Ernakulam

മറികടക്കാനാകില്ല, ബ്ലാസ്റ്റേഴ്‌സിന്റെ കാവല്‍ ഭൂതങ്ങളെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിരീതിയില്‍ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ടീം എന്ന നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. പല മേഖലകളും കൃത്യമായി ചൂണ്ടിക്കാട്ടി വിമര്‍ശിക്കാന്‍ കഴിയുമെങ്കിലും വിമര്‍ശനത്തിനതീതമായി മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ഒരു കൂട്ടരുണ്ട് ബ്ലാസ്റ്റേഴ്‌സില്‍. നിധി കാക്കുന്ന ഭൂതത്താന്മാരെ പോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖം കാക്കുന്ന രണ്ട് പോരാളികള്‍, പോള്‍ റച്ചുബ്കയും സുഭാശിഷ് റോയ് ചൗധരിയും. ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഇവര്‍ നടത്തിയ മിന്നും സേവുകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇരുഗോള്‍കീപ്പര്‍മാരും ചേര്‍ന്ന് ആകെ 49 സേവുകളാണ് ബ്ലാസ്റ്റേഴ്‌സിനായി നടത്തിയത്. ആദ്യ കളികളില്‍ പോള്‍ റച്ചുബ്കയായിരുന്നുവെങ്കില്‍ പിന്നീട് ദൗത്യം ഏറ്റെടുത്ത സുഭാഷിശും കേരളത്തിനായി തകര്‍പ്പന്‍ സേവുകള്‍ കാഴ്ച വെച്ചു. ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ പോലും കരവലയത്തിലൊതുക്കി നിരവധി തവണയാണ് ഇരുവരും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകരായത്. റച്ചുബ്ക ഒമ്പത് മത്സരങ്ങളില്‍ നിന്നായി 24 സേവുകള്‍ നടത്തിയപ്പോള്‍ കേവലം ആറ് മത്സരങ്ങളില്‍ നിന്നാണ് സുഭാശിഷ് 25 സേവുകള്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഗോള്‍ സേവുകളുടെ വ്യക്തിഗത കണക്കെടുത്താല്‍ മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗാണ് മുന്നില്‍. 44 സേവുകളാണ് അമരീന്ദര്‍ സിംഗ് നടത്തിയത്. 39 സേവുകള്‍ നടത്തിയ സുബ്രതാ പോളും രണ്ടാമതുണ്ട്. എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ കളികളില്‍ പങ്കെടുക്കാനായതിനാലാണ് വ്യക്തിഗത മികവില്‍ മുന്നിലെത്താനായത്.

അതേസമയം ഗോള്‍കീപ്പര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ അവസരമുണ്ടാകുന്നു എന്നത് പ്രതിരോധത്തിലെ പാളിച്ചയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top