബിംബവും. ഒന്നൊച്ച വെക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു മനുഷ്യശരീരത്തെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ തക്ക മാനസികാവസ്ഥയിലേക്ക്, സ്വന്തം സാംസ്‌കാരിക ഔന്നത്യത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും ഊറ്റം കൊള്ളുന്ന മലയാളി പാകപ്പെടുകയാണോ..? മധുവും മാരിയും മല്ലിയും ചന്ദ്രികയുമടക്കമുള്ള കാടിന്റെ മക്കള്‍ വിശന്ന് വലഞ്ഞ് കാടിറങ്ങി വരുന്നതെന്തിനെന്ന് വെറുതേയെങ്കിലും ചിന്തിക്കാനുള്ള പക്വത കൈവരാന്‍ മലയാളമനസ്സ് ഇനിയുമെത്ര ദൂരം മുന്നോട്ട് പോകണം..!

പരിഷ്‌കൃത സമൂഹത്തിന്റെ സുഖലോലുപതകളിലേക്ക് അവരെ നാം ക്ഷണിക്കേണ്ടതില്ല, അവര്‍ക്കതല്ല വേണ്ടത്. അവരുടെ ഊരുകളില്‍ സ്ഥിരവരുമാനമുള്ള പരമ്പരാഗതമോ അല്ലാത്തതോ ആയ തൊഴിലുണ്ടാവണം. അവരുടെ കുട്ടികള്‍ക്ക് വിശപ്പടങ്ങണം, പാരമ്പര്യവും കീഴ്‌വഴക്കവും തുടരുന്നതിനൊപ്പം ഊരിന്റേതായ ദുശീലങ്ങളില്‍ നിന്നും ദുര്‍നടപ്പുകളില്‍ വരാനിരിക്കുന്ന തലമുറയെയെങ്കിലും മോചിപ്പിക്കണം. ഇവിടെയാണ് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമാകുന്നത്. ആദിവാസി കുടികളില്‍ ടൈലിട്ട കുളിമുറികളും ഇന്റര്‍ലോക്കിട്ട മുറ്റവുമൊരുക്കുന്നതിന് പകരം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയേണ്ടതുണ്ട്.

സംസ്ഥാനത്തെ മിക്ക ആദിവാസി ഊരുകളിലും പട്ടിണിയും കുട്ടികളിലെ പോഷകാഹാരക്കുറവും രൂക്ഷമായ ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. വയനാട്ടിലെ മാനന്തവാടിയിലും ബത്തേരിയിലും നിലമ്പൂരിലെ വിവിധയിടങ്ങളിലുമാണ് കൂടുതല്‍ കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നത്. റേഷന്‍ കടകളില്‍ ലഭിക്കുന്ന അരി മാത്രം വേവിച്ച് കഴിക്കുന്ന ഇക്കൂട്ടര്‍ക്കിയില്‍ മെലിഞ്ഞുണങ്ങി എല്ലുന്തിയ, അസുഖബാധിതരായ കുട്ടികള്‍ നിത്യകാഴ്ചയാണ്. ഐസിഡിഎസ് സംസ്ഥാനത്തെ വിവിധ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് സംബന്ധിച്ച ഗുരുതരമായ കണ്ടെത്തലുകളുള്ളത്. മാനന്തവാടിയില്‍ മാത്രം 850ഓളം കുട്ടികളുടെ തൂക്കം സാധാരണനിലയിലല്ലെന്നാണ് കണ്ടെത്തല്‍. ഇതില്‍ 150ഓളം കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്നും കണ്ടത്തലുണ്ട്. പാലക്കാട്ടെ അട്ടപ്പാടിയും അഗളിയുമൊന്നും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമല്ല. അതേസമയം പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പും ട്രൈബല്‍ വകുപ്പും നിരവധി പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്നതും പൊരുത്തപ്പെടാത്ത യാഥാര്‍ത്ഥ്യമാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ബജറ്റുകളില്‍ ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നിരവധിയാണ്. പക്ഷേ എങ്ങോട്ടാണ് ഈ കോടികളത്രയും ഒഴുകുന്നതെന്ന സംശയം മാത്രം ബാക്കിയാകുന്നു. ചിലത് പ്രഖ്യാപനങ്ങള്‍ മാത്രമായി ഫയലുകളില്‍ വിശ്രമിക്കും. മറ്റുചിലത് ഫണ്ടായി വിവിധ വകുപ്പുകള്‍ വഴി സര്‍ക്കാര്‍ ഓഫീസുകളിലെത്തുമെങ്കിലും നാടിന്റെ വര്‍ത്തമാനങ്ങളും വാര്‍ത്തകളും കാടേറാത്തത് കൊണ്ടുതന്നെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇതൊന്നുമറിയുന്നുമില്ല. ”പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും ഫണ്ട് നീക്കിവെക്കുന്നതിനുമൊപ്പം തന്നെ ആദിവാസി വിഭാഗങ്ങളെ ഇത്തരം പദ്ധതികള്‍ സംബന്ധിച്ച് ബോധവാന്മാരാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഫണ്ട് അര്‍ഹമായ കൈകളില്‍ എത്തിച്ചേരുന്നുണ്ട് എന്നുകൂടി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. പലര്‍ക്കും ഇതിനെക്കുറിച്ചൊന്നും അറിയില്ല. അപേക്ഷകരില്ലാതെയും ഗുണഭോക്താക്കള്‍ എത്താതെയും നിരവധി പദ്ധതികള്‍ക്കുള്ള ഫണ്ട് ലാപ്‌സായി പോകുന്നതാണ് കാണാനാകുന്നത്” നിലമ്പൂര്‍ ട്രൈബല്‍ വില്ലേജിലെ ചില ഉദ്യോഗസ്ഥര്‍ തുറന്നു പറയുന്നു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 2.8 ലക്ഷം കോടി രൂപയാണ് ലാപ്‌സായി തിരികെ സര്‍ക്കാരിലേക്ക് തന്നെ എത്തിയിരിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇക്കാര്യങ്ങളെല്ലാം ശരിവെക്കുന്നതാണ്. 2015ലെ കണക്കനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 1347 കോടി രൂപ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി ചെലവഴിച്ചിട്ടുണ്ട്.

കാടിന്റെ മക്കള്‍ക്ക് നമ്മളായിട്ടൊന്നും കൊടുത്തില്ല, എന്നാല്‍ അവരുടെ കാടും കാട്ടാറും കാട്ടുവഴികളുമെല്ലാം കട്ടെടുത്ത് കയ്യേറി നാം വേലികെട്ടി തിരിച്ചു. സര്‍ക്കാരും ഭൂമാഫിയയും അവരുടെ ഭൂമി പകുത്തെടുത്തു. കാടിന്റെ മക്കളെ നാം കയ്യേറ്റക്കാരാക്കി. സര്‍വ്വതും നഷ്ടപ്പെട്ട് വിശന്ന് വലഞ്ഞ് മനോനില തെറ്റി കാടിറങ്ങി വന്നവനെതിരെ നാം കാണിച്ചത് കാടത്തമല്ല, നാടത്തമാണ്. തെറ്റിപ്പോകരുത് കാട്ടാളനീതിയല്ല, നാട്ടാളനീതിയാണ്. കള്ളനെന്നു വിളിച്ച് തല്ലിക്കൊന്നവന്റെ പക്കല്‍ നിന്നും കണ്ടെടുത്ത മോഷണമുതലിന്റെ കനം നോക്കിയെങ്കിലും അവനെ വെറുതേ വിടാമായിരുന്നു. കുറച്ച് മുളക് പൊടി, അത്ര തന്നെ മഞ്ഞള്‍ പൊടി, അല്‍പം അരി, കോഴിമുട്ട തുടങ്ങി 200 രൂപയില്‍ കൂടുതലില്ലാത്ത സാധനങ്ങള്‍. തല്ലിക്കൊല്ലേണ്ടിയിരുന്നുവോ, സാധനങ്ങള്‍ പിടിച്ചുവാങ്ങിയതോടെ വിശപ്പ് സഹിക്കാതെ മരിച്ചുവീഴുമായിരുന്നല്ലോ അവന്‍. വിശപ്പൊന്ന് മാത്രമാണ് മനുഷ്യന്റെ പ്രാഥമിക പ്രശ്‌നമെന്നും ആവശ്യമെന്നും ഇനിയുമെന്നാണ് നാം മനസിലാക്കുക.

”സാര്‍, ഈകുട്ടിയുടെ ചോറിവിടെ വെച്ചിരുന്നിട്ടു കണ്ടില്ല.. രണ്ടാം ക്ലാസിലെ അധ്യാപകന്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു. പ്രഥമാധ്യാപകന്‍ എഴുത്തു നിര്‍ത്തി മുഖം പൊന്തിച്ചു നോക്കി. ആ ബാലന്റെ കവിള്‍ത്തടങ്ങളില്‍ കണ്ണീരുണ്ടാക്കിയിരുന്ന പാടില്‍ക്കൂടി അശ്രുകണങ്ങള്‍ ഉരുണ്ടുപോകുന്നത് അദ്ദേഹം കണ്ടു. വിശന്നുവാടിയ ആ പിഞ്ചുമുഖം നോക്കിക്കൊണ്ട് ഒരു നിമിഷം അദ്ദേഹം ഇരുന്നു..” പൊതിച്ചോറ് എന്ന തന്റെ കൃതിയില്‍ വിശപ്പിന്റെ ദൈന്യത കൃത്യമായി വരച്ചുവെച്ചിട്ടുണ്ട് കാരൂര്‍ നീളകണ്ഠപ്പിള്ള. ശരാശരി മലയാളിയുടെ ഭൂതകാലം കൂടിയാണ് കാരൂര്‍ പൊതിച്ചോറില്‍ കോറിയിട്ടിരിക്കുന്നത്. ഇത് വായിച്ചിട്ടില്ലാത്തവരോ ഈ കഥ സ്വാധിനിച്ചിട്ടില്ലാത്തവരോ അല്ല നമ്മള്‍. എന്നിട്ടും വിശന്നതിന്റെ പേരില്‍ മധുവിനെ നാം തല്ലിക്കൊന്നു. നാളെ വയറുനിറച്ചുണ്ണുന്നതിന് മുമ്പ് തോന്നുന്ന വിശപ്പിന്റെ മുഹൂര്‍ത്തങ്ങളിലെല്ലാം മധുവിന്റെ ദൈന്യമുഖം മായാത്ത നോവോര്‍മ്മയായി നമ്മെത്തേടിയെത്തും, ഒരുപാട് ചോദ്യങ്ങളെറിയും. ഉത്തരങ്ങള്‍ മോഷ്ടിക്കാന്‍ നാം നെട്ടോട്ടമോടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top