Entertainment

SUNDAY FEATURE- വിജയത്തിന് സ്വന്തം മുദ്ര വേണം: ബാലചന്ദ്ര മേനോന്‍

രണ്ടര വയസ്സുള്ള തന്മയ മറ്റ് കുരുന്നുകളോടൊപ്പം നിര്‍ത്താതെ ആര്‍ത്തുല്ലസിച്ച് ഹാളിലാകെ ഓടിക്കളിക്കുകയാണ്. ഇടയ്ക്ക് അമ്മ ഭാവനയുടെ ചുമലിലേക്ക് വലിഞ്ഞുകയറും. പിന്നെ വാനിറ്റി ബാഗില്‍ നിന്ന് കോലുമിഠായി എടുത്ത് നുണയും. സ്‌റ്റേജില്‍ കുട്ടികള്‍ ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം നൃത്തമാടിയതോടെ തന്മയയും ആടിപ്പാടി. കൊച്ചുമകളുടെ ആട്ടവും പാട്ടും വേദിയിലിരുന്ന് പ്രശസ്ത സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ചെറുപുഞ്ചിരിയോടെ ആസ്വദിക്കുകയാണ്. കൊച്ചിയിലെ റോസസ് ക്ലബ്ബിന്റെ സൗഹൃദ കൂട്ടായ്മയാണ് രംഗം.

അമേരിക്കയില്‍ നിന്ന് അവധിക്കാലം ചെലവഴിക്കാന്‍ അമ്മ ഭാവനയ്‌ക്കൊപ്പം എറണാകുളത്തെ ബാലചന്ദ്ര മേനോന്റെ വീട്ടിലെത്തിയതാണ് കുസൃതിക്കാരിയായ തന്മയ. ബാലചന്ദ്ര മേനോന്‍ ഫൗണ്ടറായ റോസസ് ക്ലബ്ബിന്റെ ചടങ്ങില്‍ മേനോന്‍ കൊച്ചുമകളെ ആദ്യം കണ്ട കാര്യം ഒരു സിനിമാക്കഥ പോലെ വിവരിക്കുകയാണ്. വീട്ടിലെത്തിയ തന്മയയെ മുത്തച്ഛന്റെ സ്‌നേഹത്തോടെ ഓടിച്ചെന്ന് വാരിയെടുത്തു. പകച്ചുപോയ തന്മയ പിന്നീടിത് വരെ എന്റെയടുത്ത് വന്നിട്ടില്ല. ജിമിക്കി കമ്മല്‍ പാട്ടിന് മറ്റ് കുട്ടികളോടൊപ്പം അവള്‍ സന്തോഷത്തോടെ ചുവട് വെയ്ക്കുന്നത് കണ്ടപ്പോഴാണ് പുതിയ തലമുറയിലെ കുരുന്നുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലാവുന്നത്.

നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകന്റെ കരുത്ത് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് സിനിമയെടുക്കാനുള്ള മനസാണ്. പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് നമുക്ക് മാറാന്‍ കഴിയണം. എപ്പോഴും അപ്‌ഡേറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. 1978 ല്‍ പുറത്തിറങ്ങിയ മേനോന്റെ ആദ്യസിനിമയായ ‘ഉത്രാട രാത്രി’ മുതല്‍ ഏറ്റവുമൊടുവില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘എന്നാലും ശരത്’ വരെയുള്ള നാല്‍പ്പത് വര്‍ഷത്തെ സിനിമാനുഭവം സാക്ഷ്യമാക്കി മേനോന്‍ പറഞ്ഞു.

മലയാളസിനിമയിലെ നിറസാന്നിധ്യമായ ബാലചന്ദ്ര മേനോന്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, വിതരണക്കാരന്‍, എഡിറ്റര്‍, ഗായകന്‍, കംപോസര്‍ എന്നീ രംഗത്തെല്ലാം അദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

ബാലചന്ദ്ര മേനോന്‍ ഭാര്യ വരദ, മകള്‍ ഭവന, കൊച്ചുമകള്‍ തന്മയ എന്നിവര്‍ക്കൊപ്പം ഫോട്ടോ-കേളവിഷന്‍ടിവി.കോം

റോസസ് ക്ലബ്ബിന്റെ സൗഹൃദക്കൂട്ടായ്മക്കിടയില്‍ ബാലചന്ദ്ര മേനോന്റെ ആരാധകര്‍ 30 എന്നെഴുതിയ മനോഹരമായ ഒരു കേക്ക് കൊണ്ടുവന്നു. ഇതെന്തിനാണെന്ന് ചോദിക്കും മുമ്പേ എന്നാലും ശരത്തിന്റെ അഭിനേതാക്കളെല്ലാം ചേര്‍ന്ന് ആഘോഷത്തിനായി മേനോനെ സ്‌റ്റേജിലെത്തിച്ചു. 29 സിനിമയില്‍ തിരക്കഥയും സംവിധാനവും അഭിനയവും നിര്‍വ്വഹിച്ച മേനോന്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചതിന്റെ സ്‌നേഹാഘോഷമായിരുന്നു റോസസ് അംഗങ്ങള്‍ മുന്നൊരുക്കങ്ങളില്ലാതെ ആഘോഷിച്ചത്. എന്നാലും ശരത് എന്ന ചിത്രം കൂടിയാകുമ്പോള്‍ കണക്ക് മുപ്പതിലെത്തും. ഭാര്യ വരദ, മകള്‍ ഭാവന, കൊച്ചുമകള്‍ തന്മയ എന്നിവരോടൊപ്പമുള്ള മധുരം പങ്ക് വെക്കല്‍ ചടങ്ങ് തികച്ചും സ്വകാര്യമായിരുന്നു. തന്മയക്കും ഭാര്യ വരദയ്ക്കും കേക്ക് കഷണം നല്‍കിയ മേനോന്‍ ഇതൊരു പുതിയ അനുഭവമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ലിംകാ ബുക്കിന്റെ റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. അഭിനയം, തിരക്കഥ, സംവിധാനം എന്ന അടിസ്ഥാനത്തില്‍ മേനോന്റെ തൊട്ടു പിറകില്‍ നില്‍ക്കുന്ന അമേരിക്കന്‍ സംവിധായകന്‍ വുഡി അലന്‍ 26 സിനിമ മാത്രമാണ് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനക്കാരനായ തമിഴ് സംവിധായകന്‍ ഭാഗ്യരാജ് 23 സിനിമ ചെയ്തിട്ടുണ്ട്. ടി. രാജേന്ദ്രന്‍ 15 സിനിമയും ജപ്പാന്‍കാരനായ താക്കേഷ് 14 സിനിമയുമായി യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്.

‘നമ്മുടേതായ ഒരു മുദ്ര പതിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. എന്റേതായ ഒരു മുദ്ര എല്ലായിടത്തുമുണ്ടാവും. മൈ ഓണ്‍ എന്ന സ്റ്റാമ്പ് ഉണ്ടാക്കാന്‍ ശ്രമിക്കണം. ഷൂട്ടിങ് വേളയില്‍ ഞാന്‍ തളരില്ല. കാലത്ത് നാലരയ്ക്ക് എഴുന്നേല്‍ക്കും. ചന്ദ്രേട്ടാ കുറച്ച് കൂടി ഉറങ്ങിക്കൂടേ എന്ന് ഭാര്യ ചോദിക്കും. എനിക്ക് അഞ്ച് മണിക്കൂര്‍ ഗാഢമായ നിദ്ര മതി.’ വിജയത്തിന്റെ മന്ത്രം വിശദമാക്കി ബാലചന്ദ്ര മേനോന്‍ ഓര്‍മ്മിപ്പിച്ചു.

പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത ബാലചന്ദ്ര മേനോന്റെ ഭാര്യ വരദ മേനോന്‍ ബാലചന്ദ്ര മേനോനോട് ചേര്‍ന്ന് നിന്ന് ഇതൊക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. എന്റെ പടത്തില്‍ ഭാര്യയുടെ സഹകരണം നിസീമമാണ്. നല്ലൊരു കേള്‍വിക്കാരിയാണ് വരദ. നിര്‍ദ്ദേശങ്ങള്‍ തരുന്നതില്‍ ഒരു മടിയുമില്ല. ഞാന്‍ പറയുന്ന കഥ ആദ്യം കേള്‍ക്കുന്നതും അവര്‍ തന്നെയാണ്. ശരിയല്ലേ എന്ന അര്‍ത്ഥത്തില്‍ മേനോന്‍ വരദയുടെ മുഖത്തേക്ക് നോക്കി.

പല ഭര്‍ത്താക്കന്മാരും ഭാര്യയുടെ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാറില്ലല്ലോ എന്ന ചോദ്യത്തിന് മേനോന്റെ മറപടി രസകരമായിരുന്നു. ‘വരദയെ തേടിപ്പിടിച്ച് ഞാന്‍ കല്ല്യാണം കഴിക്കുകയായിരുന്നു. അതൊരു വിവാഹ പ്രപോസല്‍ അല്ലായിരുന്നു.’

ഭാര്യയുടെ അഭിപ്രായം കേള്‍ക്കുമോ എന്നിവര്‍ ചോദിക്കുന്നുവെന്ന് മേനോന്‍ പറഞ്ഞപ്പോള്‍ വരദയുടെ മറുപടി ചെറിയ ചിരിയായിരുന്നു. പിന്നെ പറഞ്ഞു,
‘കേള്‍ക്കേണ്ടത് കേള്‍ക്കും’.

‘ഏഴ് ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമാ കഥകള്‍ സംസാരിക്കാന്‍ എറണാകുളത്തെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞിട്ടുണ്ട്. കഥ.. കഥ.. കഥ.. ഇതല്ലാതെ ഒന്നും അപ്പോഴാലോചിച്ചിട്ടില്ല. വണ്‍ലൈന്‍ ഉണ്ടാക്കുന്ന തിരക്കില്‍ ദിവസങ്ങള്‍ പോയതറിഞ്ഞിട്ടില്ല. വരദ കൂടെയിരിക്കുന്നത് പരസ്പരം സംസാരിച്ച് കഥകള്‍ മെനയാന്‍ ഒരുപാട് സഹായകമാകും. അവര്‍ നല്ലൊരു കേള്‍വിക്കാരിയാണ്. അതാണെനിക്ക് വേണ്ടത്.’- മേനോന്‍ പറഞ്ഞു.

എന്നാലും ശരത് എന്ന ചിത്രത്തിന്‍ന്റെ ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ മുഴുകിയിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. മലയാള സിനിമയിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് പുതിയ കഥയും ട്രെന്‍ഡും മനസിലാക്കി മുന്നേറാന്‍ ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമേ കഴിയൂ. അതിലൊരാളാണ് മേനോന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top