Ernakulam

കൊച്ചിയില്‍ മിനി അബുദാബി

കൊച്ചി: വിനോദ സഞ്ചാരം, വിവാഹംഉല്ലാസ വേളകള്‍ക്കായി സഞ്ചാരികളെ ആകര്‍ഷിക്കാനുളള അബുദാബി വീക്ക് മേളയ്ക്ക് എറണാകുളത്തെ ജവഹര്‍ലാല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഇന്ന് തുടക്കം കുറിക്കും. അറബി നാടിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടുളള എക്‌സിബിഷന്‍ അബുദാബി കള്‍ച്ചറല്‍ ടൂറിസം ഡിപ്പാര്‍ട്ടമെന്റാണ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് അബുദാബിയിലെ ഉല്ലാസകേന്ദ്രങ്ങള്‍, പരമ്പരാഗത വിവാഹ വേദികള്‍, ചലച്ചിത്ര ഷൂട്ടിംഗ് കേന്ദ്രങ്ങള്‍, വ്യാപാര ബിസിനസ് മേഖലകള്‍ എന്നിവിടങ്ങളിലേക്ക് മലയാളികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബിയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗള്‍ഫ് സുപരിചിതമാണെങ്കിലും, കേരളത്തില്‍ നിന്നുളള സഞ്ചാരികള്‍ക്ക് അധികം ചെലവ് വരാത്ത അബുദാബിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് നേരിട്ടറിയാന്‍ എക്‌സിബിഷന്‍ പ്രയോജനകരമാകും. മേള തിങ്കളാഴ്ച്ച അവസാനിക്കും.
കല, പാരമ്പര്യം, ഭക്ഷ്യ വിഭവങ്ങള്‍ വിനോദസഞ്ചാര മേഖലകള്‍ എന്നിവയുടെ ചെറുപതിപ്പുകളാണ്, ഗള്‍ഫ് ശൈലിയില്‍ ഒരുക്കിയിരിക്കുന്നത്. മേള പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് സഞ്ചാരികളായ മലയാളികളെയാണെന്ന് അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം ഡയറക്ടര്‍ മുബാറക് അല്‍ ന്യൂയാമി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് നിരവധി ടൂറിസ്റ്റുകള്‍ ഇപ്പോള്‍ അബുദാബിയിലെ വിനോദ, ബിസിനസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് ന്യൂയാമി വിശദീകരിച്ചു. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ കണക്കെടുത്താല്‍ പ്രതിവര്‍ഷം 11% വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കളുടെ ഹരമായ ഫെറാരി കാറിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രദര്‍ശന കേന്ദ്രത്തിലുണ്ട്. ഇതിനു പുറമെ വൈവിധ്യമേറിയ ഗള്‍ഫ് ഭക്ഷ്യ വിഭവങ്ങളും രുചിച്ചറിയാം. അബുദാബിയുടെ ചെറു പതിപ്പായ അബുദാബി വീക്ക് ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഇതിനോടകം പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച്ച പിന്നണി ഗായിക റിമി ടോമിയുടെ ഗാനമേള അരങ്ങേറും. മേളയിലേക്കുളള പ്രവേശനം പാസ് മൂലമായിരിക്കുമെന്ന് സംഘാടകരായ ഇറാ എന്റര്‍ടെയ്‌മെന്റ് പാര്‍ട്ണര്‍ വസുധ അറിയിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top