Ernakulam

തിരുവാതിരോത്സവം 2018ന് സമാപനം ; പൂര്‍ണേന്ദു നായര്‍ തിരുവാതിരകളി സംഘം തൃപ്പൂണിത്തുറയ്ക്ക് ഒന്നാം സ്ഥാനം

കാലടി : തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ അഖിലകേരള തിരുവാതിര മത്സരം അരങ്ങേറി. ‘തിരുവാതിരോത്സവം 2018’ എന്ന പേരില്‍ നടന്ന മത്സരം ഞായറാഴ്ച രാവിലെ ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തിരുവാതിര സംഗീത അക്കാദമി ചെയര്‍മാന്‍ കെഎസ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ അറുപതോളം തിരുവാതിര സംഘങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 25 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. പൂര്‍ണേന്ദു നായര്‍ തിരുവാതിരകളി സംഘം തൃപ്പൂണിത്തുറ ഒന്നാം സ്ഥാനം നേടി. പൂര്‍ണ്ണാഞ്ജലി തിരുവാതിര സംഘം തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും വെള്ളാരപ്പിള്ളി ക്ഷത്രിയസഭ പുതിയേടം മൂന്നാം സ്ഥാനനവും നേടി.

പാരമ്പര്യ തിരുവാതിരകളിയെ കുറിച്ചു സമഗ്രമായി പഠിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെയും തിരുവാതിര സംഗീത അക്കാദമിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് തിരുവാതിരോത്സവമാണിത്. ഇതോടൊപ്പം തിരുവാതിര കളിയുടെ ശാസ്ത്രീയവശങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും സെമിനാറുകളും നടന്നു. ചലച്ചിത്ര താരം കുമാരി സ്വാസികയുടെ മോഹിനിയാട്ടവും ഷിംന രതീഷ് അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.

വൈകിട്ടു നടന്ന സമാപനസമ്മേളനം കേരള വിഷന്‍ ഡയറക്ടര്‍ വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിജയികള്‍ക്കു കാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനിച്ചു. പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും പ്രശസ്തിപത്രം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top