Home app

മക്കള്‍ നീതി മയ്യം; ഉലകനായകന്റെ വിശ്വരൂപം

എണ്‍പത്തേഴില്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം നായകനിലെ ‘നായഗനേ’പ്പോലെ കമലഹാസന്‍. പതിനായിരങ്ങളുടെ കരഘോഷങ്ങള്‍ക്ക് മീതെ അലയടിക്കുന്ന വിശ്വരൂപം ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ കമല്‍ വേദിയിലേക്ക് വരുന്നു. ചുവപ്പും വെളുപ്പും നിറങ്ങളില്‍ കോര്‍ത്തുപിടിച്ച ആറ് കൈകളും നടുവില്‍ നക്ഷത്രവും അടങ്ങുന്ന പാര്‍ട്ടിയുടെ കൊടി ആകാശത്തില്‍ പാറിക്കളിക്കുന്നു. മധുര ഒത്തക്കട മൈതാനത്ത് കമലഹാസന് പിന്തുണയുമായി എത്തിയ പതിനായിരങ്ങളില്‍ രാഷ്ട്രിയ-സിനിമാ രംഗത്തെ നിരവധി പ്രമുഖരും ഉള്‍പ്പെടും.

പതിവ് രാഷ്ട്രിയ പാര്‍ട്ടി പ്രഖ്യാപനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വഴിയാണ് കമലഹാസന്‍ തിരഞ്ഞെടുത്തത്. മാറുന്ന കാലത്തിനൊപ്പം മാറ്റം ഉള്‍ക്കൊണ്ടുളള കമലിന്റെ തുടക്കം തന്നെ തമിഴ് രാഷ്ട്രിയത്തില്‍ ശ്രദ്ധ നേടി എന്നു വേണം പറയാന്‍. വര്‍ഗീയതയെയും അഴിമതിയെയും അകറ്റി നിര്‍ത്തുന്ന പാര്‍ട്ടി നയം പ്രഖ്യാപിച്ച കമല്‍ താന്‍ വോട്ടിന് വേണ്ടി നോട്ട് നല്‍കില്ലെന്ന് പറഞ്ഞത് ഹര്‍ഷാരവത്തോടെയാണ് ജനം സ്വീകരിച്ചത്.

രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വസതിയില്‍ നിന്നായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപന യാത്ര കമല്‍ തുടങ്ങിയത്. കലാമിന്റെ സ്മാരകം സന്ദര്‍ശിച്ച് പൂക്കള്‍ അര്‍പ്പിച്ച ശേഷെ രാമനാഥപുരത്തെത്തി മത്സ്യത്തൊഴിലാളികളെ കണ്ടു. അവിടെ ആദ്യ പൊതുയോഗത്തില്‍ സിനിമയിലെ ‘പഞ്ച് ‘ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന പ്രസംഗമായിരുന്നു കമലിന്റേത്. പിന്നീട് ജന്മനാടായ പരമക്കുടിയിലേക്ക് പോയി. അവിടെ ജനങ്ങള്‍ പാട്ടും നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് കമലഹാസനെ സ്വീകരിച്ചത്. പിന്നീട് മാനാമധുരയിലെയും പൊതുയോഗത്തിന് ശേഷമാണ് കമല്‍ മധുരയില്‍ എത്തിയത്.

ഒത്തക്കട മൈതാനത്തെ നിറഞ്ഞു നില്‍ക്കുന്ന സദസിനെ വികാരനിര്‍ഭരമായാണ് കമല്‍ അഭിസംബോധന ചെയ്തത്. ”ഞാന്‍ ഒരു ഉപാധി മാത്രം. ഞാന്‍ നേതാവല്ല. എന്നാല്‍ പാര്‍ട്ടിയിലുള്ളവരെല്ലാം നേതാക്കളാണ്.” എന്നായിരുന്നു കമലഹാസന്‍ ഏറ്റവുമൊടുവില്‍ പറഞ്ഞത്. ഇപ്രകാരം പാര്‍ട്ടിയെ നയിക്കാന്‍ പതിനഞ്ചംഗ ഉന്നത സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നടി ശ്രീപ്രിയ, തമിഴ് പ്രൊഫസറും നടനുമായ എ.എസ്. ജ്ഞാനസംബന്ധന്‍, നടന്‍ നാസറിന്റെ ഭാര്യ കമീല നാസര്‍, സാഹിത്യകാരന്‍ സു കാ, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എ.ജി. മൗര്യ തുടങ്ങിയവരാണ് മക്കള്‍ നീതി മയ്യത്തിന്റെ നെടുംതൂണ്‍.

സിനിമാ താരങ്ങളോടുളള ആരാധന രാഷ്ട്രിയത്തില്‍ ഇത്രയധികം പ്രകടമാക്കിയിട്ടുളള മറ്റൊരം സംസ്ഥാനം ഇന്ത്യയിലില്ല. തമിഴ് രാഷ്ട്രിയത്തില്‍ ജ്വലിച്ചു നിന്നതും ഇപ്പോഴുളളതുമായ പലരും ഒരു കാലത്ത് വെളളിത്തിരയിലെ മിന്നും താരങ്ങളായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണത്തോടെ പലതായി പിരിഞ്ഞ തമിഴ് രാഷ്ട്രിയത്തില്‍ ഉലകനായകന്റെ മക്കള്‍ നീതി മയ്യം സ്ഥാനമുറപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top