Home app

മാലിദ്വീപ് : ഇന്ത്യ ഇടപെട്ടാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ചൈന

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മാലിദ്വീപില്‍ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ ഇടപെട്ടാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് ചൈന. ചൈനീസ് വിദേശ കാര്യ മന്ത്രാലയം വക്താവ് ഗാങ് ച്യൂങാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവിടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പ്രശ്ന പരിഹാരത്തിനായി രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ ശ്രമിക്കണമെന്നാണ് ചൈനയുടെ നിലപാട്. അവര്‍ക്ക് സ്വതന്ത്രമായി നിലപാടെടുക്കാനും പ്രശ്നപരിഹാരം കാണാനുമാകുമെന്നുമാണ് പ്രതീക്ഷ. മാലിദ്വീപിലേത് അവരുടെ രാജ്യത്തിന്റെ പ്രശ്നമാണെന്നും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടേണ്ടെന്ന തത്ത്വമാണ് ചൈന പിന്തുടരുന്നതെന്നും ഗാങ് ച്യൂങ് പറഞ്ഞു.

പ്രശ്ന പരിഹാരത്തിന് ഇന്ത്യ ഇടപെടണമെന്ന് കഴിഞ്ഞ ദിവസം മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരുന്നു. സൈന്യത്തെ സജ്ജമാക്കി നിര്‍ത്തുന്നതടക്കമുള്ള കാര്യം ഇന്ത്യ ആലോചിച്ചിരുന്നു. അതേസമയം മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയൊഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി . ഇതുമായി ബന്ധപ്പെട്ട് ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക്് നയതന്ത്ര പ്രതിനിധികളെ അയയ്ക്കാനും തീരുമാനമായി.

രാജ്യത്ത് നിലവിലുള്ള പ്രശ്നങ്ങള്‍ സുഹൃദ് രാജ്യങ്ങളെ ധരിപ്പിക്കുന്നതിനാണ് നീക്കമെന്ന് യമീന്റെ ഓഫിസ് അറിയിച്ചു. മാലദ്വീപില്‍ ഏതെങ്കിലും രാജ്യം സൈനികമായി ഇടപെടുന്നതു പ്രശ്നം കൂടുതല്‍ വഷളാക്കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് പ്രതിനിധികളെ അയയ്ക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് മാലിദ്വീപിലെ സ്ഥിതി ഇത്രത്തോളം വഷളായത്. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് പ്രസിഡന്റ് അബ്ദുള്ള യാമിന്‍ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top