Football

കലിപ്പടക്കാത്ത ബ്ലാസ്റ്റേഴ്‌സിന് കപ്പടിക്കാന്‍ കഴിയുമോ???

കൊച്ചി: കലിപ്പടക്കണം, കപ്പടിക്കണം എന്നു പാടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ എന്നും ആവേശം കൊള്ളിക്കുന്നത്. എന്നാല്‍ കപ്പടിക്കാന്‍ പോയിട്ട് അന്തസ്സായിട്ടൊന്ന് കലിപ്പടക്കാനെങ്കിലും ഇനി ബ്ലാസ്റ്റേഴ്‌സിനാകുമോ എന്നതാണ് ആരാധകര്‍ തന്നെ ചോദിക്കുന്ന ചോദ്യം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നിരിക്കെ കൊല്‍ക്കത്തയ്‌ക്കെതിരായ സമനില ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. അവശേഷിക്കുന്ന മത്സരങ്ങളിലെ വിജയത്തിനൊപ്പം ഭാഗ്യവും തുണച്ചാലേ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിലെത്താനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.

നിര്‍ണായക മത്സരത്തില്‍ എടികെയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 2-2 സമനില നേടിയതാണ് വിനയായത്. 15 മത്സരങ്ങളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് ഇപ്പോള്‍ 21 പോയിന്റാണുള്ളത്. ഏക ആശ്വാസം ഗോവയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കു മുന്നേറാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ്. മൂന്നു മത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത്. അതില്‍ ഒരെണ്ണം ഹോം മത്സരമാണ്. വമ്പന്മാരായ ബംഗളുരുവിനോടും ചെന്നൈയിനോടും ജയിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ശ്രമകരമാകും. അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ പോലും മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാകും ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള സാധ്യതകള്‍.

അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കോച്ച് ഡേവിഡ് ജെയിംസ് അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ കളിക്കാരെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഈ മാസം പതിനേഴിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴിന്റെ അടുത്ത മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top